Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightവയനാട് പാക്കേജ് എന്ന...

വയനാട് പാക്കേജ് എന്ന കണ്‍കെട്ട്

text_fields
bookmark_border
വയനാട് പാക്കേജ് എന്ന കണ്‍കെട്ട്
cancel

കടലിൽ കായം കലക്കിയതുപോലൊന്നാണ് വയനാട് പാക്കേജ്. ഇല്ലാത്ത ഒന്നിനെ പ൪വതീകരിച്ചുകാട്ടി ഒരു ജനതയെ ഒരുപാടുകാലം പറ്റിക്കുന്നതിൻെറ ഉത്തമോദാഹരണം. കാലങ്ങളായി തുരിശും കുമ്മായവും വിതരണം ചെയ്യുന്ന പതിവു പരിപാടികളെ പാക്കേജ് എന്ന തലക്കെട്ടിൽ അവതരിപ്പിച്ച് ക൪ഷകരെ വിഡ്ഢികളാക്കുകയാണ് അധികൃത൪. കേന്ദ്രസ൪ക്കാ൪ നടപ്പാക്കിയ വിദ൪ഭ പാക്കേജിനോടനുബന്ധിച്ച് കുറച്ച് ക൪ഷകരുടെ കടങ്ങൾ എഴുതിത്തള്ളിയതിനപ്പുറത്ത് വയനാടിൻെറ അടിസ്ഥാന പ്രശ്നങ്ങളെ നേരാംവണ്ണം നോക്കിക്കാണാനും അവ പരിഹരിക്കാനുമൊന്നും ഒരു പാക്കേജും അവതരിപ്പിച്ചിട്ടില്ല. വോട്ടിൽ കണ്ണുനട്ട് മലമുകളിലെ ക൪ഷക ജനതയെ വരുതിയിൽ നി൪ത്താൻ ചില പൊടിക്കൈകൾ മാത്രമാണ് ‘പാക്കേജ്’ അല്ളെന്ന് ഉറപ്പിച്ചുപറയാൻ കഴിയുന്ന വയനാട് പാക്കേജ്.

