കൃഷ്ണപിള്ളയെ കടിച്ച പാമ്പ് ആര്?
text_fieldsആദ്യമേ പറയാം. ഈ തലക്കെട്ട് മൗലികമല്ല. പക൪പ്പാണ്. അസ്സലിൻെറ കാര്യത്തിലേക്കു വരാം. അതിനുമുമ്പ് ഒരു കഥ പറയാനുണ്ട്. ചിലകാര്യങ്ങൾ അങ്ങനെയാണ്. കഥപറഞ്ഞാലേ കാര്യം വ്യക്തമാകൂ. ഇവിടെ കാര്യമെന്നു പറഞ്ഞാൽ സഖാവ് പി. കൃഷ്ണപിള്ളയുടെ കാര്യം. ദൈവമുണ്ടെന്ന് കൃഷ്ണപിള്ള വിശ്വസിച്ചിട്ടില്ല. അദ്ദേഹം നാസ്തികനായിരുന്നു. ആത്മാവുണ്ടെന്ന് വിശ്വസിച്ചിരിക്കില്ല. അദ്ദേഹം ഭൗതികവാദിയായിരുന്നു. എന്നാലും സഖാവ് പി. കൃഷ്ണപിള്ളയുടെ ആത്മാവ് ഇപ്പോൾ വിധിയിൽ വിശ്വസിക്കുന്നുണ്ടാവും. വിധി അങ്ങനെയാണ്. അതിനെ തടുക്കാനാവില്ല. വരാനുള്ളത് വഴിയിൽ തങ്ങില്ല. വഴിയിൽ തടയാൻ പാ൪ട്ടിക്കുമാവില്ല. ദൃഷ്ടാന്തം വേണമെന്നുള്ളവ൪ക്കായി ആ കഥ പറയാം.
പണ്ടുപണ്ടേയുള്ള ഒരു നാടോടിക്കഥയാണ്. പണ്ട്, എന്നുവെച്ചാൽ കമ്യൂണിസവും ഭൗതികവാദവുമൊക്കെ തുടങ്ങുന്നതിനു മുമ്പ്. ഒരാൾ കടപ്പുറത്തുകൂടെ നടക്കുകയായിരുന്നു. ജീവിതത്തെക്കുറിച്ച്, അതിൻെറ ആദ്യത്തെയോ അന്ത്യത്തെയോ കുറിച്ച് ചിന്തിച്ചുകൊണ്ടോ ചിന്തിക്കാതെയോ അങ്ങനെ നടക്കുന്നതിനിടയിൽ കാലിൽ എന്തോ തടഞ്ഞു. എടുത്തുനോക്കിയപ്പോൾ ഒരു തലയോട്ടി. കൗതുകം കാരണം അതെടുത്ത് തുടച്ചുവൃത്തിയാക്കി അതിന്മേലുള്ള വരകളും കലകളുമെല്ലാം നിരീക്ഷിക്കാൻ തുടങ്ങി. അപ്പോഴാണ് അതിന്മേലുള്ള എഴുത്ത് കണ്ണിൽപെട്ടത്. നാലുവരി. തലയിലെഴുത്ത്:
‘ജന്മപ്രകൃതി ദാരിദ്ര്യം
ദശവ൪ഷാണി ബന്ധനം
സമുദ്രതീരേ മരണം
കിഞ്ഛിൽശേഷം ഭവിഷ്യതി’
‘ജന്മനാ ദരിദ്രനായിരുന്നു. 10 വ൪ഷം തടവിൽ കിടന്നു. കടൽക്കരയിൽ മരിച്ചുവീണു. ഇനിയും അനുഭവിക്കാൻ കിടക്കുന്നു’ വായിച്ചയാളുടെ കൗതുകം ജിജ്ഞാസയായി മാറി. ഇനിയും അനുഭവിക്കാനോ? അതെന്ത് എന്നറിയാൻ താൽപര്യമായി. അയാൾ തലയോട്ടി വീട്ടിലേക്കെടുത്തു. അത് തൻെറ വസ്ത്രങ്ങളും മറ്റും സൂക്ഷിക്കുന്ന മഞ്ചയിൽ വെച്ചു. പിന്നീട് വായനയും അന്വേഷണവുമെല്ലാം വിധിയെപ്പറ്റിയായി. എന്നും വീട്ടിൽനിന്ന് ഇറങ്ങുംമുമ്പ് തലയോട്ടിയെടുത്ത് നോക്കും. വൈകുന്നേരവും അതെടുത്ത് പരിശോധിക്കും. കാണുന്ന വിദ്വാന്മാരോടൊക്കെ വിധിയെപ്പറ്റി ച൪ച്ചചെയ്യും. അങ്ങനെയിരിക്കെ ഒരുദിവസം വന്നുനോക്കിയപ്പോൾ തലയോട്ടി കാണാനില്ല. ഭാര്യയോടു ചോദിച്ചപ്പോൾ, അങ്ങനെയൊന്നു കണ്ടിട്ടേയില്ല എന്നായി അവ൪. ഭാര്യയുടെ ദാസിയെ ചോദ്യം ചെയ്തു. തലയോട്ടിക്ക് എന്താണു സംഭവിച്ചതെന്ന് അവ൪ പറഞ്ഞു. ഭ൪ത്താവ് തലയോട്ടി കൊണ്ടുവന്നു സൂക്ഷിച്ചുവെച്ചതും രാവിലെയും വൈകുന്നേരവും എടുത്തുനോക്കുന്നതും ഭാര്യയെ സംശയാലുവാക്കി, ഭ൪ത്താവിൻെറ പഴയ കാമുകിയുടെ തലയോട്ടിയാണ് അത് എന്ന് ഭാര്യ വിശ്വസിച്ചു. ഭ൪ത്താവിന് മരിച്ചുപോയ പഴയ കാമുകിയോട് ഇപ്പോഴും കലശലായ പ്രണയമാണെന്ന് ഭാര്യ കരുതി. ആഹ!, എന്നാൽ അതു തീ൪ത്തുകൊടുക്കാം എന്നായി അവ൪. ദേഷ്യം മൂത്തപ്പോൾ ഭാര്യ തലയോട്ടി ഉരലിലിട്ട് ഉലക്കകൊണ്ട് ഇടിച്ചുപൊടിയാക്കി. പൊടി ചട്ടിയിലിട്ടു വറുത്തു. കറിവെച്ചപ്പോൾ മസാലയിൽ ചേ൪ത്ത് ആ കറി ഭ൪ത്താവിനു വിളമ്പിക്കൊടുത്തു. നടന്നതെല്ലാം ഭാര്യയുടെ ദാസി വിശദീകരിച്ചപ്പോൾ അയാൾക്ക് മനസ്സിലായി, ആ തലയോട്ടിക്ക്, അതിനുകീഴെ ജീവിച്ച ശരീരത്തിന്, അതിൽ വസിച്ച ആത്മാവിന് പിന്നെയും അനുഭവിക്കാനുണ്ടായിരുന്നത് എന്തൊക്കെയാണെന്ന്. അതാണ് വിധി.
ഇനി കൃഷ്ണപിള്ളയുടെ വിധി. കേരളത്തിലെ കമ്യൂണിസ്റ്റ് പാ൪ട്ടിയുടെ മുത്തായിരുന്നു കൃഷ്ണപിള്ള. അതിനെ കാത്തുസൂക്ഷിക്കാനാണ് കണ്ണാ൪ക്കാട്ടേക്ക് അയച്ചത്. ആലപ്പുഴ ജില്ലയിലെ കഞ്ഞിക്കുഴിൽനിന്ന് നേരെ കിഴക്കോട്ടുപോയാൽ വനസ്വ൪ഗത്ത് എത്തും. വനസ്വ൪ഗം കവലയിൽനിന്ന് കുറച്ചുകൂടി മുന്നോട്ടുപോയാൽ കണ്ണാ൪ക്കാട്. അവിടെ ചെല്ലിക്കണ്ടത്ത് എന്ന വീട്ടിലാണ് പാ൪ട്ടി കൃഷ്ണപിള്ളയെ ഒളിവിൽ പാ൪പ്പിച്ചത്. വീട് എന്നാൽ, ക൪ഷകത്തൊഴിലാളികളുടെ അന്നത്തെ അവസ്ഥ അനുസരിച്ചുള്ള വീട്. പൊലീസുകാരിൽനിന്നും പാ൪ട്ടിയുടെ ശത്രുക്കളായ ഒറ്റുകാരിൽനിന്നും കാത്തുരക്ഷിക്കാനാണ് പാ൪ട്ടി അങ്ങോട്ട് അയച്ചത്. പക്ഷേ, വിധിയിൽനിന്ന് രക്ഷിക്കാൻ പാ൪ട്ടിക്കായില്ല. ഒളിച്ചുപാ൪ത്ത വീട്ടിൽ വെച്ച് വിഷംതീണ്ടി സഖാവ് മരിച്ചു. 1948 ആഗസ്റ്റ് 10ാം തീയതി. പാമ്പുകടിയേറ്റാണ് മരിച്ചതെന്ന് കേരളം വിശ്വസിക്കുന്നു, അന്നും ഇന്നും.
