കാലിക്കറ്റ് വി.സി ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി
text_fieldsതേഞ്ഞിപ്പലം: കാലിക്കറ്റ് സ൪വകലാശാലാ വൈസ് ചാൻസല൪ ഡോ. എം. അബ്ദുസ്സലാം മുസ്ലിംലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരുമായാണ് ച൪ച്ച നടത്തിയത്.
ഇരുവരുടെയും വീട്ടിൽ ശനിയാഴ്ച രാവിലെ ഒമ്പതോടെയാണ് വ്യത്യസ്ത ച൪ച്ചകൾ നടന്നത്. സിൻഡിക്കേറ്റംഗങ്ങളും വി.സിയും തമ്മിലെ അഭിപ്രായഭിന്നതയാണ് സംസാരിച്ചത്. പുതിയ പദവി നൽകിയാൽ ഒഴിയാൻ തയാറാണെന്ന മുൻ നിലപാട് ഇരുവരോടും വി.സി ആവ൪ത്തിച്ചു.
സിൻഡിക്കേറ്റിലെ പ്രശ്നപരിഹാരത്തിന് വി.സി തന്നെയാണ് ഈ നി൪ദേശം മുന്നോട്ടുവെച്ചത്. ഒരുനിലക്കും ഒത്തുപോവില്ളെങ്കിൽ സ്ഥാനമൊഴിയുന്നത് ശരിയെന്ന നിലപാടിലാണ് നേതാക്കളും. മുസ്ലിംലീഗിൻെറ നോമിനിയായി എത്തിയയാൾക്ക് അ൪ഹമായ പദവി നൽകണമെന്ന കാര്യത്തിൽ ഇരു നേതാക്കളും യോജിപ്പ് പ്രകടിപ്പിച്ചു.
സിൻഡിക്കേറ്റിലെ ലീഗ് അംഗങ്ങൾ വി.സിക്കെതിരെ ഒട്ടേറെ പരാതികളാണ് ഇതിനകം നേതൃത്വത്തെ അറിയിച്ചത്. എന്നാൽ, സ൪വകലാശാല നിലനിൽക്കുന്ന തേഞ്ഞിപ്പലം, പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരുടെ നേതൃത്വത്തിൽ വി.സിക്ക് അനുകൂലമായി ചില൪ രംഗത്തുവന്നത് നേതൃത്വത്തിൽ ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്. വി.സിയെ എതി൪ക്കാൻ ലീഗ് നേതൃത്വം നി൪ദേശിച്ചിട്ടില്ളെന്നും ചില വ്യക്തികളുടെ താൽപര്യമാണ് സ്ഥിതി വഷളാക്കിയതെന്നുമാണ് ജനപ്രതിനിധികളുടെ വാദം.
സ൪വകലാശാല ഉൾപ്പെടുന്ന വള്ളിക്കുന്ന് മണ്ഡലം എം.എൽ.എ അഡ്വ. കെ.എൻ.എ ഖാദറും വി.സിയുടെ നിലപാടുകൾക്കൊപ്പമാണ്. സിൻഡിക്കേറ്റിലെ ലീഗ്, കോൺഗ്രസ് പ്രതിനിധികൾ വി.സിക്കെതിരാണെങ്കിലും പ്രാദേശിക യു.ഡി.എഫിലെ നല്ളൊരു ശതമാനവും വി.സിക്ക് അനുകൂലമാണ്. ഇതെല്ലാം കണക്കിലെടുത്താണ് വി.സിക്കു തുല്യമോ മുകളിലോ വരുന്ന തസ്തികകൾ ആലോചിക്കുന്നത്.
ഉടൻ ഒഴിവ് വരുന്ന ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയ൪മാൻ സ്ഥാനം വി.സിക്ക് നൽകുന്നതും ആലോചനയിലാണ്. മുഖ്യമന്ത്രിയുമായി ആലോചിച്ച് ഇക്കാര്യത്തിൽ ഉടൻ തീരുമാനമെടുക്കും. അടുത്തദിവസം വിദ്യാഭ്യാസ മന്ത്രിയും വി.സിയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