ദുരിതക്കയങ്ങളിൽ മുങ്ങി ഒരു നാട്

കേരളത്തിൽ ഏറ്റവും കൂടുതൽ കാപ്പിയും കുരുമുളകും ഉൽപാദിപ്പിക്കുന്ന ജില്ല. നെല്ല്, തേയില, അടക്ക, റബ൪, നേന്ത്രക്കായ, ഇഞ്ചി, ഏലം തുടങ്ങി ബഹുമുഖ കൃഷികളിലൂടെ കേരളത്തിൻെറ കാ൪ഷിക സമ്പദ്ഘടനക്ക് താങ്ങും തണലുമായ ഇത്തരം ഖ്യാതികളുണ്ടായിട്ടും വയനാട്ടിൽ എടുത്തുകാട്ടാനുള്ള വ്യവസായങ്ങൾ ഒന്നുപോലുമില്ല. മലബാറിലെ മറ്റു ജില്ലകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഗൾഫ് പണത്തെ ആശ്രയിച്ചല്ല വയനാട്ടുകാരുടെ ജീവിതം. പരിമിത വിദ്യാഭ്യാസ സൗകര്യങ്ങളുള്ള ജില്ലയിൽനിന്ന് സ൪ക്കാ൪ ജോലികളിലത്തെുന്നവരും വിരളമായിരുന്നു. ടൂറിസം മേഖലയിൽനിന്നുള്ള വരുമാനത്തിൽ സിംഹഭാഗവും ജില്ലക്ക് പുറത്തുള്ളവരുടെ -മിക്ക റിസോ൪ട്ടുകളും ലോഡ്ജുകളും ഹോട്ടലുകളുമൊക്കെ അവരുടെ ഉടമസ്ഥതയിലാണ്- കൈകളിലാണത്തെുന്നതും.
90 ശതമാനം ജനങ്ങളും കൃഷിയെ ആശ്രയിച്ചു ജീവിക്കുന്ന ജില്ലയിൽ പുതുനൂറ്റാണ്ടിൻെറ തുടക്കം വൻ തക൪ച്ചയോടെയായിരുന്നു. ദ്രുതവാട്ടം അടിമുടി ഉലച്ചുകളഞ്ഞതിനാൽ കുരുമുളക് കൃഷി നാമാവശേഷമായി. കമുകും തെങ്ങും മഹാളി-മണ്ഡരി രോഗങ്ങളുടെ പിടിയിലമ൪ന്നു. കാപ്പിയുടെയും ഇഞ്ചിയുടെയും വിലത്തക൪ച്ച കനത്ത ആഘാതമായി. ‘പുര കത്തുമ്പോൾ വാഴ വെട്ടാൻ’ ഇറങ്ങിയ റിയൽ എസ്റ്റേറ്റ് മാഫിയ, ചുളുവിലക്ക് ഭൂമി അടിച്ചെടുത്ത് കഷണങ്ങളായി മുറിച്ചുവിറ്റ് പണം വാരി ചുരമിറങ്ങി. വയലുകളിൽനിന്ന് നെൽകൃഷിയകന്ന് കീടനാശിനിയുടെയും രാസവളങ്ങളുടെയും പുളപ്പിൽ ലാഭംകൊയ്യുന്ന വാഴകൃഷിയത്തെി. കൃഷിനാശത്തിനൊപ്പം മാറാരോഗങ്ങൾ, കാലാവസ്ഥാമാറ്റം, വരൾച്ച തുടങ്ങി പ്രതിസന്ധികളുടെ മലവെള്ളപ്പാച്ചിലുമായപ്പോൾ ശരാശരി വയനാട്ടുകാരന് പിടിച്ചുനിൽക്കുക ശ്രമകരമായി. ബ്ളേഡ്മാഫിയകൾ തഴച്ചുവള൪ന്ന നാട്ടിൽ അടുത്ത വിളവിന് കടം വീട്ടാമെന്നുറച്ച് കഴുത്തുകാട്ടിക്കൊടുത്തവരിൽ പല൪ക്കും ജീവിതത്തിൽനിന്ന് ഒളിച്ചോടാതെ മാ൪ഗമില്ലാതാവുകയായിരുന്നു. പിന്നീട് തൊഴിലുറപ്പു പദ്ധതി വന്നതോടെയാണ് ജീവിക്കാനുള്ള കച്ചിത്തുരുമ്പ് പാവപ്പെട്ട പല കുടുംബങ്ങൾക്കും ഒത്തുകിട്ടിയത്.
വിളനാശവും വിലത്തക൪ച്ചയുമൊക്കെ ചേ൪ന്ന് ഒട്ടനവധി ക൪ഷക൪ ആത്മഹത്യ ചെയ്യേണ്ടിവന്ന ഈ പിന്നാക്ക ജില്ലയിൽ കൃഷിയെ പുനരുജ്ജീവിപ്പിക്കുകയെന്നതിന് പ്രാമുഖ്യം ആവശ്യമായിരുന്നു. ജില്ലയിലൂടെ ഒരോട്ടപ്രദക്ഷിണം നടത്തിയാൽ ഏതു ഭരണാധികാരിക്കും പ്രഥമദൃഷ്ട്യാ അതു ബോധ്യപ്പെടേണ്ടതുമാണ്. എന്നാൽ, നട്ടെല്ലു തക൪ന്ന വയനാടിന് നിവ൪ന്നുനിൽക്കാൻ വേണ്ടതൊന്നും കേന്ദ്ര-സംസ്ഥാന സ൪ക്കാറുകൾ ചെയ്തില്ല. രാജ്യത്തിൻെറ ഖജനാവിലേക്ക് വിയ൪പ്പൊഴുക്കി സമ്പാദ്യമത്തെിച്ച കാ൪ഷിക ജില്ലയുടെ ആഴത്തിലുള്ള പ്രശ്നങ്ങളെ ഉപരിപ്ളവമായി മാത്രം സമീപിക്കുകയായിരുന്നു അവ൪.

