കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്‍ഡ്: വെളുക്കാന്‍ തേച്ചത് പാണ്ടാകുമോ?
text_fieldsകോഴിക്കോട്: 10 നിലയിൽ പണിതുയ൪ത്തിയിട്ടും പങ്കപ്പാടുകൾക്ക് നടുവിൽതന്നെയാണ് പുതിയ കെ.എസ്.ആ൪.ടി.സി ബസ്സ്റ്റാൻഡ്. യാത്രക്കാരുടെയും ബസുകളുടെയും സൗകര്യത്തെക്കാൾ വ്യാപാര ലക്ഷ്യങ്ങൾക്ക് പ്രാധാന്യം നൽകിയ രൂപകൽപനയാണെന്ന ആരോപണം ശരിവെക്കുന്ന വിധമാണ് കാര്യങ്ങളുടെ പോക്ക്. വെളുക്കാൻ തേച്ചത് പാണ്ടാകുമോ എന്ന ആശങ്ക ഈ കൂറ്റൻ കെട്ടിടം ഇപ്പോൾ പങ്കുവെക്കുന്നു.
ഒരു നിരയിൽ 20 ബസുകൾ വീതം 40 ബസുകൾക്ക് യാത്ര പുറപ്പെടാൻ പാകത്തിലാണ് ബസ് ബേ രൂപകൽപന ചെയ്തിരിക്കുന്നത്. എന്നാൽ, ഈ സ്ഥലം സ൪വീസുകൾ പൂ൪ണമായ രീതിയിൽ ഓപറേറ്റ് ചെയ്യാൻ മതിയാകില്ളെന്ന് ഇപ്പോൾതന്നെ വ്യക്തമായിട്ടുണ്ട്. പഴയ ബസ്സ്റ്റാൻഡിൽ ഇതിൽ കൂടുതൽ ബസുകൾ നി൪ത്തിയിടാനും സ൪വീസ് നടത്താനും സൗകര്യമുണ്ടായിരുന്നതായി ജീവനക്കാ൪തന്നെ സാക്ഷ്യപ്പെടുത്തുന്നു.
നവീകരണത്തിനായി ബസ്സ്റ്റാൻഡ് പൊളിച്ചപ്പോൾ ബസുകൾ രാത്രിസമയത്ത് നി൪ത്തിയിടാൻ താൽക്കാലികമായി സംവിധാനം ഏ൪പ്പെടുത്തിയ പാവങ്ങാട്ടെ വാട്ട൪ അതോറിറ്റിയുടെ രണ്ടര ഏക്ക൪ സ്ഥലം കൂടി കിട്ടിയാലേ സ൪വീസ് സുഗമമായി നടത്താൻ കഴിയൂ എന്നാണ് നി൪മാണ പുരോഗതി വിലയിരുത്താൻ എത്തിയ മന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണനോട് കെ.എസ്.ആ൪.ടി.സി അധികൃത൪ ആവശ്യമുന്നയിച്ചിരിക്കുന്നത്.
ബസ്സ്റ്റാൻഡ് പ്രവ൪ത്തനസജ്ജമായാലും പാവങ്ങാട്ടെ താൽക്കാലിക സംവിധാനം സ്ഥിരമാക്കിയാലേ പ്രയോജനമുള്ളൂവെന്ന് കെ.എസ്.ആ൪.ടി.സി അധികൃത൪തന്നെ വ്യക്തമാക്കുന്നു. നവീകരിക്കുന്നതിന് മുമ്പ് ബസുകൾ സ്റ്റാൻഡിൽതന്നെയായിരുന്നു രാത്രികാലങ്ങളിൽ നി൪ത്തിയിട്ടിരുന്നത്. പുതിയ സ്റ്റാൻഡ് വരുമ്പോഴും പാവങ്ങാട്ടെ താൽക്കാലിക സ്ഥിതി തുടരേണ്ടിവരുന്നത് കെ.എസ്.ആ൪.ടി.സിക്ക് വൻ നഷ്ടമായിരിക്കും വരുത്തിവെക്കുക. കോഴിക്കോട്ടുനിന്ന് പാവങ്ങാട്ടേക്ക് ഒമ്പതു കിലോ മീറ്റ൪ ദൂരമുണ്ട്. രാവിലെ പാവങ്ങാട്ടുനിന്ന് നഗരത്തിലേക്കും രാത്രി തിരികെ പാവങ്ങാട്ടേക്കും ഒരു ബസ് 18 കിലോമീറ്ററാണ് അധികം ഓടേണ്ടിവരുന്നത്. ശരാശരി നാലര ലിറ്റ൪ ഡീസലെങ്കിലും ഒരു ബസിന് മാത്രമായി അധികം വേണ്ടിവരും. 50ലധികം ബസുകൾ ഇപ്പോൾ പാവങ്ങാട്ട് പോയിവരുന്നുണ്ട്. പുതിയ ബസ്സ്റ്റാൻഡ് പ്രവ൪ത്തനസജ്ജമാകുമ്പോൾ അത് 100നടുത്തായി മാറും. കോടികളുടെ നഷ്ടമാണ് ഇതിലൂടെ കെ.എസ്.ആ൪.ടി.സിക്ക് വരാൻ പോകുന്നത്.
