നാവികസേന വിഷ്ണുവിനെ കാത്തിരിക്കുന്നു; ആഴക്കടലില്‍ മുങ്ങാത്ത പ്രതീക്ഷകളുമായി
text_fieldsകൊച്ചി: കൊച്ചി നാവികസേനാ ആസ്ഥാനത്തുനിന്ന് പുറപ്പെടുന്ന ഓരോ നൗകക്കും കഴിഞ്ഞ രണ്ടുമാസമായി ഒരു പ്രത്യേക ദൗത്യം കൂടിയുണ്ട്; ഒരു രക്ഷാദൗത്യത്തിനിടെ കായലിൽ അപ്രത്യക്ഷനായ തങ്ങളുടെ സഹപ്രവ൪ത്തകൻെറ എന്തെങ്കിലും സൂചനകൾ കാണുന്നുണ്ടോ എന്ന നിരീക്ഷണം. കായലിൽ ചാടിയ അമ്മയെയും കുഞ്ഞിനെയും രക്ഷിക്കുന്നതിനിടെ ഒക്ടോബ൪ മൂന്നിന് കായലിൻെറ ആഴത്തിലേക്ക് അപ്രത്യക്ഷനായ നാവികൻ വിഷ്ണു പി. ഉണ്ണിക്കായുള്ള തിരച്ചിൽ നാവികസേന ഇനിയും അവസാനിപ്പിച്ചിട്ടില്ല. വിഷ്ണു അപ്രത്യക്ഷനായി രണ്ടുമാസം കഴിഞ്ഞിട്ടും തങ്ങളുടെ സഹപ്രവ൪ത്തകൻ മരിച്ചെന്ന് വിശ്വസിക്കാൻ കൊച്ചിയിലെ നാവിക സേനാംഗങ്ങൾക്കായിട്ടില്ല. ചട്ടങ്ങൾ അതിന് അനുവദിക്കുന്നുമില്ല.
എന്നിരിക്കിലും വ്യാഴാഴ്ച നടക്കുന്ന നാവികസേനാദിനത്തിൽ നിറഞ്ഞുനിൽക്കുക വിഷ്ണുവിൻെറ ഓ൪മകൾതന്നെയാകും. മരണം സ്ഥിരീകരിക്കാത്തതിനാൽ ഒൗദ്യോഗികമായി അനുസ്മരണ ചടങ്ങുകൾ സംഘടിപ്പിക്കാനാവില്ല. എങ്കിലും കായലിൽ മുങ്ങിത്താഴ്ന്ന അമ്മയെയും കുഞ്ഞിനെയും രക്ഷിക്കാൻ ഡ്യൂട്ടിയിൽ അല്ലാതിരുന്നിട്ടുപോലും സ്വന്തം ജീവിതം മറന്നും കായലിൽ എടുത്തുചാടിയ വിഷ്ണുവിൻെറ ധീരതക്കുള്ള അംഗീകാരമായി ശൗര്യചക്ര അനുവദിക്കണമെന്ന് നാവികസേന ബുധനാഴ്ച ശിപാ൪ശ നൽകിയിട്ടുമുണ്ട്. മാത്രമല്ല, വ്യാഴാഴ്ച നടക്കുന്ന നാവികസേനാ ദിനാഘോഷ ചടങ്ങിൽ പങ്കെടുക്കാൻ വിഷ്ണുവിൻെറ പിതാവ് പി. ഉണ്ണിയെ പ്രത്യേകം ക്ഷണിച്ചിട്ടുമുണ്ട്.
വിഷ്ണുവിനെ കാണാതായി രണ്ടുമാസം കഴിഞ്ഞിട്ടും മരണം സ്ഥിരീകരിക്കാൻ സാധ്യമായിട്ടില്ല. ചട്ടങ്ങൾ അനുസരിച്ച്, ഒന്നുകിൽ നാവികൻെറ മൃതദേഹം കിട്ടണം, അല്ളെങ്കിൽ നാവികസേനാ ആസ്ഥാനത്തെ അന്വേഷണബോ൪ഡ് മുഴുവൻ കാര്യങ്ങളും പരിശോധിച്ച് നാവികൻെറ മരണം ഉറപ്പിച്ച് പ്രഖ്യാപനം നടത്തണം. ഇത്തരം പ്രഖ്യാപനത്തിന് വിഷ്ണുവിനെ കാണാതായത് സംബന്ധിച്ച വിശദാംശങ്ങൾ നാവികസേനാ ബോ൪ഡ് ഓഫ് എൻക്വയറിക്ക് അയച്ചിരിക്കുകയാണ്. അവരുടെ പ്രഖ്യാപനം വന്നശേഷമേ മരണാനന്തര ആനുകൂല്യങ്ങളും മറ്റും വീട്ടുകാ൪ക്ക് അനുവദിക്കാനാവൂ.
