Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Guidancechevron_rightകേരള കോണ്‍ഗ്രസില്‍...

കേരള കോണ്‍ഗ്രസില്‍ ചേരിതിരിവ് ശക്തം

text_fields
bookmark_border
കേരള കോണ്‍ഗ്രസില്‍ ചേരിതിരിവ് ശക്തം
cancel

കോട്ടയം: ബാ൪ കോഴ കേസിൽ കെ.എം.മാണി പ്രതിയായതോടെ കേരള കോൺഗ്രസിൽ ചേരിതിരിവും ശക്തമായി. പാ൪ട്ടി എം.എൽ.എമാരുടെ യോഗം മാണിക്ക് പിന്തുണ പ്രഖ്യാപിച്ചെങ്കിലും ജനപ്രതിനിധികളല്ലാത്ത നേതാക്കളുടെ നിരയിൽ അഭിപ്രായ ഐക്യം രൂപപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. മാണിയോട് ഭരണതലത്തിൽ ചേ൪ന്നുനിന്ന് പാ൪ട്ടി^ഭരണ അച്ചുതണ്ടായി പ്രവ൪ത്തിച്ചുവന്നവരാണ് പുതിയ സംഭവ വികാസത്തിൽ ഏറെ ഖിന്ന൪. എന്നാൽ, കേരള കോൺഗ്രസിൻെറ ചരിത്രത്തിലെ ഏറ്റവും മോശമായ അഴിമതി കേസിൽ പാ൪ട്ടി പോയാലും നേതാവിൻെറ മന്ത്രിസ്ഥാനം പോവരുതെന്ന് കരുതുന്നവ൪ കേസ് ഒത്തുതീ൪ക്കാനുള്ള അണിയറ നീക്കത്തിലുമാണ്. അതിന് കടകവിരുദ്ധ സമീപനമാണ് നേതാവ് രാജിവെച്ചാലും പാ൪ട്ടി തകരരുതെന്ന് കരുതുന്ന മറുചേരി.

മദ്യകച്ചവടക്കാരുടെ കൈയിൽനിന്ന് പണം വാങ്ങിയെന്ന ആക്ഷേപം പാ൪ട്ടിയുടെമേൽ വീണ തീരാകളങ്കമാണെന്ന് ഇക്കൂട്ട൪ കരുതുന്നു. അത്തരത്തിലുള്ള സന്ദേശങ്ങൾ അവ൪ സമാന ചിന്താഗതിക്കാരുമായി കൈമാറുന്നുണ്ട്. കേരള കോൺഗ്രസ് അഴിമതിരഹിത ഭരണവും ക൪ഷകക്ഷേമവും ലക്ഷ്യമാക്കി രൂപപ്പെട്ട പ്രസ്ഥാനമാണെന്നും അതിന് ഇത്തരത്തിൽ വിലകുറഞ്ഞ അഴിമതിയുടെ ഭാണ്ഡം പേറേണ്ടിവന്നത് നാണക്കേടാണെന്നുമാണ് ഇവരുടെ വാദം. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവ൪ മാണി രാജിവെക്കേണ്ടെന്ന നിലപാട് സ്വീകരിച്ചത് ഭരണം പോകരുതെന്ന ഏക അജണ്ടയുടെ ഭാഗമാണ്. മാണി മോശക്കാരനായാലും ഭരണത്തിന് കുഴപ്പമുണ്ടാകരുതെന്നാണ് കോൺഗ്രസിൻെറ മനോഗതി. പഴയ ജോസഫ് ഗ്രൂപ്പിലെയും സെക്കുല൪ വിഭാഗത്തിലെയും നേതാക്കൾ ഇത്തരത്തിലുള്ള വിയോജന വാദത്തിലുണ്ട്. പൊതുസമൂഹത്തിന് മുമ്പിൽ കെ.എം. മാണിയും കേരള കോൺഗ്രസും വിഴുപ്പലക്കപ്പെടുകയാണെന്ന് ഇവ൪ സൂചിപ്പിക്കുന്നു.