25 കോടിയുടെ ‘വമ്പൻ’ പാക്കേജ്

ഒരു നിശ്ചയവുമില്ലയൊന്നിനും എന്നു പറഞ്ഞപോലെയാണ് ‘വയനാട് പാക്കേജി’ൻെറ കാര്യങ്ങൾ. പാക്കേജിൻേറതായി ഒരു ഒൗദ്യോഗിക പ്രഖ്യാപനവും അധികൃത൪ നടത്തിയിട്ടില്ല. ഇതിനായി ഒരു പഠനവും നടന്നിട്ടില്ല. പാക്കേജിൻെറ പേരിൽ ജില്ലാ ഭരണകൂടം മുൻകൈയെടുത്ത് ഒരു യോഗംപോലും ചേ൪ന്നിട്ടുമില്ല. അതുകൊണ്ടുതന്നെ അതിൻെറ പേരിൽ ഒരു മിനുട്സുമില്ല. കുട്ടനാട് പാക്കേജിന് സ്വന്തം വെബ്സൈറ്റ് പോലുമുള്ളപ്പോൾ വയനാട് പാക്കേജ് എന്ന് ഇൻറ൪നെറ്റിൽ തിരഞ്ഞാൽ ലഭിക്കുക ട്രാവൽ കമ്പനികളുടെ ടൂ൪ പാക്കേജുകൾ മാത്രം!
ജില്ലാ ഭരണകേന്ദ്രത്തിൽ ചെന്ന് ഉന്നത ഉദ്യോഗസ്ഥരോട് വയനാട് പാക്കേജിനെക്കുറിച്ച് ചോദിച്ചാൽ അവ൪ക്കതിന് കൃത്യമായ ഉത്തരമില്ല. ആസൂത്രണ വിഭാഗമാണ് അത് നടപ്പാക്കുന്നതെന്ന് ഉന്നതകേന്ദ്രത്തിൽനിന്ന് മറുപടി. ആസൂത്രണ വിഭാഗത്തിൽ അന്വേഷിച്ചപ്പോൾ മുമ്പൊരു രൂപരേഖ തയാറാക്കിയതല്ലാതെ അതുമായി തങ്ങൾക്ക് ബന്ധമൊന്നുമില്ളെന്ന് വിശദീകരണം.
കടാശ്വാസം ലക്ഷ്യമിട്ട വിദ൪ഭ മോഡൽ പാക്കേജിൻെറ കാലാവധി മൂന്നു വ൪ഷം മുമ്പ് അവസാനിച്ചിരുന്നു. അതിൻെറ തുട൪ പരിപാടികൾ എന്നരീതിയിൽ അവതരിപ്പിച്ചതും നബാ൪ഡ് പോലുള്ളവ വിഭാവനം ചെയ്ത പതിവുപരിപാടികൾ തന്നെ. വിദ൪ഭ മോഡൽ പാക്കേജിൻെറ കാലാവധി തീ൪ന്നതോടെ വയനാടിൻെറ സമഗ്ര വികസനത്തിനുതകുന്ന ‘യഥാ൪ഥ വയനാട് പാക്കേജ്’ നടപ്പാക്കാൻ ജില്ലാ പ്ളാനിങ് വിഭാഗം വിഭിന്ന മേഖലകളിൽ ആവശ്യമായ പദ്ധതികളും തുകയുമടങ്ങുന്ന ബൃഹത്തായ പാക്കേജിൻെറ രൂപരേഖ തയാറാക്കിയിരുന്നു. 2012ൽ ആസൂത്രണ ബോ൪ഡ് വൈസ് ചെയ൪മാൻ എല്ലാ ജില്ലകളും സന്ദ൪ശിക്കുന്നതിൻെറ ഭാഗമായി വയനാട്ടിലത്തെിയപ്പോൾ കേന്ദ്രസ൪ക്കാറിൽനിന്ന് പാക്കേജിനുള്ള തുക ലഭ്യമാക്കുന്നതിനുള്ള എളിയ ശ്രമങ്ങൾ ജില്ലാ ഭരണകൂടം നടത്തിയിരുന്നു. കൃഷി, ചെറുകിട ജലസേചന പദ്ധതികൾ, വനത്തിനരികെ വൈദ്യുതി വേലി, ക്ഷീര വികസനം, ഫിഷറീസ്, പട്ടികവ൪ഗ വികസനം, ടൂറിസം, ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന വികസനം തുടങ്ങി സ൪വമേഖലകളെയും സ്പ൪ശിക്കുന്ന ആസൂത്രണ വിഭാഗത്തിൻെറ പാക്കേജ് രൂപരേഖയിൽ 2154.49 കോടി രൂപയാണ് ആവശ്യപ്പെട്ടിരുന്നത്. കൃഷിക്ക് 525 കോടിയും ടൂറിസത്തിന് 200 കോടിയും അടങ്ങിയതായിരുന്നു ഇത്. എന്നാൽ, അപ്രതീക്ഷിതമായതൊന്നും സംഭവിച്ചില്ല. ആ നി൪ദേശങ്ങൾ ഒരു രൂപപോലും അനുവദിക്കാതെ നിഷ്കരുണം തള്ളപ്പെട്ടു. എം.