അന്ത്യനിമിഷങ്ങളെ കുറിച്ച് വ്യക്തമായി പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്. സിപി.ഐക്കാരും സി.പി.എമ്മുകാരുമായ ചരിത്രകാരന്മാ൪ എഴുതിയെഴുതി ഇതിഹാസമാക്കിയ അന്ത്യമാണ് കൃഷ്ണപിള്ളയുടേത്. പ്രചുരപ്രചാരം നേടിയ ആ ഇതിഹാസം ഇങ്ങനെയാണ്: കൃഷ്ണപിള്ള പ്രവ൪ത്തന റിപ്പോ൪ട്ട് എഴുതുകയായിരുന്നു. വെളിച്ചം വരാനായി ഓലവാതിൽ അൽപം തുറന്നിട്ടിരുന്നു. ചൊരിമണലിലൂടെ ഇഴഞ്ഞുവന്ന ഒരു പാമ്പ് സഖാവിനെ കൊത്തി. അദ്ദേഹം തന്നെ പുറത്ത് ഇറങ്ങിവന്നു പറഞ്ഞു: ‘ എൻെറ കൈയിൽ എന്തോ കടിച്ചു, പാമ്പായിരിക്കും.’ പ്രായമുള്ള ഒരു അമ്മയുണ്ടായിരുന്നു വീട്ടിൽ. അവരാണ് സഖാവിനെ നോക്കിയിരുന്നത്. അവ൪ കടിവായിക്കു മുകളിൽ കെട്ടി. കടിച്ചിടത്ത് ചുണ്ണാമ്പു തേച്ചു. സഖാവ് അകത്തേക്കുതന്നെ കയറി. റിപ്പോ൪ട്ട് എഴുതിക്കൊണ്ടിരുന്ന കടലാസിൽ ഇത്രയുംകൂടി എഴുതിയത്രെ. ‘എൻെറ കണ്ണിൽ ഇരുട്ടുകയറുകയാണ്. ശരീരമാകെ തളരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് എനിക്കറിയാം. സഖാക്കളേ മുന്നോട്ട്!’ ആ മരണക്കുറിപ്പിൽനിന്നാണ് കേരളത്തിലെ കമ്യൂണിസ്റ്റുകാ൪ക്ക് ‘സഖാക്കളേ മുന്നോട്ട്’ എന്ന മുദ്രവാക്യം കിട്ടിയതെന്നും ചരിത്രം.
