Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightകണ്ണുതുറപ്പിക്കുന്ന...

കണ്ണുതുറപ്പിക്കുന്ന സുപ്രീംകോടതി നിരീക്ഷണം

text_fields
bookmark_border
കണ്ണുതുറപ്പിക്കുന്ന സുപ്രീംകോടതി നിരീക്ഷണം
cancel

ഇന്ത്യ ഒരു മതേതര രാജ്യമാണെന്നും രാജ്യത്തെ പൗരന്മാരുടെ ചൊല്ലും ചെയ്തിയും ഈ മതേതര ഘടനയെ ശക്തിപ്പെടുത്താനാവണമെന്നും അനിഷ്ടകരമായ സംഭവവികാസങ്ങൾക്ക് വേണ്ടാവ൪ണം നൽകുന്നതിൽ നിന്നു വിട്ടുനിൽക്കണമെന്നും സുപ്രീംകോടതി ഓ൪മിപ്പിച്ചിരിക്കുന്നു. പത്രവാ൪ത്തകളെയോ കപോലകൽപിതങ്ങളെയോ ആധാരമാക്കിയല്ല നീതിപീഠത്തിനു മുന്നിൽ വരേണ്ടതെന്നും വ്യക്തമായ തെളിവുകൾ നിരത്തിയും അധികൃത൪ക്ക് ആവലാതി ബോധിപ്പിച്ചും നല്ലഭാഷയിലും വേണം കോടതിയിൽ അന്യായം ബോധിപ്പിക്കാനെന്നും കോടതി നി൪ദേശിക്കുന്നു. ഉത്ത൪പ്രദേശിൽ ഒരു പെൺകുട്ടി കൂട്ട മാനഭംഗത്തിനിരയായതുമായി ബന്ധപ്പെട്ട് കുറെ ആരോപണങ്ങളുമായി സുപ്രീംകോടതിയെ സമീപിച്ച ജയതി ഭരതം എന്ന എൻ.ജി.ഒയുടെ പൊതുതാൽപര്യഹരജി പരിഗണിക്കെയാണ് ചീഫ് ജസ്റ്റിസ് ആ൪.എം. ലോധ, ജസ്റ്റിസ് കുര്യൻ ജോസഫ്, ജസ്റ്റിസ് ആ൪.എഫ് നരിമാൻ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചിൻെറ നിരീക്ഷണം.
പശ്ചിമ യു.പിയിൽ മീറത്ത് ജില്ലയിലെ സറാവയിൽ മദ്റസ വിദ്യാ൪ഥികൾക്ക് ഹിന്ദി പഠിപ്പിച്ചിരുന്ന 20കാരി, ഗ്രാമപ്രധാനും മദ്റസ അധ്യാപകനും മറ്റും ചേ൪ന്ന് തന്നെ കൂട്ടമാനഭംഗത്തിനിരയാക്കിയെന്നും നി൪ബന്ധിച്ചു മതംമാറ്റിയെന്നും ആഗസ്റ്റ് മൂന്നിനു പൊലീസിനു മൊഴിനൽകിയത് യു.പിയിൽ വിവാദത്തിനു തിരികൊളുത്തിയ പശ്ചാത്തലത്തിലാണ് അന്യായക്കാ൪ സുപ്രീംകോടതിയെ സമീപിച്ചത്. വിവിധ മദ്റസകളിൽ കൊണ്ടുപോയി തന്നെ പീഡിപ്പിച്ചെന്നും ഒരു കേന്ദ്രത്തിൽ കുറെ ഹിന്ദു പെൺകുട്ടികളെ അറബികൾക്ക് വിവാഹം ചെയ്തുകൊടുത്ത് ഗൾഫ്നാടുകളിലേക്ക് കയറ്റിയയക്കാനുള്ള രേഖയിൽ ഒപ്പിടുവിക്കുന്നതു കണ്ടെന്നുമൊക്കെ പെൺകുട്ടിയുടെ പേരിൽ പ്രസ്താവനകൾ വന്നു. ഇതോടെ, അന്യമതക്കാരെ പ്രണയത്തിലൂടെയും പീഡിപ്പിച്ചും മതംമാറ്റാനുള്ള ഈ ഗൂഢശ്രമം മുമ്പ് കേരളത്തിൽ നടന്ന ‘ലൗ ജിഹാദി’ൻെറ തുട൪ച്ചയാണെന്ന ആരോപണവുമായി സംഘ്പരിവാ൪ നേതാക്കൾ രംഗത്തുവന്നു. എസ്.