കര്‍ഷകനെ വെട്ടിക്കൊന്ന് തൊഴിലാളി ഒളിവില്‍പോയി
text_fieldsനിലമ്പൂ൪: ക൪ഷകനെ കൃഷിയിടത്തിൽ തൂമ്പ കൊണ്ട് വെട്ടിക്കൊന്ന് തൊഴിലാളി ഒളിവിൽ പോയി. ചാലിയാ൪ ഗ്രാമപഞ്ചായത്തിലെ കക്കാടംപൊയിൽ വാളാംതോട് കാഞ്ഞിരത്താൻ കുഴിയിൽ സുരേഷാണ് (44) കൊല്ലപ്പെട്ടത്. സുരേഷിൻെറ വാഴത്തോട്ടത്തിലെ ജോലിക്കാരനായ പാലക്കാട് സ്വദേശി കണ്ണനാണ് ഒളിവിൽ പോയത്.
ശനിയാഴ്ച രാത്രിയാണ് സംഭവമെന്ന് കരുതുന്നു. കൊലപാതകവിവരം കണ്ണൻ തന്നെയാണ് സുരേഷിൻെറ വീട്ടുകാരെയും നാട്ടുകാരെയും ഞായറാഴ്ച മൊബൈൽഫോണിൽ അറിയിച്ചത്. കാരണമെന്താണെന്ന് വ്യക്തമല്ല. സുരേഷ് വാളാംതോട്ടിൽ ഭൂമി പാട്ടത്തിനെടുത്ത് നേന്ത്രവാഴ കൃഷി ചെയ്യുകയാണ്. കണ്ണൻ മൂന്ന് വ൪ഷമായി വാഴത്തോട്ടത്തിൽ കൂലിപ്പണിക്കാരനാണ്. വീടിന് അര കിലോമീറ്റ൪ അകലെയുള്ള കൃഷിയിടത്തിലെ താൽക്കാലിക ഷെഡിലാണ് ഇരുവരും ഉറങ്ങാറ്. ഇവിടെവെച്ചാണ് കൊലപാതകം നടന്നതെന്നാണ് കരുതുന്നത്. മൃതദേഹം വലിച്ചുകൊണ്ടുപോയ അടയാളങ്ങളുണ്ട്. തലയിലും മുഖത്തും കാലിലും ആഴത്തിൽ മുറിവുകളുണ്ട്.
രാവിലെ തിരുവമ്പാടിയിലേക്കുള്ള ബസിൽ കണ്ണൻ പോകുന്നത് കണ്ടവരുണ്ട്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജാശുപത്രിയിലേക്ക് മാറ്റി. പരേതനായ തോമസാണ് സുരേഷിൻെറ പിതാവ്. മാതാവ്: മറിയക്കുട്ടി. മക്കൾ: സോണിയ, ജോഫി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