അങ്ങനെയിരിക്കുമ്പോഴാണ് നടേ പറഞ്ഞ ചോദ്യം പത്തിവിട൪ത്തുന്നത്. ‘കൃഷ്ണപിള്ളയെ കടിച്ച പാമ്പ് ആര്’ എന്ന ചോദ്യം. ഒരു ലേഖനപരമ്പരയുടെ തലക്കെട്ടായാണ് ഇത് ആദ്യം വന്നത്. എഴുതിയത് കെ.എം. ചുമ്മാ൪. 1983ൽ വീക്ഷണം പത്രത്തിലാണ് ചുമ്മാറിൻെറ ലേഖനപരമ്പര വന്നത്. പിന്നീട് അദ്ദേഹം അത് പുസ്തകമാക്കി. ആ പുസ്തകം ഇപ്പോഴും കിട്ടാനുമുണ്ട്. കൃഷ്ണപിള്ളയുടെ അന്ത്യനിമിഷങ്ങളെ സംബന്ധിച്ച് സി.പി.ഐക്കാരും സി.പി.എമ്മുകാരുമായ എഴുത്തുകാ൪ നൽകിയ വിവരണത്തിലെ പരസ്പര വിരുദ്ധങ്ങളായ വിശദീകരണങ്ങൾ എടുത്തുകാട്ടുകയാണ് ചുമ്മാ൪. അതിൽ പ്രധാനം സഖാവ് അവസാനമായി എഴുതിയെന്നു പറയുന്ന റിപ്പോ൪ട്ടും മരണക്കുറിപ്പുമാണ്. പലരും പലതരത്തിലാണ് അത് ഉദ്ധരിച്ചിട്ടുള്ളത്. എല്ലാത്തിനുമുപരി, ചരിത്രപ്രധാനമായ ആ റിപ്പോ൪ട്ട് അതിൻെറ കൈയക്ഷരത്തോടെ എടുത്തുകാണിക്കുന്നില്ല. അങ്ങനെയൊന്ന് ഉണ്ടെങ്കിൽ അത് സൂക്ഷിച്ചിട്ടില്ളേ എന്ന് ചുമ്മാ൪ ചോദിച്ചിരുന്നു. എല്ലാത്തിനുമൊടുവിൽ ചുമ്മാറിൻെറ നിഗമനങ്ങൾ മുന്നോട്ടുവെക്കുന്നു. കൃഷ്ണപിള്ള യദൃച്ഛയാ പാമ്പുകടിയേറ്റ് മരിച്ചതാണെന്ന് ചുമ്മാ൪ വിശ്വസിക്കുന്നില്ല. അദ്ദേഹം വിഷം കഴിച്ച് ആത്മഹത്യചെയ്തതോ, അല്ളെങ്കിൽ വിഷം കൊടുത്തു കൊന്നതോ ആവാമെന്നതായിരുന്നു ചുമ്മാറിൻെറ നിഗമനം. ഇതിലേക്കത്തെിയ രണ്ടു കാരണങ്ങളും മുന്നോട്ടു വെച്ചിരുന്നു. ഒന്ന്, കൃഷ്ണപിള്ളയുടെ കുടുംബജീവിതത്തിലുണ്ടായ താളപ്പിഴ. രണ്ട്, പാ൪ട്ടിയിലെ വിഭാഗീയത.
കൃഷ്ണപിള്ളയുടെ മരണം സംബന്ധിച്ച് മറ്റു പലരും സംശയം ഉയ൪ത്തിയിട്ടുണ്ട്. ഫാദ൪ വടക്കൻെറ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് വിരുദ്ധമുന്നണി നടത്തിയ പൊതുയോഗങ്ങളിൽ ടി.വി. ശാ൪ങ്ഗധരൻ എന്ന ഒരാൾ സ്ഥിരമായി പ്രസംഗിച്ചിരുന്നത്, ഗ്രൂപ്വഴക്ക് മൂത്ത് പാ൪ട്ടിക്കാ൪ ചായയിൽ വിഷംചേ൪ത്ത് കൃഷ്ണപിള്ളയെ കൊന്നു എന്നായിരുന്നു. കേരളകൗമുദിയുടെ 1956ലെ വിശേഷാൽ പ്രതിയിൽ കേശവദേവ് കൃഷ്ണപിള്ളയെ പ്പറ്റി ഒരു കഥയെഴുതി. ‘ചിരിക്കുന്ന അഗ്നിപ൪വതം’ എന്ന ആ കഥ അവസാനിപ്പിക്കുമ്പോൾ കേശവദേവ് ‘കൃഷ്ണപിള്ളയുടെ മരണത്തെപ്പറ്റി കേൾക്കുന്ന ആരോപണം ഭോഷ്ക് എന്നു പറഞ്ഞുതള്ളാവുന്നതാണോ എന്ന സംശയം ഉന്നയിക്കുന്നുണ്ട്. തൻെറ ലേഖനപരമ്പരയിലൂടെ വീക്ഷണം പത്രം കള്ളക്കഥ പ്രചരിപ്പിക്കുകയാണ് എന്ന് പി. ഗോവിന്ദപിള്ള പിന്നീട് പ്രസംഗിച്ചപ്പോൾ ‘ഗോവിന്ദപിള്ള മറുപടി പറയുമോ’ എന്നൊരു ലേഖനവും ചുമ്മാ൪ എഴുതിയിരുന്നു. അതിന് ഗോവിന്ദപിള്ളയോ കമ്യൂണിസ്റ്റ് പാ൪ട്ടിയോ മറുപടി പറഞ്ഞിട്ടില്ളെന്നാണ് ചുമ്മാ൪ ഒടുവിൽ പറഞ്ഞത്.
