രാജ്യസഭാ സീറ്റിന് വേണ്ടി ലീഗിനെ ഞെട്ടിക്കുന്ന അവകാശി
text_fieldsമലപ്പുറം: നാല് മാസത്തിനുശേഷം സംസ്ഥാനത്തുനിന്ന് ഒഴിവ് വരുന്ന രാജ്യസഭാ സീറ്റിൽ മുസ്ലിം ലീഗിന് അ൪ഹതപ്പെട്ട ഒഴിവിലേക്ക് താൽപര്യം പ്രകടിപ്പിച്ച് പുതിയ ആൾ. ലീഗ് നേതൃത്വം തീരെ പ്രതീക്ഷിക്കാത്ത പുതിയ അവകാശിയുടെ ആഗ്രഹം നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്. ആഗ്രഹം തള്ളാനും കൊള്ളാനുമാവാത്ത അവസ്ഥയിലാണ് നേതൃത്വം. ലീഗിൻെറ ചരിത്രത്തിൽ എക്കാലത്തും പാ൪ട്ടിയുടെ ചുക്കാൻ പിടിക്കുകയും നി൪ദേശങ്ങളും ശാസനയും നൽകി സമുദായത്തിൽ നി൪ണായക സ്വാധീനം നേടിയെടുക്കുകയും ചെയ്ത ശക്തികേന്ദ്രത്തിലെ പ്രമുഖരിലൊരാൾ രാജ്യസഭയിൽ മെമ്പറാകാൻ താൽപര്യം കാണിച്ചതാണ് ലീഗ് നേതൃത്വത്തിനിടയിലെ രഹസ്യസംസാരം.
ആത്മീയ പരിവേഷമുള്ള വൃത്തത്തിൽ നിന്ന് രാഷ്ട്രീയ അധികാരത്തിലേക്ക് ചുവടുവെക്കുന്നത് വരുംകാലത്ത് ‘കീഴ്വഴക്ക’മാവുമെന്നാണ് നേതൃനിരയിലെ പലരുടെയും അഭിപ്രായം. രാഷ്ട്രീയത്തിൽ സജീവമായവരാണ് കീഴ്വഴക്കമാവുമെന്ന പ്രയോഗവുമായി ഈ ആഗ്രഹത്തിൻെറ മുനയൊടിക്കുന്നത്. അതേസമയം, ആഗ്രഹം പ്രകടിപ്പിച്ചയാൾ അതിന് തികച്ചും യോഗ്യനാണെന്ന അഭിപ്രായവും ചില കേന്ദ്രങ്ങളെങ്കിലും ഉയ൪ത്തുന്നു. രാഷ്ട്രീയത്തിനൊപ്പം സമകാലിക വിഷയങ്ങൾ കൈകാര്യം ചെയ്യാനുള്ള പ്രാഗൽഭ്യവും ലീഗിനും സമുദായത്തിനും നേരെവരുന്ന ഏത് എതി൪പ്പുകളെയും ശക്തമായി പ്രതിരോധിക്കാനുള്ള കഴിവിലും രാജ്യസഭാ താൽപര്യക്കാരൻ ഒട്ടും പിന്നിലല്ളെന്നതാണ് അനുകൂലിക്കുന്നവരുടെ വാദം. പാ൪ട്ടിയുടെ ഒട്ടുംകുറവല്ലാത്ത പദവിയിൽ ഏറെ സജീവവുമാണ് ഇദ്ദേഹം.
അടുത്ത ഏപ്രിലിൽ കേരളത്തിൽ നിന്ന് മൂന്ന് രാജ്യസഭാ അംഗങ്ങളുടെ ഒഴിവ് വരുന്നുണ്ട്. ഇതിൽ രണ്ടെണ്ണം യു.ഡി.എഫിനാണ്. ഇതിലൊരെണ്ണം ഘടകകക്ഷിയായ തങ്ങൾക്കുള്ളതാണെന്നാണ് മുസ്ലിം ലീഗിൻെറ അവകാശവാദം. ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദിന് നൽകി, അദ്ദേഹത്തെ രാജ്യസഭയിലയക്കുമെന്നതാണ് പാ൪ട്ടിയിൽ പ്രധാനമായും ഉയരുന്നത്. മുൻ രാജ്യസഭാംഗമായ പി.വി. അബ്ദുൽ വഹാബ്, ദേശീയ സെക്രട്ടറിയും എം.എൽ.എയുമായ അബ്ദുസ്സമദ് സമദാനി, ലീഗ് സംസ്ഥാന ട്രഷറ൪ പി.കെ.കെ. ബാവ എന്നിവ൪ക്ക് വേണ്ടിയും അഭിപ്രായമുയരുന്നുണ്ടെങ്കിലും കെ.പി.എ. മജീദിൻെറ പേരാണ് മുന്നിട്ട് നിൽക്കുന്നത്. ആത്മീയ പരിവേഷത്തിൽനിന്നുള്ള ഉടച്ചുവാ൪ക്കൽ രാജ്യസഭാ സീറ്റിൻെറ കാര്യത്തിൽ ഉണ്ടാകുമോ എന്നതാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്.
അതിനിടെ പ്രമുഖ പ്രവാസി മുസ്ലീം വ്യവസായിയുടെ പേരും രാജ്യസഭാ സ്ഥാനറ൪ഥിയായി ഉയരുന്നുണ്ട്. നിലവിൽ സ൪ക്കാരുമായി സഹകരിക്കുന്ന, ഇരു മുന്നണിക്കും സ്വീകാര്യനായ അദ്ദേഹത്തിന് രണ്ടാം സീറ്റ് നൽകുകയാണെങ്കിൽ യു.ഡി.എഫിന് പ്രയാസങ്ങളില്ലാതെ സീറ്റ് വിഭജനം നടത്താനാവുമെന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
