ചുംബന സമരം അക്രമാസക്തം
text_fieldsകോഴിക്കോട്: കിസ് ഓഫ് ലവ് പ്രവ൪ത്തക൪ കോഴിക്കോട്ട് നടത്തിയ ചുംബന സമരം അക്രമാസക്തമായി. ചുംബന സമരക്കാ൪ക്കും തടയാനത്തെിയവ൪ക്കും നേരെ പൊലീസ് ലാത്തിച്ചാ൪ജ് നടത്തി. പൊലീസ് വിലക്ക് മറികടന്ന് സമരം നടത്തിയ നൂറോളം പേരെ അറസ്റ്റ് ചെയ്തു.
സമരവേദിയായ പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് നിരോധാജ്ഞ പ്രഖ്യാപിച്ചാണ് പൊലീസ് നേരിട്ടത്. എന്നാൽ, നിരോധാജ്ഞ ലംഘിച്ച് സമരക്കാ൪ ബസ്സ്റ്റാൻഡിലത്തെി.
അറസ്റ്റിലായവ൪ പൊലീസ് സ്റ്റേഷനിലും സമരവും പ്രതിഷേധവും തുട൪ന്നു. വനിതാ പൊലീസിനെ മുഖത്തടിച്ച സമരക്കാരിയെ ഒൗദ്യോഗികകൃത്യം തടസ്സപ്പെടുത്തിയതിനും പൊലീസിനെ കൈയേറ്റം ചെയ്തതിനും കേസെടുത്ത് അറസ്റ്റ് ചെയ്തു. സമരാനുകൂലികളും എതി൪ക്കുന്നവരും പൊലീസും തമ്മിൽ പലതവണ ഏറ്റുമുട്ടി. കിസ് ഓഫ് ലവ് 2.0 മലബാ൪ എന്ന പേരിൽ ഫേസ് ബുക് പ്രചാരണത്തിലൂടെ സംഘടിച്ചത്തെിയ ഇരുനൂറോളം പേരാണ് നഗരഹൃദയത്തിൽ സമരത്തിന് എത്തിയത്. സമരക്കാ൪ ഒരുഭാഗത്തും ഹനുമാൻ സേന, ശിവസേന തുടങ്ങിയ എതിരാളികൾ മറുവശത്തും കാണാൻ എത്തിയവരും കൂടിയായതോടെ നഗരം മൂന്ന് മണിക്കൂറോളം സംഘ൪ഷ ഭൂമിയായി.
പല തവണ പൊലീസ് നടത്തിയ ലാത്തിച്ചാ൪ജിൽ സമരം നടക്കുന്നതുപോലും അറിയാതെ വിവിധ ഭാഗങ്ങളിൽനിന്ന് എത്തിയ സ്ത്രീകളും കുട്ടികളും അടക്കമുള്ളവ൪ക്ക് വീണ് പരിക്കേറ്റു. ഞായറാഴ്ച വൈകീട്ട് മൂന്നരക്ക് തുടങ്ങുമെന്ന് നിശ്ചയിച്ച സമരം നിരോധാജ്ഞ പ്രഖ്യാപിച്ചതോടെ രണ്ടരക്ക് തുടങ്ങി. വൈകിട്ട് നാലര വരെ ബസ്സ്റ്റാൻഡ് പരിസരത്ത് തുട൪ന്ന സമരം പിന്നീട് മിഠായിത്തെരുവിലേക്കും വ്യാപിച്ചു. ചുംബന സമര അനുകൂലികളായ 54 പുരുഷന്മാരും 19 സ്ത്രീകളും ഉൾപ്പെടെ 73 അനുകൂലികളെയും സമരവിരുദ്ധരായ ഒരു സ്ത്രീ അടക്കം 24 ശിവസേന, ഹനുമാൻസേന പ്രവ൪ത്തകരെയുമാണ് അറസ്റ്റ് ചെയ്തത്.
ഉച്ചക്ക് രണ്ടരയോടെ ജാഫ൪ഖാൻ കോളനി പരിസരത്തുനിന്ന് അമ്പതോളം കിസ് ഓഫ് ലവ് പ്രവ൪ത്തക൪ പ്രകടനവുമായി എത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. ചുംബിക്കും... ചുംബിക്കും എന്ന മുദ്രാവാക്യമുയ൪ത്തി എത്തിയ സംഘം പുതിയ ബസ്സ്റ്റാൻഡിൽ എത്തിയപ്പോൾ പൊലീസ് തടഞ്ഞു. തുട൪ന്ന് കിസ് ഓഫ് ലവ് പ്രവ൪ത്തകരായ എച്ച്. ഷഫീക്ക്, ദിവ്യ, ഷാൻഡി, രാഹുൽ പശുപാലൻ, രശ്മി നായ൪ തുടങ്ങിയവരടങ്ങുന്നവ൪ ചുംബിക്കവെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതിനിടെ, രാജാജി റോഡ് വഴി ഭക്തവത്സലൻ, വാസുദേവൻ, സന്തോഷ്, രാധ തുടങ്ങിയവരുടെ നേതൃത്വത്തിൽ എത്തിയ പത്തോളം വരുന്ന ഹനുമാൻ സേന, ശിവസേന പ്രവ൪ത്തകരെയും അറസ്റ്റ് ചെയ്തു. തൊട്ടുടനെ പുതിയ ബസ്സ്റ്റാൻഡിൽ പ്രകടനവുമായത്തെിയ 15ഓളം ചുംബനക്കാരെയും അറസ്റ്റ് ചെയ്തു.
സംവിധായകൻ ജയൻ ചെറിയാൻ, തെഹൽക ലേഖകൻ ബൈജുജോൺ എന്നിവരും അറസ്റ്റിലായവരിൽ പെടും. ചുംബന സമരത്തിന് ഐക്യദാ൪ഢ്യം പ്രകടിപ്പിച്ച തിരക്കഥാ കൃത്ത് ദീദി ദാമോദരനും ഭ൪ത്താവ് പ്രേംചന്ദിനും ശിവസേനക്കാരുടെ മ൪ദനമേറ്റു.
അറസ്റ്റ് ചെയ്ത സമരക്കാരെ രാത്രി 7 മണിയോടെയാണ് പൊലീസ് വിട്ടയച്ചത്. ക്രിമിനലുകളോട് പെരുമാറുന്ന രീതിയിലാണ് പൊലീസ് പെരുമാറിയതെന്ന് സമരക്കാ൪ ആരോപിച്ചു. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രവ൪ത്തക൪ കമ്മീഷണ൪ ഓഫീസിലേക്ക് മാ൪ച്ച് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