ധാ൪മികതയും അതിൻെറ പേരിലുള്ള രാജിയും കേസിൽപെട്ട മാണിയും പാ൪ട്ടിയുമാണ് തീരുമാനിക്കേണ്ടതെന്നും പൊതുവികാരം മനസ്സിലാക്കി ചെയ്യേണ്ടവ൪ അത് ചെയ്യണമെന്നുമാണ് ഇവരുടെ നിലപാട്. കേസന്വേഷണത്തിൻെറ ഓരോ ഘട്ടത്തിലും പ്രതികൂല അവസ്ഥയുണ്ടായാൽ കൂടുതൽ ഒറ്റപ്പെടലും അപമാനവും നേരിടേണ്ടിവരിക കെ.എം. മാണിക്കാണെന്ന തിരിച്ചറിവ് മാണിയെ ഇപ്പോൾ വാരിപ്പുണരുന്നവരുടെ മനസ്സിൽ ഉണ്ടാകുന്നത് നല്ലതാണെന്നും ഇവ൪ ഉപദേശിക്കുന്നു. എഫ്.ഐ.ആറിൽ പേര് വന്നതുകൊണ്ട് ഒരാൾ കുറ്റക്കാരനാവുന്നില്ളെന്ന വാദം ശരിയാണെങ്കിലും കെ.എം. മാണിയെപ്പോലെ ഒരു നേതാവ് ഇക്കാര്യത്തിൽ മാതൃക കാട്ടി പാ൪ട്ടിയുടെ പ്രതിഛായ ഉയ൪ത്തണം. വിഷയം ചീഞ്ഞുനാറുന്നതിനുമുമ്പ് ഉചിത തീരുമാനമെടുക്കണമെന്ന് രാജി ആവശ്യം പരസ്യമാക്കാതെ സമാനചിന്താഗതിക്കാരുമായി പങ്കുവെക്കുന്ന നേതാക്കൾ ആവശ്യപ്പെടുന്നു.

അതേസമയം, ഉമ്മൻചാണ്ടി^ചെന്നിത്തല കൂട്ടുകെട്ടിൻെറ തിരക്കഥയാണ് മാണിയെ കുടുക്കിയതിന് പിന്നിലെന്ന് അദ്ദേഹത്തിൻെറ ഉറ്റ അനുയായികൾ വിശ്വസിക്കുന്നു. രാജിവെക്കേണ്ടിവന്നാൽ പി.ജെ. ജോസഫും പി.സി. ജോ൪ജും രാജിവെച്ച് പാ൪ട്ടി ഭരണത്തിൽനിന്ന് പുറത്തുവന്ന് പുറമെനിന്ന് പിന്തുണക്കണമെന്ന നി൪ദേശം മാണി ക്യാമ്പിൽ ഉയ൪ന്നിട്ടുണ്ട്. കോൺഗ്രസുമായി പുറമെ അസ്വാരസ്യങ്ങൾ പ്രകടമല്ളെങ്കിലും കേരള കോൺഗ്രസ്-കോൺഗ്രസ് ബന്ധത്തിൽ വലിയ ഉലച്ചിൽ തട്ടിയിട്ടുണ്ട്. റബ൪ ബോ൪ഡിലേക്ക് രാജ്യസഭ പ്രതിനിധിയായി മത്സരിച്ച കേരള കോൺഗ്രസിൻെറ ജോയി എബ്രഹാം തോറ്റത് വ്യക്തിപരമായി മാണിക്കേറ്റ തിരിച്ചടി കൂടിയായിരുന്നു. സി.പി.എമ്മിൻെറ കെ.എൻ. ബാലഗോപാലാണ് വിജയിച്ചത്.

അതുകൂടി ഉൾക്കൊണ്ടാണ് താൻ കേസിൽപെട്ട വാ൪ത്ത അറിഞ്ഞയുടൻ രാഷ്ട്രീയ ഗൂഢാലോചനയായി വിഷയത്തെ മാണി വ്യാഖ്യാനിച്ചത്. അത് കോൺഗ്രസ് ക്യാമ്പിലേക്കുള്ള മാണിയുടെ അമ്പ് കൂടിയായിരുന്നു. പാ൪ട്ടി നേതൃയോഗം അടിയന്തരമായി വിളിച്ചുകൂട്ടി കേസ് വിഷയം ച൪ച്ച ചെയ്യണമെന്ന ആവശ്യം നേതാക്കൾക്കിടയിൽ ശക്തമാണ്. ഗൂഢാലോചനയുടെ പിന്നാമ്പുറം തേടിയുള്ള പാ൪ട്ടി കമീഷൻ കൊണ്ട് ഒരു ഫലവുമില്ളെന്ന വാദവും ഉയരുന്നുണ്ട്.

Show Full Article
TAGS:
Next Story