എസ്. സ്വാമിനാഥൻ റിസ൪ച് ഫൗണ്ടേഷൻ ഇടുക്കി, കുട്ടനാട് പാക്കേജുകൾക്കായി സമ൪പ്പിച്ച നി൪ദേശങ്ങൾ അംഗീകരിക്കപ്പെട്ടപ്പോൾ അവിടെയും വയനാടിന് അ൪ഹിച്ച പരിഗണന ലഭിച്ചില്ല.
തുട൪ന്ന് കഴിഞ്ഞ സംസ്ഥാന ബജറ്റിൽ കേവലം 25 കോടി രൂപ വയനാട് പാക്കേജ് എന്നപേരിൽ വകയിരുത്തി. ഇപ്പോൾ കൊട്ടിഗ്ഘോഷിക്കുന്ന വയനാട് പാക്കേജ് എന്നാൽ ഈ 25 കോടിയാണ്. അതാകട്ടെ, ഹോ൪ട്ടികോ൪പ് സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന പദ്ധതികളിൽ ചിലതും സ്പൈസസ് ബോ൪ഡ് അഖിലേന്ത്യാ തലത്തിൽ നടപ്പാക്കുന്ന പദ്ധതികളുമൊക്കെ ചേ൪ന്നതാണ്. പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ എന്നു സാരം.
കൃഷി, ക്ഷീരവികസന മേഖലകളിലാണ് ‘പാക്കേജ്’ നടപ്പാക്കുന്നത്. 19 കോടിയാണ് കാ൪ഷിക മേഖലയിൽ പാക്കേജ് വഴി ചെലവിടുന്നത്. ക്ഷീരവികസനത്തിന് മൂന്നു കോടിയും. ശേഷിക്കുന്ന തുക ജലസേചനത്തിനും. കൃഷിക്ക് ചെലവഴിക്കുന്നതിൽ കൂടുതൽ കുരുമുളക് കൃഷിക്കുവേണ്ടിയാണ് -8.2 കോടി. ഇതിൽ 3.5 കോടി ദ്രുതവാട്ട രോഗം നിയന്ത്രിക്കാനാണ്. കാ൪ഷിക പദ്ധതി നടപ്പാക്കാൻ ജോയൻറ് ലയബിലിറ്റി ഗ്രൂപ്പുകൾക്ക് പലിശരഹിത വായ്പ നൽകാൻ ഗ്രാമീൺ ബാങ്കുകൾക്ക് രണ്ടു കോടി നൽകി. ജൈവകൃഷിക്ക് മൂന്നു കോടി അനുവദിച്ചിട്ടുണ്ട്. ഈ പ്രവൃത്തികളൊക്കെ മുന്നേറുന്നുവെന്നാണ് ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫിസിൽനിന്നുള്ള വിശദീകരണം.
കൃഷി നശിച്ചതോടെ പശുവള൪ത്തലിലേക്ക് തിരിഞ്ഞവ൪ നിരവധിയാണ്. കുറഞ്ഞ തുക ചെലവഴിച്ചിട്ടും അതിൻെറ ഉണ൪വ് ക്ഷീരമേഖലയിൽ പ്രകടം. എന്നാൽ, സമഗ്ര ക്ഷീരവികസനത്തിന് ഈ മൂന്നുകോടി തീ൪ത്തും അപര്യാപ്തം.
വയനാട് പാക്കേജ് എന്നത് രാഷ്ട്രീയക്കാരുടെ തെറ്റായ പ്രചാരണമാണെന്ന് ഹരിതസേന ജില്ലാ പ്രസിഡൻറ് സുരേന്ദ്രൻ പറയുന്നു. ‘തെരഞ്ഞെടുപ്പ് കാലത്ത് വോട്ട് ലക്ഷ്യമിട്ട് വയനാട് പാക്കേജ് എന്നൊക്കെ വാതോരാതെ പറയുന്നവ൪ ഇലക്ഷനുശേഷം അതേക്കുറിച്ച് ഒരക്ഷരം മിണ്ടില്ല. പാക്കേജിൻെറ പേരു പറഞ്ഞ് ക൪ഷകരെ വഞ്ചിക്കുകയാണിവ൪.’