എന്തായാലും ചുമ്മാ൪ ഊതിയുണ൪ത്തിയ പാമ്പ് അമ൪ന്നിട്ടില്ല. പുതിയ ചോദ്യം, കൃഷ്ണപിള്ളയുടെ പ്രതിമയുടെ കണ്ണുപൊട്ടിച്ചത് ആരാണ്?
2012 ഒക്ടോബ൪ 12നാണ് പ്രതിമയും ചെല്ലിക്കണ്ടത്ത് വീടും ആക്രമിക്കപ്പെട്ടത്. സഖാവ് മരിച്ചതിനുശേഷം സ്മാരകമായി നിലനി൪ത്തിപ്പോരുകയായിരുന്നു ആ ഓലപ്പുര. അതിൻെറ മോന്തായം കത്തിക്കുകയും പ്രതിമയുടെ ഇടത്തേകണ്ണ് കുത്തിപ്പൊട്ടിക്കുകയുമാണ് ചെയ്തത്. ആരാണവ൪? എന്തായിരുന്നു ലക്ഷ്യം? സംഭവത്തെ ഒരു ക്രിമിനൽ കുറ്റം മാത്രമായി കണക്കിലെടുത്ത് അന്വേഷണം നടത്തിയ കേരള പൊലീസ് പറയുന്നത് സി.പി.എമ്മിലെ ഒരുവിഭാഗം ആളുകളാണ് അത് ചെയ്തതെന്നാണ്. വിഭാഗീയതയാണ് അതിന് പ്രേരണ എന്നും പൊലീസ് പറയുന്നു. അങ്ങനെതന്നെയാണ് കേസ് എടുത്തിട്ടുള്ളതും. ആ കേസിൽ വി.എസ്. അച്യുതാനന്ദൻെറ മുൻ പേഴ്നൽ സ്റ്റാഫ് അംഗവും സി.പി.എമ്മിൻെറ കണ്ണാ൪ക്കാട്ട് ഏരിയാ കമ്മറ്റി അംഗവും പ്രതികളാണ്.
ആ സംഭവത്തെ ഒരു രാഷ്ട്രീയ കുറ്റകൃത്യമായി കണ്ട് അന്വേഷണം നടത്തിയ സി.പി.എമ്മിൻെറ ചിന്താപ്പൊലീസ് എത്തിയ നിഗമനം ഇതാണ്: ‘കൃഷ്ണപിള്ളയെ ഒരു കൽപ്രതിമയായി കാണുന്നവരുടെ അജ്ഞത അല്ളെങ്കിൽ പ്രതിമ തക൪ക്കപ്പെട്ടാലുണ്ടാകുന്ന പ്രകോപനവും അതിലെ മുതലെടുപ്പു സാധ്യതകളും അത്രയുമാകാം കണ്ണാ൪ക്കാട്ടിൻെറ ചരിത്രമണ്ണിൽ ചാരംവീഴ്ത്തിയവരുടെ പ്രലോഭനം.’
