ഉരുളക്കിഴങ്ങിലും സ്വയംപര്യാപ്തത നഷ്ടമായി; ഇന്ത്യക്ക് ഇറക്കുമതിതന്നെ ശരണം
text_fieldsന്യൂഡൽഹി: ഉരുളക്കിഴങ്ങിൻെറ കാര്യത്തിൽ ഉണ്ടായിരുന്ന സ്വയംപര്യാപ്തതയും ഇന്ത്യക്ക് നഷ്ടപ്പെടുന്നു. കിഴങ്ങ് ക്ഷാമവും വിലക്കയറ്റവും കണക്കിലെടുത്ത് പാകിസ്താൻ, യൂറോപ്യൻ നാടുകൾ എന്നിവിടങ്ങളിൽനിന്ന് ഉരുളക്കിഴങ്ങ് ഉടൻ ഇറക്കുമതി ചെയ്യാൻ ഇതാദ്യമായി കേന്ദ്രസ൪ക്കാ൪ തീരുമാനിച്ചു. ഉരുളക്കിഴങ്ങ് വൻതോതിൽ വാങ്ങി സംഭരിക്കുന്ന വൻകിട ചിപ്സ് നി൪മാതാക്കളാണ് തീൻമേശയിലെ സാധാരണ വിഭവത്തിന് ക്ഷാമം വരുത്തിയതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഡൽഹിയിൽ ഉരുളക്കിഴങ്ങിന് കിലോഗ്രാമിന് 40 രൂപ വരെയാണ് ഇപ്പോൾ വില. രണ്ടുമാസത്തിനിടെ 10 രൂപയുടെ വ൪ധനയാണുണ്ടായിരിക്കുന്നത്. മുംബൈയിൽ 31 രൂപ വരെയുണ്ട്. കൊൽക്കത്തയിൽ 22 രൂപക്കും ബംഗളൂരുവിൽ 25 രൂപക്കും താഴെ ഉരുളക്കിഴങ്ങ് കിട്ടാനില്ല. യു.പി, പശ്ചിമ ബംഗാൾ, പഞ്ചാബ്, ഹരിയാന, ഉത്തരാഖണ്ഡ്, ക൪ണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ് ഉരുളക്കിഴങ്ങ് വിളയിക്കുന്ന പ്രമുഖ സംസ്ഥാനങ്ങൾ.
ഇവിടെനിന്നുള്ള ഉൽപാദനത്തിൽ നേരിയ കുറവു മാത്രമാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ സാമ്പത്തികവ൪ഷം 44.35 ദശലക്ഷം ടൺ ഉരുളക്കിഴങ്ങാണ് രാജ്യത്ത് ഉൽപാദിപ്പിച്ചത്. തൊട്ടുമുൻവ൪ഷത്തെക്കാൾ 2.3 ശതമാനത്തിൻെറ കുറവുണ്ടായത് കൃഷിപ്പിഴയും മറ്റും മൂലമാണ്. എന്നാൽ, അതിനേക്കാൾ കടുത്ത ക്ഷാമമാണ് ചിപ്സ് പ്ളാസ്റ്റിക് കവറുകളിലാക്കി വൻലാഭം കൊയ്യുന്ന കമ്പനികൾ സൃഷ്ടിക്കുന്നത്. ചിപ്സിൻെറ വിൽപനയാകട്ടെ, പതിന്മടങ്ങ് വ൪ധിക്കുകയും ചെയ്തു. ക൪ഷകനിൽനിന്ന് വിലക്കുറവിൽ ഉരുളക്കിഴങ്ങ് ഇവ൪ സംഭരിക്കുന്നു. വിപണിയിലെ വിലക്കയറ്റത്തിൻെറ അധികനേട്ടം ക൪ഷകന് അതുകൊണ്ട് കിട്ടുന്നില്ല. അടുക്കളയിലേക്ക് കിഴങ്ങ് വാങ്ങുന്നവ൪ക്ക് കൂടിയ വില നൽകേണ്ടിവരുന്നു.
ഇറക്കുമതി നടത്തുന്നതിന് ഉടൻ ടെൻഡ൪ വിളിക്കാൻ നാഫെഡിനും ചെറുകിട കാ൪ഷിക വ്യവസായ കൺസോ൪ട്ട്യത്തിനും കൃഷിമന്ത്രാലയം നി൪ദേശം നൽകി. എത്രത്തോളം ഇറക്കുമതി വേണമെന്ന് തീരുമാനിച്ചിട്ടില്ല.
നവംബറിൽ ഉരുളക്കിഴങ്ങ് വിദേശരാജ്യങ്ങളിൽനിന്ന് ഇവിടെ എത്തിക്കണമെന്നാണ് നി൪ദേശം. ജനുവരി വരെ ഉരുളക്കിഴങ്ങിൻെറ ലഭ്യത വിപണിയിൽ വ൪ധിപ്പിക്കാനുള്ള നടപടികളാണ് ഇപ്പോൾ എടുക്കുന്നത്. ബാക്കി കാര്യം പിന്നീട് തീരുമാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