താൽക്കാലികാശ്വാസമായി വിദ൪ഭ മോഡൽ

ക൪ഷക ആത്മഹത്യകളും വിളനാശവുമൊക്കെ മൂ൪ധന്യത്തിലത്തെിയ സമയത്ത് വിദ൪ഭ മോഡൽ സ്പെഷൽ റീഹാബിലിറ്റേഷൻ പാക്കേജ് എന്നപേരിൽ ക൪ഷകരുടെ കടം എഴുതിത്തള്ളിയത് അന്നത്തെ സാഹചര്യത്തിൽ താൽക്കാലികാശ്വാസമായിരുന്നു. 1840 കോടിയുടെ കുട്ടനാട് പാക്കേജ്പോലെയോ 1126 കോടിയുടെ ഇടുക്കി പാക്കേജ്പോലെയോ വയനാടിൻെറ സമഗ്ര വികസനത്തിനുതകുന്ന പാക്കേജ് നടപ്പാക്കിയിട്ടേയില്ല. കാ൪ഷിക കടാശ്വാസത്തിനായാണ് ഈ വിദ൪ഭ മോഡൽ പാക്കേജ് ഉപയോഗപ്പെടുത്തിയത്. ക൪ഷക ആത്മഹത്യകൾ പെരുകിയ കാലത്ത് വിദ൪ഭ മോഡലിൽ 2006-07 വ൪ഷത്തിൽ പലിശ ഇളവു നൽകാൻ 88.58 കോടിയും വായ്പ എഴുതിത്തള്ളാൻ 2007-08 വ൪ഷം 325 കോടിയും ചെലവഴിച്ചിരുന്നു. എന്നാൽ, വയനാട്ടിലെ ഭൂരിപക്ഷം ക൪ഷക൪ക്കും ഇതിൻെറ ആനുകൂല്യം ലഭിച്ചിട്ടുമില്ല.
വിദ൪ഭ മോഡലിൻെറ ഭാഗമായി 2006-07 മുതലുള്ള അഞ്ചു സാമ്പത്തിക വ൪ഷം കാ൪ഷിക വായ്പകൾ കുറെ വിതരണം ചെയ്യുകയും ചെയ്തു. അതൊരിക്കലും വയനാട്ടിലെ ക൪ഷകനെ സഹായിക്കാനായിരുന്നില്ളെന്ന് ഇപ്പോഴത്തെ വ്യാപക ജപ്തിനടപടികൾ തെളിയിക്കുന്നു.
യഥാ൪ഥത്തിൽ ബാങ്കുകൾ ക൪ഷകരെ ചൂഷണം ചെയ്യുകയായിരുന്നു എന്നുവേണം കരുതാൻ. 1997ൽ കാപ്പിക്കും കുരുമുളകിനുമൊക്കെ റെക്കോഡ് വിലയുണ്ടായിരുന്ന സമയത്ത് ലോൺമേളകൾ നടത്തി ക൪ഷകരെ ആവശ്യത്തിനും അനാവശ്യത്തിനും വായ്പകളിലേക്ക് പിടിച്ചടുപ്പിക്കുകയായിരുന്നു ബാങ്കുകൾ. ഇങ്ങോട്ടുവിളിച്ച് ഒന്നും ഒന്നരയും ലക്ഷം രൂപ ഉദാരമായി ലോൺ കൊടുത്തു. ആ ലോണിന് തിരിച്ചടവ് തെറ്റിയത് 2003 മുതലാണ്. കാപ്പിക്കും കുരുമുളകിനും ഇഞ്ചിക്കുമൊക്കെ വില കുത്തനെ കുറഞ്ഞതുതന്നെയായിരുന്നു കാരണം.
ഏറെ ദുരിതമനുഭവിച്ച 2002 മുതൽ 2008 വരെയുള്ള കാലയളവിൽ 2100ഓളം ക൪ഷകരാണ് ആത്മഹത്യ ചെയ്തത്. വിദ൪ഭ കഴിഞ്ഞാൽ രാജ്യത്ത് ഏറ്റവും കൂടുതൽ ക൪ഷക ആത്മഹത്യ നടന്ന ജില്ലയായിരുന്നു വയനാട്. ഇത്രയും ക൪ഷക൪ ജീവനൊടുക്കിയിട്ടും സ൪ക്കാറിൻെറ കണക്കിൽ 521 ആത്മഹത്യകളാണ് രേഖപ്പെടുത്തപ്പെട്ടത്.
വായ്പ തിരിച്ചടക്കാനാവാതെയും സാമ്പത്തിക പരാധീനതകളിൽ പെട്ടുമാണ് ജീവനൊടുക്കിയതെന്ന് എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയാൽ മാത്രമേ അവ ക൪ഷക ആത്മഹത്യകളുടെ ഗണത്തിൽ പെടുത്താറുള്ളൂ. സംസ്കാര ചടങ്ങുകൾക്കിടയിൽ ബന്ധുക്കൾ ഇക്കാര്യം പറയാതെപോയാൽ നയാപൈസയുടെ ആനുകൂല്യം കിട്ടാതെ വരും.


തയാറാക്കിയത്: എൻ.എസ്. നിസാ൪
(അവസാനിച്ചു)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story