ഈ രാഷ്ട്രീയ നിഗമനം ചുമ്മാറിൻെറ പഴയ ചോദ്യത്തെ പുതിയ രൂപത്തിൽ ഉയ൪ത്തുകയാണ്. കൃഷ്ണപിള്ളയുടെ പ്രതിമയെ ആക്രമിച്ചത് ആര്? കമ്യൂണിസ്റ്റുകാരാണോ എതി൪പാ൪ട്ടിക്കാ൪ ആണോ? കൃഷ്ണപിള്ളയെ വെറുമൊരു കൽപ്രതിമ മാത്രമായി കാണുന്നവ൪ എന്തായാലും കമ്യൂണിസ്റ്റുകാ൪ ആയിരിക്കില്ല. കണ്ണാ൪ക്കാട്ട് ജനിച്ചുവള൪ന്ന ഒരു മനുഷ്യക്കുഞ്ഞ് നടക്കാൻ പ്രായമായതുമുതൽ കൃഷ്ണപിള്ള ദിനത്തിൽ പൂവ് എറിയാനും പ്രഭാതഭേരി മുഴക്കാനും തുടങ്ങിയിട്ടുണ്ടാവും. അവിടെ ജനിച്ചുവള൪ന്ന ആരും കൃഷ്ണപിള്ളയെക്കുറിച്ച് അജ്ഞരായിരിക്കില്ല. അങ്ങനെ നോക്കുമ്പോൾ കമ്യൂണിസ്റ്റുകാരായിരിക്കില്ല അക്രമികൾ. എന്നാലോ, കോൺഗ്രസും ബി.ജെ.പിയുമൊന്നും ആ നാട്ടിലില്ല എന്നുമോ൪ക്കണം. തന്നെയുമല്ല ആ പ്രതിമ തക൪ക്കപ്പെട്ടാൽ പ്രകോപനം ഉണ്ടാവുമെന്ന് അറിയുന്നവ൪ക്ക് കൃഷ്ണപിള്ള ആരെന്നും അറിയാമായിരിക്കും. അറിയാത്തവ൪ക്ക് അതിൽനിന്ന് മുതലെടുപ്പ് നടത്താം എന്നത് അറിയില്ലല്ളോ. അങ്ങനെ നോക്കുമ്പോൾ കമ്യൂണിസ്റ്റുകാരിൽ പെട്ടവ൪തന്നെയാകും അത് ചെയ്തത്.
കേരള പൊലീസ് കണ്ടത്തെിയതാണ് ശരി എങ്കിലും അതല്ല, ചിന്താപ്പോലീസ് കണ്ടത്തെിയതാണ് ശരിയെങ്കിലും ഒന്നുറപ്പാണ് കൃഷ്ണപിള്ള പരാജയപ്പെട്ടിരിക്കുന്നു. ജീവിച്ചിരുന്നപ്പോൾ അദ്ദേഹം കഷ്ടപ്പെട്ടതത്രയും പാ൪ട്ടിക്കാ൪ക്ക് രാഷ്ട്രീയവിദ്യാഭ്യാസം കൊടുക്കാനായിരുന്നു. ആ പാഠങ്ങൾ തലമുറതലമുറ കൈമാറി ഒടുവിൽ കണ്ണാ൪ക്കാട്ടെ കമ്യൂണിസ്റ്റുകാ൪ പോലും കൃഷ്ണപിള്ളയെ വെറുമൊരു കൽപ്രതിമ മാത്രമായാണ് കണ്ടതെങ്കിൽ, ദൈവമേ, മറ്റൊരാൾക്കും ഈ ഗതി വരുത്തരുതേ...
അവസാനമായി: വി. സാംബശിവൻെറ കഥാപ്രസംഗത്തിൽ ഒരിക്കൽ അദ്ദേഹം പ്രയോഗിച്ച ഒരു പൊടിക്കൈ ഉണ്ട്. പ്രേക്ഷകരെ ചിരിപ്പിക്കാനായി പ്രയോഗിച്ചത്. ‘അതാവരുന്നു, ഓലവാതിലിന്നിടയിലൂടെ... അതാവരുന്നു, കൃഷ്ണപിള്ളയെ കടിച്ച പാമ്പ്, അല്ല ഓന്ത്, ഓന്ത്. കൃഷ്ണപിള്ളയെ കടിച്ച ഓന്ത്. ഈ ഓന്തിൻെറ മുഖം കണ്ടിട്ട് നല്ല പരിചയം തോന്നുന്നുവല്ളോ. 80കളിലെ ഒരു രാഷ്ട്രീയ നേതാവിൻെറ മുഖമാണല്ളോ ദൈവമേ ഈ ഓന്തിന്!’
സാംബശിവൻ അന്ന് ആരെയാണ് ഉദ്ദേശിച്ചതെന്ന് കഥ കേട്ടവ൪ക്ക് മനസ്സിലായിക്കാണും. ഇപ്പോൾ, 2014ൽ പ്രതിമയും തക൪ത്ത് പുരയുടെ മോന്തായവും കത്തിച്ചശേഷം കഥ കേൾക്കുമ്പോൾ ഏതെങ്കിലും നേതാവിൻെറ മുഖം ഓ൪മവരുന്നുണ്ടോ? പാമ്പായോ ഓന്തായോ എങ്ങനെയെങ്കിലും?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
