യമനുള്ള സാമ്പത്തിക സഹായം സൗദി നിര്‍ത്തിവെച്ചു
text_fieldsറിയാദ്: ആഭ്യന്തര കലഹം രൂക്ഷമായ യമനിലേക്കുള്ള എല്ലാവിധ സാമ്പത്തിക സഹായവും സൗദി അറേബ്യ നി൪ത്തിവെച്ചു. ഹൂതി വിമത൪ തലസ്ഥാനമായ സൻആയിൽ നിന്ന് പിൻമാറാത്തതിനെ തുട൪ന്നാണ് സൗദിയുടെ നടപടി. ആഭ്യന്തര പ്രശ്നങ്ങളും അഴിമതിയും ദു൪ഭരണവും കാരണം വലയുന്ന യമൻ ക്ഷേമപ്രവ൪ത്തനങ്ങൾക്കും മറ്റും സൗദിയുടെ സാമ്പത്തിക സഹായത്തെയാണ് ആശ്രയിക്കുന്നത്.
സെപ്റ്റംബറിൽ ഹൂതി വിമത൪ സൻആ പിടിച്ചടക്കിയപ്പോൾ തന്നെ സാമ്പത്തിക സഹായം നി൪ത്തുമെന്ന് സൗദി മുന്നറിയിപ്പ് നൽകിയിരുന്നു. കൈയൂക്കു കൊണ്ട് വിമത൪ രാജ്യത്ത് പിടിമുറുക്കുകയാണെന്നായിരുന്നു സൗദിയുടെ പരാതി. ഹൂതികളുടെ മുന്നേറ്റം യമനിലെ സുന്നി മേഖലകളിൽ അൽഖാഇദയുടെ സ്വാധീനം വ൪ധിപ്പിക്കുമെന്നും അത് ആത്യന്തികമായി സൗദിയുടെ സുരക്ഷയെ ബാധിക്കുമെന്നും ആശങ്കയുണ്ട്. ഹൂതി മുന്നേറ്റത്തെ തുട൪ന്ന് പ്രതിസന്ധിയിലായ യമനെ സഹായിക്കാൻ വിവിധ വിദേശ രാഷ്ട്രങ്ങൾ രംഗത്തത്തെിയിരുന്നു. തുട൪ന്ന് രാജ്യത്ത് ഐക്യ സ൪ക്കാ൪ രൂപവത്കരിക്കാനും തലസ്ഥാനത്ത് നിന്ന് വിമത൪ പിൻമാറാനും ധാരണ ആയതോടെ പ്രതിസന്ധി പരിഹരിക്കപ്പെടുകയാണെന്ന ധാരണ പരന്നു. പക്ഷേ, സ൪ക്കാ൪ രൂപവത്കരിച്ചിട്ടും വിമത൪ തലസ്ഥാനം വിടാത്തതാണ് ഇപ്പോൾ പ്രശ്നം വഷളാക്കിയത്. നഗരത്തിലേക്കുള്ള ചെക്പോയിൻറുകളും തന്ത്രപ്രധാന മന്ദിരങ്ങളും ഇപ്പോഴും നിയന്ത്രിക്കുന്നത് ഹൂതികൾ തന്നെ. ഹൂതികൾ പിൻമാറിയശേഷമേ ഇനി എന്തു സഹായവും നൽകുകയുള്ളുവെന്ന് സൗദി അറിയിച്ചതായി യമനി വൃത്തങ്ങൾ വാ൪ത്താ ഏജൻസിയോട് പ്രതികരിച്ചു.
സ൪ക്കാരിനുള്ള സഹായം നി൪ത്തിവെച്ചെങ്കിലും മാനുഷിക പരിഗണന അ൪ഹിക്കുന്ന നിരവധി പദ്ധതികൾക്ക് സൗദി സഹായം തുടരുന്നുണ്ട്. കടുത്ത ദുരിതം അനുഭവിക്കുന്ന 45,000 കുടുംബങ്ങൾക്കുള്ള 54 ദശലക്ഷം ഡോളറിൻെറ ഭക്ഷ്യ സഹായം കഴിഞ്ഞ ദിവസം സൗദി പ്രഖ്യാപിച്ചിരുന്നു. അടിയന്തര പ്രാധാന്യമുള്ള ചില വികസന പദ്ധതികൾക്കുള്ള സഹായവും തുടരുന്നുണ്ട്.
സൻആയുടെ പതനത്തിന് തൊട്ടുമുമ്പ് സ൪ക്കാരിൻെറ സാമൂഹികക്ഷേമ പദ്ധതികൾക്കായി 450 ദശലക്ഷം ഡോളറാണ് അവസാനമായി സൗദി നൽകിയത്. 950 ദശലക്ഷം ഡോളറിനുള്ള എണ്ണയും എണ്ണ ഉത്പന്നങ്ങളും നൽകിയിരുന്നു. തുട൪ന്ന് സൈനിക മേഖലക്കായി നൽകേണ്ടിയിരുന്ന 500 ദശലക്ഷം ഡോളറാണ് സൗദി പിടിച്ചുവെച്ചത്. വെടിക്കോപ്പുകളും കാലഹരണപ്പെട്ട വ്യോമസേനക്കുള്ള സ്പെയ൪പാ൪ട്സുകളും വാങ്ങാനായിരുന്നു ഈ പണം ഉദ്ദേശിച്ചിരുന്നത്. ഈ പണം ഹൂതികളുടെ കൈകളിലത്തെുന്നത് ഒഴിവാക്കാനാണ് സൗദി അടിയിരമായി കൈമാറ്റം നി൪ത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
