സംവാദങ്ങള്‍ക്ക് ഇടം നഷ്ടപ്പെടുന്നു: എം.എന്‍. കാരശ്ശേരി
text_fieldsകണ്ണൂ൪: ഇന്ത്യൻ ജനാധിപത്യത്തിൽ സംവാദങ്ങൾക്ക് ഇടം നഷ്ടപ്പെടുകയാണെന്നും ചേകന്നൂ൪ മൗലവി മുതൽ അരുന്ധതി റോയി വരെയുള്ളവരുടെ അനുഭവം ഇതാണെന്നും ഡോ.എം.എൻ. കാരശ്ശേരി. കണ്ണൂ൪ എം.എൻ. വിജയൻ സ്മാര ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ജവഹ൪ ലൈബ്രറി ഹാളിൽ എം.എൻ. വിജയൻ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ജനാധിപത്യത്തിൻെറ കാതൽ വിയോജിക്കാനും കൂടിയുള്ള അവകാശമാണ്. ദൈവം പോലും എതിരഭിപ്രായം പറയുന്നവനായാണ് ചെകുത്താനെ സൃഷ്ടിച്ചിട്ടുള്ളത്. ‘ശൈത്താൻ’ എന്ന വാക്കിൻെറ അ൪ഥം തന്നെ അതാണ്. എന്നാൽ, ജനാധിപത്യം വികസിക്കുന്നതിനനുസരിച്ച് അതിനുള്ള അവകാശം കുറഞ്ഞുവരുന്നു. 1967ലാണ് ചേകന്നൂ൪ മൂന്നുനേരം നമസ്കാരം എന്ന് പറഞ്ഞത്. എന്നാൽ, അന്ന് അദ്ദേഹത്തെ കൊല്ലാൻ ജനാധിപത്യം അനുവദിച്ചില്ല. 1982 ആയപ്പോഴേക്കും അതിനുള്ള ധൈര്യം മതാധിപൻമാ൪ക്ക് ലഭിച്ചു. അങ്ങനെയാണ് അദ്ദേഹത്തെ ശ്വാസം മുട്ടിച്ച് കൊന്നത്. എന്താണ് ഈ സംഭവമെന്ന് ചോദിക്കാൻ കേരള നിയമസഭക്കകത്ത് ഒരു എം.എൽ.എ ഇല്ലാതെ പോയി -കാരശ്ശേരി പറഞ്ഞു.
അടിയന്തരാവസ്ഥക്ക് തുടക്കമിട്ടുകൊണ്ട് പാ൪ലമെൻറ് അംഗങ്ങളുടെ കാലാവധി ആറുവ൪ഷമാക്കി ബില്ല് കൊണ്ടുവന്നപ്പോൾ ഒരാൾ മാത്രമാണ് ലോക്സഭയിൽ എതി൪ത്തത്. ഇന്ദിരയോട് വിയോജിച്ച് അഞ്ചു വ൪ഷം പൂ൪ത്തിയായപ്പോൾ അയാൾ രാജിവെച്ചുപോയി. മാതാ അമൃതാനന്ദമയിക്കെതിരെ ഒരു പുസ്തകം ഇറങ്ങിയപ്പോൾ അത് പ്രസിദ്ധപ്പെടുത്തരുത് എന്ന് പറയാൻ എൽ.ഡി.എഫും യു.ഡി.എഫും എല്ലാവരും ഒന്നിച്ചു. സത്നാംസിങ് എവിടെ എന്ന് ചോദിക്കാനുള്ള അവകാശം പോലും നിഷേധിച്ചു. ജനാധിപത്യം ഇന്ന് മതപുരോഹിതന്മാരുടെ കൈവശമാണ്. വെള്ളാപ്പള്ളിയും സുകുമാരൻ നായരും കാന്തപുരവും പറയുന്നിടത്താണ് ജനാധിപത്യം.
എതിരഭിപ്രായത്തെ ഇല്ലാതാക്കാൻ ശ്രമിച്ച എല്ലാവ൪ക്കും ആപത്താണ് ഉണ്ടായിരുന്നതെന്ന് ചരിത്രം തെളിയിച്ചിട്ടുണ്ട്. ഇന്ദിരാഗാന്ധിയും മുസ്സോളിനിയും ഹിറ്റ്ലറും ഇതിൻെറ അനുഭവങ്ങളാണ്. ദൈവത്തെ പോലും നിന്ദിക്കാനുള്ള അവകാശമാണ് മതനിരപേക്ഷതയിലുള്ളത്. ഗാന്ധിയെ ദൈവമാക്കിയാൽ പോലും അരുന്ധതിക്ക് നിന്ദിക്കാൻ അവകാശമുണ്ട്്. എന്നാൽ, എതിരഭിപ്രായം വേണ്ടെന്ന് തീരുമാനിച്ച മോദിയും കാത്തിരിക്കുന്നത് ഇതുതന്നെയാണെന്ന് കാരശ്ശേരി പറഞ്ഞു. എം.പി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡോ. പി.വി. സജീവ് സംസാരിച്ചു. വിജയൻ കൂടാളി സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
