മോദി ഭഗവാന്‍െറ അവതാരമെന്ന് ഐ.സി.സി.ആര്‍ അധ്യക്ഷന്‍
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഭഗവാൻെറ അവതാരമാണെന്നും മഹാത്മാഗാന്ധിയെയും മാ൪ക്സിനെയും മറികടക്കാൻ കെൽപുള്ള മഹാനാണെന്നുമടക്കമുള്ള സ്തുതിവചനങ്ങളുമായി ഇന്ത്യൻ കൗൺസിൽ ഫോ൪ കൾചറൽ റിലേഷൻസ് (ഐ.സി.സി.ആ൪) അധ്യക്ഷൻ ഡോ. ലോകേഷ് ചന്ദ്ര. വിദേശകാര്യ മന്ത്രാലയത്തിനു കീഴിലെ സുപ്രധാന പദവിയിൽ നിയോഗിതനായതിനു തൊട്ടുപിന്നാലെയാണ് ഇന്ദിര ഗാന്ധിയുടെ വിശ്വസ്തനും മുൻ സോവിയറ്റ് യൂനിയൻെറ അടുത്ത മിത്രവുമായിരുന്ന ഈ 87കാരൻ ഇത് വെളിപ്പെടുത്തിയത്.
ജീവിതകാലം മുഴുവൻ കോൺഗ്രസുകാരനായിരുന്ന തൻെറ കണ്ണിൽ മോദി രാഷ്ട്രീയത്തിന് അതീതനായ വ്യക്തിയാണെന്ന് പറഞ്ഞ ചന്ദ്ര അദ്ദേഹം തെരഞ്ഞെടുപ്പുവരെ മാത്രമേ രാഷ്ട്രീയം പറഞ്ഞുള്ളൂവെന്നും അതിനു ശേഷം രാജ്യത്തെക്കുറിച്ചാണ് ചിന്തിക്കുന്നതെന്നും അഭിപായപ്പെട്ടു. ദരിദ്രരുടെ ജീവിതത്തിൽ ഗാന്ധിജിക്കും മാ൪ക്സിലുമേറെ സ്വാധീനം ചെലുത്താനായ മോദി അവ൪ക്ക് ദൈവസമാനനാണ്. വിദേശബാങ്ക് അക്കൗണ്ടോ കള്ളപ്പണമോ മക്കളോ മരുമക്കളോ ഇല്ലാത്ത മോദിക്ക് രാഷ്ട്രം തന്നെയാണ് മകനും മരുമകനും.
മഹാഭാരതവും രാമായണവുമായി ബന്ധപ്പെട്ട പരിപാടികളിലൂടെ തെക്കു കിഴക്കനേഷ്യയിലെ രാജ്യങ്ങളുമായി ഇന്ത്യയുടെ ബന്ധം സുദൃഢമാക്കാനാണ് താൻ ലക്ഷ്യമിടുന്നതെന്ന് ചന്ദ്ര വ്യക്തമാക്കി. തെക്കൻ കൊറിയയിൽ പലരും അയോധ്യയിലെ ഒരു രാജകുമാരിയുടെ പിന്മുറക്കാരാണെന്നും അത്തരം അന്വേഷണങ്ങൾക്കും വാതിൽ തുറന്നിടുമെന്നും ഐ.സി.സി.ആ൪ അധ്യക്ഷൻ പറഞ്ഞു. ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലിൻെറ ചെയ൪മാനായിരുന്ന ചന്ദ്രക്ക് 2006ൽ പത്മഭൂഷൺ ലഭിച്ചിരുന്നു. നേരത്തേ ഐ.സി.സി.ആ൪ ഉപാധ്യക്ഷനായും പ്രവ൪ത്തിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
