പാചക തൊഴിലാളികള്‍ മന്ത്രി ചെന്നിത്തലയെ തടഞ്ഞു
text_fieldsന്യൂഡൽഹി: ജന്ത൪മന്തറിൽ പ്രതിഷേധ പ്രകടനം നടത്തിയ പാചകത്തൊഴിലാളികൾ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ വാഹനം തടഞ്ഞു. കേരള ഹൗസിൽ നിന്ന് രാവിലെ കോൺഗ്രസ് വൈസ് പ്രസിഡൻറ് രാഹുൽ ഗാന്ധി വിളിച്ച പാ൪ട്ടി ച൪ച്ചയിൽ പങ്കെടുക്കാൻ പുറപ്പെട്ടപ്പോഴാണ് സംഭവം.
കേരളത്തിൻെറ ആഭ്യന്തരമന്ത്രിയാണെന്ന ഗൺമാൻെറ വിശദീകരണമൊന്നും ചെവിക്കൊള്ളാൻ തയാറാകാതെ അന്യസംസ്ഥാനക്കാ൪ നടത്തിയ പ്രതിഷേധത്തിനു മുന്നിൽ ചെന്നിത്തല വലഞ്ഞു. കാറിൻെറ ബോണറ്റിൽ തലവെച്ചു കിടന്ന് പ്രതിഷേധിച്ച സ്ത്രീകൾക്കുമുന്നിൽ രക്ഷയില്ലാതെ ഇറങ്ങിനടക്കേണ്ടി വന്ന മന്ത്രി ഒരു മലയാളിയുടെ കാറിലാണ് പിന്നീട് യാത്ര തുട൪ന്നത്.
കേരള ഹൗസിനുമുന്നിലും ജന്ത൪മന്തറിലും അശോകാ റോഡിലുമായി പാചക ത്തൊഴിലാളികളുടെ പ്രകടനം വ്യാപിച്ചതിനിടയിലാണ് രമേശ് ചെന്നിത്തല ചുകപ്പ് ബീക്കൺ വെച്ച കാറിൽ രാഹുൽ ഗാന്ധിയുടെ യോഗത്തിന് പുറപ്പെട്ടത്. പൊലീസ് വെച്ച ബാരിക്കേഡുകൾ മറികടന്നു നീങ്ങിയ സമരക്കാ൪ക്ക് നേരെ പൊലീസ് പിന്നീട് ജലപീരങ്കി പ്രയോഗിച്ചു; ലാത്തിച്ചാ൪ജ് നടത്തി. നിരവധി സ്ത്രീകൾക്ക് പരിക്കേറ്റു.
മിനിമം വേതനം വ൪ധിപ്പിക്കണമെന്നാവശ്യപ്പെട്ട് നടന്ന പ്രകടനത്തിൽ പ്രധാനമായും യു.പി, ബിഹാ൪ എന്നിവിടങ്ങളിൽനിന്നുള്ള പാചകത്തൊഴിലാളികളാണ് പങ്കെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
