വിവാദ ആള്‍ദൈവം രാംപാല്‍ അറസ്റ്റില്‍
text_fieldsന്യൂഡൽഹി: കൊലക്കേസിൽ പ്രതിയായി ഹരിയാനയിലെ ഹിസാ൪ ബ൪വാലയിലുള്ള സത്ലോക് ആശ്രമത്തിൽ ഒളിച്ചുകഴിഞ്ഞ ആൾദൈവം സന്ത് രാംപാലിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം പൊലീസ് നടപടിയെ ചെറുക്കാൻ മനുഷ്യകവചമായി ഉപയോഗിച്ച അനുയായികളിൽ ആറുപേ൪ മരിച്ചു. 70 വയസ്സുകാരിയടക്കം അഞ്ചു സ്ത്രീകളും ഒരു പിഞ്ചുകുഞ്ഞുമാണ് മരിച്ചത്.
ബുധനാഴ്ച രാത്രി ഒമ്പതിനാണ് രാംപാൽ ആശ്രമത്തിലുള്ള കാര്യം പൊലീസ് സ്ഥിരീകരിച്ചത്. വൈകാതെ അറസ്റ്റ് നടന്നു. രാംപാലിനെ ഉടൻതന്നെ ചണ്ഡിഗഢിലേക്ക് കനത്ത സുരക്ഷയിൽ കൊണ്ടുപോയി. രാംപാലിനെതിരെ രാജ്യദ്രോഹക്കുറ്റവും ചുമത്തിയിട്ടുണ്ട്. ആശ്രമവളപ്പിൽ തങ്ങിയിരുന്ന നൂറുകണക്കിനാളുകളെ നേരത്തേതന്നെ പൊലീസ് ഒഴിപ്പിച്ചിരുന്നു. 415 പേ൪ അറസ്റ്റിലായി. നേരത്തേ ആൾദൈവത്തിൻെറ ഉറ്റസഹായി പുരുഷോത്തം ദാസിനെയും പൊലീസ് പിടികൂടിയിരുന്നു. ചൊവ്വാഴ്ചത്തെ അക്രമത്തിൽ അറസ്റ്റിലായ 70 പേരെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
രാംപാലിനെ അറസ്റ്റ് ചെയ്യാൻ കോടതി അന്ത്യശാസനം നൽകിയതിനെ തുട൪ന്ന് ഇരുപതിനായിരത്തിലേറെ വരുന്ന ഹരിയാന പൊലീസ്-സി.ആ൪.പി.എഫ്-റാപ്പിഡ് ആക്ഷൻ ഫോഴ്സ് സംഘം ചൊവ്വാഴ്ച നടത്തിയ ഓപറേഷനിൽ മാധ്യമ പ്രവ൪ത്തകരടക്കം ഇരുനൂറിലേറെ പേ൪ക്ക് പരിക്കേറ്റിരുന്നു. ബുധനാഴ്ച അറസ്റ്റ് തടയാനായി ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്ന് വിളിച്ചുവരുത്തിയ അനുയായികളാണ് ആശ്രമവളപ്പിലുണ്ടായിരുന്നത്. ക്രമസമാധാനപ്രശ്നങ്ങളും വൻ പൊലീസ് സന്നാഹവും കണ്ട് സ്ഥലംവിടാനൊരുങ്ങിയ സ്ത്രീകളെയും കുട്ടികളെയും ആശ്രമനടത്തിപ്പുകാ൪ ബലംപ്രയോഗിച്ചും ഭീഷണിപ്പെടുത്തിയും തടഞ്ഞുവെക്കുകയായിരുന്നു. ഇവരെ സംയമനത്തോടെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. നാലു സ്ത്രീകളുടെ മൃതദേഹങ്ങൾ ആശ്രമനടത്തിപ്പുകാരാണ് പൊലീസിനു കൈമാറിയത്.
അത്യാസന്നനിലയിൽ കഴിഞ്ഞ രാത്രി ആശുപത്രിയിലേക്ക് മാറ്റിയ ഒരു യുവതിയും 18 മാസം പ്രായമുള്ള കുഞ്ഞുമാണ് ബുധനാഴ്ച മരിച്ചത്. കടുത്ത തണുപ്പിൽ ശുദ്ധജലവും മരുന്നും ലഭിക്കാതെയാണ് മരിച്ചതെന്ന് ആശ്രമത്തിൽനിന്ന് മടങ്ങിയ ഭക്തരിൽ ചില൪ പൊലീസിനോട് പറഞ്ഞു. ആശ്രമത്തിലേക്കുള്ള ജല-വൈദ്യുതി വിതരണം തടഞ്ഞിരുന്നു. എന്നാൽ, മരണകാരണവും സാഹചര്യവും വ്യക്തമല്ളെന്നും മൃതദേഹങ്ങളിലൊന്നും വെടിയുണ്ടകളേറ്റ മുറിവുകൾ കാണാനില്ളെന്നും ഹരിയാന ഡി.ജി.പി എസ്.എൻ. വസിഷ്ഠ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
