Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightവര്‍ണാഭമായ...

വര്‍ണാഭമായ ഘോഷയാത്രയോടെ ഓണാഘോഷങ്ങള്‍ക്ക് നാളെ തിരശ്ശീല

text_fields
bookmark_border
വര്‍ണാഭമായ ഘോഷയാത്രയോടെ  ഓണാഘോഷങ്ങള്‍ക്ക് നാളെ തിരശ്ശീല
cancel
തിരുവനന്തപുരം: നിശ്ചല ദൃശ്യങ്ങളും ജനപങ്കാളിത്തവും വര്‍ണപ്പൊലിമയുടെ നിറച്ചാര്‍ത്തണിയിക്കുന്ന സാംസ്കാരിക ഘോഷയാത്രയോടെയും തലസ്ഥാനത്ത് ആറു ദിവസമായി നടക്കുന്ന ഓണാഘോഷങ്ങള്‍ക്ക് വ്യാഴാഴ്ച തിരശ്ശീല വീഴും. ഘോഷയാത്രയുടെ ഭാഗമായി വ്യാഴാഴ്ച ഉച്ചക്കുശേഷം നഗരസഭാ പരിധിയിലെ സര്‍ക്കാര്‍ ഓഫിസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളയമ്പലത്തുനിന്ന് കിഴക്കേകോട്ട വരെയുള്ള ഘോഷയാത്രയില്‍ നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരും പഞ്ചവാദ്യവും ഓണപ്പൊട്ടന്മാരും തെയ്യവും അണിനിരക്കുമെന്ന് മന്ത്രി എ.പി. അനില്‍കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കലാവൈവിധ്യവുമായി 3000ത്തോളം കലാകാരന്മാര്‍ അണിനിരക്കുന്ന ഘോഷയാത്രയില്‍ 101 പേരുടെ ചെണ്ടമേളത്തിനൊപ്പം ആലവട്ടവും വെഞ്ചാമരവും വീശും. 150ല്‍പരം സ്ത്രീപുരുഷന്മാര്‍ കേരളീയ വേഷത്തില്‍ മുത്തുക്കുടയും ഓലക്കുടയും ചൂടി നഗരവീഥിയിലൂടെ നീങ്ങും. 40 പരമ്പരാഗത കലാകാരന്മാര്‍ കൊമ്പും തായമ്പകയുംകൊണ്ട് ഘോഷയാത്രക്ക് താളമേളരസം പകരും. 50ല്‍പരം വേലകളിക്കാര്‍ അതിന് ചുവടുവെച്ച് ആചാരയുദ്ധം പയറ്റും. നെയ്യാണ്ടിമേളത്തിനൊപ്പം രാജാറാണി കുതിരകള്‍ നൃത്തം വെക്കും. ഇതിന് പിന്നിലായി മയൂരനൃത്തവും പരുന്താട്ടവും പൂക്കാവടിയും ചിണ്ടക്കാവടിയും അണിനിരക്കും. വള്ളുവനാടന്‍ കലാരൂപങ്ങളായ പൂതന്‍തിറയും ഘോഷയാത്രക്ക് മിഴിവേകും. ചെണ്ടമേളം, ശിങ്കാരിമേളം, പഞ്ചാരിമേളം, നെയ്യാണ്ടിമേളം, തകില്‍, നാദസ്വരം, മദ്ദളം, ഉടുക്ക്, കുമ്മാച്ചിക്കൊട്ട്, പഞ്ചവാദ്യം, വീക്കുചെണ്ട, കൊമ്പ്, കുഴല്‍ എന്നിങ്ങനെ 1500ല്‍പരം താളമേളക്കാര്‍ ഘോഷയാത്രയില്‍ പങ്കെടുക്കും. നൂറോളം വനിതാ ശിങ്കാരിമേളക്കാരും ഇവര്‍ക്കൊപ്പമുണ്ടാകും. ഇതര സംസ്ഥാനങ്ങളിലെ കലാരൂപങ്ങളായ റൈബന്‍ഷോ ഡാന്‍സ് (വെസ്റ്റ് ബംഗാള്‍), ഗര്‍ബ റാസ് ഡാന്‍സ് (ഗുജറാത്ത്), ലുഡി ഡാന്‍സ് (പഞ്ചാബ്), പുരലിയ ചൗ ഡാന്‍സ് (കൊല്‍ക്കത്ത) തുടങ്ങിയവ ഘോഷയാത്രക്ക് പകിട്ടേകും. കേരളീയ കലാരൂപങ്ങളായ കഥകളി, മോഹിനിയാട്ടം, തെയ്യം, കളരിപ്പയറ്റ്, ദര്‍ഫ്മുട്ട്, മാര്‍ഗംകളി, പരിചമുട്ടുകളി, ചവിട്ടുനാടകം, പടയണി, മാജിക്ഷോ, ആഫ്രിക്കന്‍ ഡാന്‍സ് ആന്‍ഡ് ഡ്രംസ് എന്നിവയും അണിനിരക്കുന്നുണ്ട്. മയിലാട്ടം, ഗരുഡന്‍ പറവ, മയൂരനൃത്തം, നാഗനൃത്തം, വേട്ടക്കാരനും വേടത്തിയും തുടങ്ങി അപൂര്‍വ പ്രാചീന നൃത്തച്ചുവടുകളുമായും അനുഷ്ഠാന കലാരൂപങ്ങളുമായും കലാകാരന്മാര്‍ വീഥികള്‍ പുളകിതമാക്കും. ഇതിന് പുറമേ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, കേരള സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സംസ്ഥാന, ജില്ല, പ്രാഥമിക സഹകരണ സ്ഥാപനങ്ങള്‍, ദേശസാത്കൃത ബാങ്കുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ 100ല്‍പരം നിശ്ചലദൃശ്യങ്ങളും 150ഓളം കലാരൂപങ്ങളും ഘോഷയാത്രയില്‍ മത്സരിക്കും. വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍ യൂനിവേഴ്സിറ്റി കോളജിന് മുന്‍വശത്തുള്ള വി.വി.ഐ.പി പവിലിയന്‍െറ മുന്നിലും പബ്ളിക് ലൈബ്രറിയുടെ മുന്‍വശത്തുള്ള വി.ഐ.പി പവിലിയന്‍െറ മുന്നിലും ടൂറിസം ഡയറക്ടറേറ്റിന് എതിര്‍വശത്തും ഒരുക്കുന്ന പ്രത്യേക വേദികളിലും അവതരിപ്പിക്കും. വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് മാനവീയം റോഡിന് സമീപം പ്രത്യേകം തയാറാക്കിയ പവിലിയനില്‍ ഗവര്‍ണര്‍ പി. സദാശിവം ഘോഷയാത്രയുടെ ഫ്ളാഗ്ഓഫ് നിര്‍വഹിക്കും. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ രാത്രി എട്ടിന് നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. സമ്മാനദാനം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിര്‍വഹിക്കും.
Show Full Article
Next Story