പുതിയ കെട്ടിടത്തിൽ ജീവനക്കാ൪ക്ക് അടിസ്ഥാന സൗകര്യങ്ങൾ പരിമിതമാണെന്നും പാവങ്ങാട്ട് എല്ലാവിധ സൗകര്യങ്ങളും ഏ൪പ്പെടുത്തണമെന്നും ജീവനക്കാ൪ ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ സ്റ്റാൻഡിലെ വിശ്രമ മുറിയിൽ വെറും ഒരു ടോയ്ലറ്റ് മാത്രമാണ് ഉള്ളതെന്ന് ജീവനക്കാ൪ പറയുന്നു. യാത്രക്കാ൪ക്കും വേണ്ടത്ര സൗകര്യമില്ല. നേരത്തേ ഒമ്പത് ഓഫിസുകൾ ഇവിടെ പ്രവ൪ത്തിച്ചിരുന്നു. അതിനുള്ള സൗകര്യവും പുതിയ കെട്ടിടത്തിൽ ഉണ്ടാവില്ല എന്നാണ് ജീവനക്കാ൪ പറയുന്നത്.
ഷോപ്പിങ് മാളുകളുടെ അണ്ട൪ഗ്രൗണ്ട് പാ൪ക്കിങ് ഏരിയക്ക് സമാനമായ രീതിയിലാണ് ഇപ്പോൾ ബസ് ബേകൾ രൂപകൽപന ചെയ്തിരിക്കുന്നത്. കോൺക്രീറ്റ് കെട്ടിടങ്ങൾക്ക് താഴെ കെട്ടിടങ്ങളാൽ ചുറ്റപ്പെട്ട നിലയിൽ സ്ഥിതിചെയ്യുന്ന ബസ്സ്റ്റാൻഡിൽ പകൽനേരം പോലും വെളിച്ചം അത്യാവശ്യമാണ്. പ്രായമായവ൪ക്ക് ബോ൪ഡുകൾ തിരിച്ചറിയാൻ പകൽപോലും ബോ൪ഡിലെ ലൈറ്റുകൾ പ്രകാശിപ്പിക്കേണ്ടിവരും. അതിന് പുറമെ വാഹനത്തിൽനിന്ന് പുറപ്പെടുന്ന പുകയും കരിയും പുറത്തേക്ക് പോകാതെ കെട്ടിനിൽക്കുകയും യാത്രക്കാരുടെ ആരോഗ്യത്തെ ബാധിക്കുകയും ചെയ്യും.
ആധുനിക ബസ്സ്റ്റാൻഡിൻെറ രൂപകൽപനയിൽ തുറസ്സായ സ്ഥലത്തിന് പ്രാധാന്യം നൽകുമ്പോഴാണ് അടച്ചുകെട്ടിയ നിലയിൽ ഇവിടെ ബസ്സ്റ്റാൻഡ് ഉയരുന്നത്. ബസ്സ്റ്റാൻഡിനെക്കാൾ വ്യാപാര സമുച്ചയത്തിന് പ്രാധാന്യം നൽകിയ രൂപകൽപന ആയതിനാലാണ് ഈ പിഴവുകൾ വന്നത്. 1,30,000 ചതുരശ്ര അടി സ്ഥലമാണ് വ്യാപാര ആവശ്യങ്ങൾക്കായി നൽകുക. ബസ്സ്റ്റാൻഡ് സജ്ജമാകുന്നതോടെ മാവൂ൪ റോഡിലെ ഗതാഗതക്കുരുക്കും അതിരൂക്ഷമാകും.
ജനുവരിയിൽ തുറന്നുകൊടുക്കാനാവുമെന്നാണ് സന്ദ൪ശന ശേഷം മന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണൻ പറഞ്ഞത്. എന്നാൽ, നിലവിലെ സ്ഥിതിയിൽ അത് സാധ്യമാകുമോ എന്ന ആശങ്കയുമുണ്ട്.
കെട്ടിടത്തിന് ചീഫ് ടൗൺ പ്ളാനറുടെ അനുമതി ഇതുവരെ ലഭിച്ചിട്ടില്ല. വൈദ്യുതീകരണ പ്രവ൪ത്തനങ്ങൾ എവിടെയും എത്തിയിട്ടില്ല. 13 ലിഫ്റ്റുകളാണ് കെട്ടിടത്തിൽ രൂപകൽപന ചെയ്തിരിക്കുന്നത്. ലിഫ്റ്റ് സ്ഥാപിക്കുന്ന പ്രവൃത്തി എവിടെയും എത്തിയിട്ടില്ല.
കോടികൾ മുടക്കിയിട്ടും യാത്രക്കാ൪ക്ക് പ്രയോജനപ്പെടാത്ത നിലയിലായിപ്പോകുമോ ബസ്സ്റ്റാൻഡ് എന്ന ആശങ്കയാണ് മന്ത്രിയുടെ സന്ദ൪ശന ശേഷം നിലനിൽക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.