Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Sept 2014 2:15 PM IST Updated On
date_range 28 Sept 2014 2:15 PM ISTമോട്ടോര്‍ വാഹന വകുപ്പില്‍ ‘പിഴ പിരിവ്’ ഊര്‍ജിതമാക്കുന്നു
text_fieldsbookmark_border
കോഴിക്കോട്: മോട്ടോര്‍ വാഹന നിയമലംഘനങ്ങള്‍ക്കെതിരെ നടപടി കര്‍ശനമാക്കുന്നതിന്‍െറ ഭാഗമായി പിഴ ഈടാക്കല്‍ ഊര്‍ജിതമാക്കുന്നു. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ടത് കണക്കിലെടുത്ത് പിരിച്ചെടുക്കുന്ന പിഴയുടെ പ്രതിമാസ ഡാറ്റ തയാറാക്കി സമര്‍പ്പിക്കാന്‍ ട്രാന്‍സ്പോര്‍ട്ട് കമീഷന്‍ ആര്‍. ശ്രീലേഖ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഒക്ടോബര്‍ എട്ടിന് ട്രാന്‍സ്പോര്‍ട്ട് കമീഷനറേറ്റിലെ കോണ്‍ഫറന്‍സ് ഹാളില്‍ ചേരുന്ന ബന്ധപ്പെട്ടവരുടെ യോഗത്തില്‍ കഴിഞ്ഞ ഏഴു മാസത്തെ പിരിവിന്‍െറ താരതമ്യ കണക്കുകള്‍ ഹാജരാക്കാനാണ് ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ ആര്‍.ടി.ഒക്കും ജോ. ആര്‍.ടി.ഒ.വിനും ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമീഷനര്‍മാര്‍ക്കും നല്‍കിയ നിര്‍ദേശം. ഉത്തരവ് ഇറങ്ങിയതോടെ റോഡ് പരിശോധന ഊര്‍ജിതമാക്കി പരമാവധി പിഴ പിരിച്ചെടുക്കാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം. അമിത വേഗതക്ക് പിടിക്കപ്പെട്ട ബസുകളുടെയും മറ്റ് വാഹനങ്ങളുടെയും എണ്ണം, അമിത ഭാരം കയറ്റിയതിന് പിടിക്കപ്പെട്ട ബസുകള്‍, ലോറികള്‍, സ്പീഡ് ഗവേണറില്ലാതെ പിടിയിലായ ബസുകള്‍, ഹെല്‍മറ്റ് ധരിക്കാത്തവര്‍, സീറ്റ് ബെല്‍റ്റ് ഉപയോഗിക്കാത്തവര്‍, അമിത വേഗതയിലും അശ്രദ്ധമായും വാഹനം ഓടിച്ചവര്‍, ഇടത് വശത്തിലൂടെ മറികടക്കുന്നവര്‍, ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍, കാറുകളില്‍ കൂളിങ് ഫിലിം ഒട്ടിച്ചവര്‍, നികുതിയടക്കാത്തവര്‍ തുടങ്ങി വിവിധ കുറ്റങ്ങള്‍ക്ക് പിടിയിലായവരുടെ എണ്ണം പ്രത്യേക പെര്‍ഫോമയില്‍ തയാറാക്കി കൊണ്ടുവരണമെന്ന് ഇതു സംബന്ധിച്ചിറക്കിയ സി4/13951 നമ്പര്‍ സര്‍ക്കുലറില്‍ പറയുന്നു. മറ്റ് കുറ്റകൃത്യങ്ങള്‍, പരിശോധനയില്‍ പിടിയിലായ മൊത്തം വാഹനങ്ങള്‍, റോഡ് പരിശോധനയില്‍ ഈടാക്കിയ തുക, ഓഫിസില്‍ ഈടാക്കിയ പിഴ എന്നിവയുടെ തരംതിരിച്ച കണക്കും ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെ സസ്പെന്‍ഡ് ചെയ്യപ്പെട്ട ഡ്രൈവിങ് ലൈസന്‍സുകളുടെ എണ്ണം, മുന്‍ വര്‍ഷത്തെ കണക്ക് എന്നിവയുടെ വിശദാംശങ്ങളും യോഗത്തില്‍ ഹാജരാക്കാനാണ് നിര്‍ദേശം. പിഴ ഈടാക്കിയതിലെ ‘മിടുക്ക്’ തെളിയിക്കാന്‍ ലഭിച്ച അവസരം പ്രയോജനപ്പെടുത്തി ട്രാന്‍സ്പോര്‍ട്ട് കമീഷണറുടെ പ്രീതി നേടാനായി റോഡ് പരിശോധന ഊര്‍ജിതമാക്കാന്‍ വകുപ്പില്‍ മത്സരം തുടങ്ങി. മൊബൈല്‍ എന്‍ഫോഴ്സ്മെന്‍റ് സ്ക്വാഡുകള്‍ക്ക് പുറമെ ഓഫിസ് ഡ്യൂട്ടിയിലുള്ളവരെയും വരും ദിവസങ്ങളില്‍ റോഡ് പരിശോധനക്ക് നിയോഗിക്കാന്‍ ആര്‍.ടി.ഒമാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