താൻ ഒരു സൈനികനാണെന്നും ജോലിസമയത്തിൻെറ ക്ളിപ്തതയൊന്നും സൈനികൻെറ ക൪മനി൪വഹണത്തിന് തടസ്സമാകരുതെന്നുമുള്ള ആത്മാ൪ഥതാ ബോധമാണ് ഒര൪ഥത്തിൽ വിഷ്ണുവിനെ മരണത്തിലേക്ക് നയിച്ചതും. ഒക്ടോബ൪ മൂന്നിന് വിജയദശമിദിന അവധിക്ക് സഹപ്രവ൪ത്തകൻ അരുൺകൃഷ്ണനുമായി ബൈക്കിൽ എറണാകുളം നഗരത്തിലേക്ക് പോകവെയാണ് യുവതി പാലത്തിൽനിന്ന് കുട്ടിയെ കായലിൽ എറിഞ്ഞശേഷം ചാടുന്നത് കണ്ടത്. ഉടൻ ഷ൪ട്ട് ഊരി സുഹൃത്തിനെ ഏൽപിച്ചശേഷം വിഷ്ണുവും കായലിൽ ചാടുകയായിരുന്നു.
നീന്തൽവിദഗ്ധൻകൂടിയായ വിഷ്ണു ശക്തമായ അടിയൊഴുക്ക് അതിജീവിച്ച് യുവതിയെ രക്ഷപ്പെടുത്തി ബോട്ടിൽ കയറ്റി. ഇതിനിടെ തള൪ന്ന വിഷ്ണു കായലിൻെറ അടിത്തട്ടിലേക്ക് മുങ്ങിത്താഴുകയായിരുന്നു. നാവികസേനയും കോസ്റ്റ്ഗാ൪ഡും കോസ്റ്റൽ പൊലീസുമടക്കമുള്ളവ൪ ദിവസങ്ങളോളം കായലിലും കടലിലും തിരച്ചിൽ നടത്തി. കൊച്ചി കായലിലെ അടിയൊഴുക്ക് ചെന്നത്തെുന്നത് ആഴക്കടലിലാണ്. അതുകൊണ്ട് നാവികസേന കടലിൽ 18 നോട്ടിക്കൽ മൈൽവരെ തിരച്ചിൽ നടത്തി. നിരാശയായിരുന്നു ഫലം.
23 കാരനായ പാലക്കാട് തൃത്താല പണ്ടാരകുന്നിൽ പട്ടിക്കരവളപ്പിൽ വിമുക്ത ഭടനായ ഉണ്ണി- പ്രദായിനി ദമ്പതികളുടെ മകനാണ് വിഷ്ണു. നാവികസേനാ കപ്പലായ ഐ.എൻ.എസ് ശാരദയിൽ നാവികനായിരുന്നു. തിരച്ചിൽ നടക്കുന്ന ആദ്യദിവസങ്ങളിൽ, വിഷ്ണുവിൻെറ പിതാവും വിമുക്ത ഭടനുമായ പി. ഉണ്ണിയും ബന്ധുക്കളും ഐ.എൻ.എസ് ശാരദയിൽ മകൻെറ വിവരങ്ങളറിയാൻ ആകാംക്ഷയോടെ കാത്തിരുന്നിരുന്നു. പിന്നീട് ഇവ൪ നിരാശയോടെ മടങ്ങുകയായിരുന്നു. വിഷ്ണുവിൻെറ ഓ൪മകളുടെ വേദനകളും ഒപ്പം എന്തെങ്കിലും വിവരം ലഭിക്കുമെന്ന പ്രതീക്ഷകളും പേറി വ്യാഴാഴ്ച ഇവ൪ വീണ്ടും കൊച്ചിയിലെ നാവികസേനാ ആസ്ഥാനത്തത്തെും; വിഷ്ണുവിനോടുള്ള സഹപ്രവ൪ത്തകരുടെ സ്നേഹത്തിന് സാക്ഷികളാകാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
