മഹാരാഷ്ട്രയിലും ഹരിയാനയിലും ഇന്ന് കൊട്ടിക്കലാശം
text_fieldsമുംബൈ: മഹാരാഷ്ട്രയിലും ഹരിയാനയിലും നിയമസഭാ തെരഞ്ഞെടുപ്പിൻെറ പ്രചാരണം തിങ്കളാഴ്ച വൈകീട്ടോടെ അവസാനിക്കും. ബുധനാഴ്ചയാണ് തെരഞ്ഞെടുപ്പ്. 8.82 കോടി വോട്ട൪മാരുള്ള മഹാരാഷ്ട്രയിൽ പ്രധാന രാഷ്ട്രീയ സഖ്യങ്ങൾ തക൪ന്നതോടെ 288 നിയമസഭാ മണ്ഡലങ്ങളിലേക്ക് പഞ്ചകോണ മത്സരമാണ് നടക്കുന്നത്. സ്വതന്ത്രരും ചെറുപാ൪ട്ടികളുടെ സ്ഥാനാ൪ഥികളുമുൾപ്പെടെ 6,000 ലേറെ പേ൪ മത്സരരംഗത്തുണ്ട്. ഞായറാഴ്ചയാണ് വോട്ടെണ്ണൽ.
ലോക്സഭാ തെരഞ്ഞെടുപ്പിലേതുപോലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലും മോദി തരംഗം ബി.ജെ.പിക്ക് അനുകൂലമാകുമെന്നാണ് സ൪വേ പ്രവചനം. എന്നാൽ, വിദ൪ഭയിൽ കോൺഗ്രസും ബി.ജെ.പിയും മറാത്ത്വാഡയിൽ ശിവസേനയും കോൺഗ്രസും പശ്ചിമ മഹാരാഷ്ട്രയിൽ കോൺഗ്രസും എൻ.സി.പിയും തമ്മിലാണ് പ്രധാനമായും ഏറ്റുമുട്ടൽ. സംസ്ഥാനത്തെ നഗര പ്രദേശങ്ങളാണ് ഇതുവരെയും ബി.ജെ.പിയുടെ വിളനിലം.
129 മണ്ഡലങ്ങളാണ് നഗരങ്ങളിലുള്ളത്. 159 എണ്ണം ഗ്രാമപ്രദേശങ്ങളിലാണ്. നഗരപ്രദേശങ്ങളിൽനിന്ന് മറ്റു ഭാഗങ്ങളിലേക്കുകൂടി പട൪ന്നതാണ് ശിവസേന. എൻ.സി.പിയുടെ കരുത്ത് പശ്ചിമ, ഉത്തര മഹാരാഷ്ട്രയിലെ ഗ്രാമങ്ങളിലാണ്. 2009 ൽ എൻ.സി.പി നേടിയ 62 സീറ്റുകളിൽ 47 എണ്ണം ഗ്രാമങ്ങളിൽനിന്നുള്ളതാണ്. പഞ്ചകോണ മത്സരത്തിനിടയിൽ പ്രതീക്ഷകളുമായി ദലിത്, കമ്യൂണിസ്റ്റ് പാ൪ട്ടികളുടെ വിശാല മുന്നണിയും മത്സരരംഗത്തുണ്ട്.
പുറമെ, ഹൈദരാബാദിലെ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീനും ആദ്യമായി മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു. മറാത്ത്വാഡ, മുംബൈ എന്നിവിടങ്ങളിലായി 35 ലേറെ സ്ഥാനാ൪ഥികളുണ്ട്. വിഖ്യാത ഗായകൻ മുഹമ്മദ് റഫിയുടെ മകൻ ശാഹിദ് റഫി അടക്കം ഒമ്പത് പേരാണ് മജ്ലിസിനുവേണ്ടി മുംബൈയിൽ മത്സരിക്കുന്നത്.
കോൺഗ്രസ് നേതാക്കളായ മുൻ മുഖ്യമന്ത്രി പൃഥ്വീരാജ് ചവാൻ, വ്യവസായമന്ത്രി നാരായൺ റാണെ, എൻ.സി.പി നേതാക്കളായ മുൻ ഉപമുഖ്യമന്ത്രി അജിത് പവാ൪, ആഭ്യന്തരമന്ത്രി ആ൪.ആ൪. പാട്ടീൽ, പൊതുമരാമത്ത് മന്ത്രി ഛഗൻ ഭുജ്ബൽ, ബി.ജെ.പി നേതാക്കളായ മുൻ പ്രതിപക്ഷ നേതാവ് ഏക്നാഥ് കഡ്സെ, നിയമസഭാ കൗൺസിൽ പ്രതിപക്ഷ നേതാവ് വിനോദ് താവ്ഡെ, സംസ്ഥാന അധ്യക്ഷൻ ദേവേന്ദ്ര ഫഡ്നാവിസ്,ഗോപിനാഥ് മുണ്ടെയുടെ മകൾ പങ്കജ മുണ്ടെ, ശിവസേനയുടെ സുഭാഷ് ദേശായ് തുടങ്ങിയവരാണ് ജനവിധി തേടുന്ന പ്രമുഖ൪.
കോൺഗ്രസ് ടിക്കറ്റിൽ ദക്ഷിണ മുംബൈയിലെ കൊളാബയിൽനിന്ന് മൂന്നാമൂഴം തേടുന്ന ആനി ശേഖ൪, അന്ധേരിയിൽ കന്നിയങ്കത്തിനിറങ്ങിയ സി.പി.എം സ്ഥാനാ൪ഥി നാരായണൻ എന്നിവരാണ് മത്സര രംഗത്തുള്ള മലയാളികൾ.
മുൻ സംസ്ഥാന സഹമന്ത്രിയായിരുന്ന ആനി ശേഖ൪ വൈപിൻ സ്വദേശിയും നാരായണൻ കോഴിക്കോട് മാവൂ൪ സ്വദേശിയുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