പി സ൪ക്കാറിൻെറ നിഷ്ക്രിയത്വത്തിനെതിരെ രാഷ്ട്രീയ മുതലെടുപ്പിനു താൽപര്യമുള്ളവ൪ അതും മുതലാക്കി. അങ്ങനെ, ഇതര യു.പി ഗ്രാമങ്ങളിൽനിന്നു വ്യത്യസ്തമായി ഇരു മതവിഭാഗങ്ങളും ഇടകല൪ന്നു കഴിയുന്ന സരാവയിലും സമീപപ്രദേശങ്ങളിലും വ൪ഗീയവൈരം കത്തിക്കാൻ സംഭവം ഉപയോഗപ്പെടുത്തുന്നതിൻെറ ഭാഗമായിരുന്നു പരമോന്നത നീതിപീഠത്തെ പ്രശ്നത്തിൽ ഇടപെടുവിക്കാനുള്ള ശ്രമം.
2009ൽ കേരളത്തിൻെറ സാമൂഹികാന്തരീക്ഷത്തിൽ അസ്വസ്ഥത സൃഷ്ടിച്ച ‘ലൗ ജിഹാദ്’ എന്ന ക്ഷുദ്രമാധ്യമ സൃഷ്ടിയുടെ തനിയാവ൪ത്തനത്തിനാണ് യു.പിയിൽ ഒരുപിടി മാധ്യമങ്ങളും അതിൻെറ ചുവടുപിടിച്ച് സംഘ്പരിവാറും ശ്രമിക്കുന്നത്. യുവതി പീഡനത്തിനിരയായെന്നു പറയുന്ന സംഭവം അന്വേഷിക്കുന്നതിനു പകരം അതിനെ പൊടിപ്പും തൊങ്ങലും വെച്ച് വ൪ഗീയധ്രുവീകരണത്തിനും രാഷ്ട്രീയ മുതലെടുപ്പിനും കരുവാക്കുകയാണവ൪. സംഭവത്തിൻെറ നിജസ്ഥിതി ആരാഞ്ഞ അഖിലേന്ത്യ ജനാധിപത്യ മഹിള ഫെഡറേഷൻെറ വസ്തുതാന്വേഷണ റിപ്പോ൪ട്ട് അനുസരിച്ച് ദരിദ്രവീട്ടിലെ മുതി൪ന്ന പെൺകുട്ടി കുടുംബം പോറ്റാൻ സുഹൃത്തിൻെറ നി൪ദേശപ്രകാരം 2013 ജൂലൈയിൽ മദ്റസയിൽ ഹിന്ദി അധ്യാപികയായി. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ഫൈനൽ ബി.എ പരീക്ഷ എഴുതാൻ ജോലി വിട്ടു. ഇക്കാലയളവിനിടയിൽ മദ്റസയിൽനിന്നു ഉപദ്രവമുണ്ടായതായി യുവതി പരാതിപ്പെട്ടിട്ടില്ല. ഇക്കഴിഞ്ഞ ജൂലൈ 23ന് വീട്ടിൽനിന്ന് അപ്രത്യക്ഷയായ യുവതി 27ന് തിരിച്ചത്തെി. മകളെ കാണാതായതായി അന്നു വീട്ടുകാ൪ പരാതിപ്പെട്ടിട്ടില്ല. രണ്ടുനാൾ കഴിഞ്ഞ് 29ന് രാത്രി യുവതി വീണ്ടും അപ്രത്യക്ഷയായപ്പോൾ രക്ഷിതാക്കൾ പൊലീസിൽ പരാതിനൽകി. ആഗസ്റ്റ് മൂന്നിന് തിരിച്ചത്തെിയപ്പോഴാണ് യുവതി പീഡന പരാതി നൽകുന്നത്. ആദ്യ അപ്രത്യക്ഷമാകലിനിടെ യുവതി ഗ൪ഭനീക്ക ശസ്ത്രക്രിയക്കു വിധേയയായിരുന്നെന്ന് ആരോഗ്യവകുപ്പ് റിപ്പോ൪ട്ടുകളിൽ പറയുന്നുണ്ട്. യുവതിയുടെ പരാതിയിൽ പറയുന്ന ഗ്രാമപ്രധാനെയും രണ്ടു സ്ത്രീകളെയും അറസ്റ്റ് ചെയ്ത പൊലീസ് മതംമാറ്റം സംബന്ധിച്ചു പ്രചരിക്കുന്നതെല്ലാം വെറും കെട്ടുകഥകളാണെന്നു വ്യക്തമാക്കുന്നുണ്ട്. മുങ്ങിയ ഒരു പ്രതിക്കു വേണ്ടിയും സംഭവത്തിനു പിന്നിലെ ദുരൂഹത നീക്കാനും പൊലീസ് അന്വേഷണം തുടരുന്നുമുണ്ട്. ഇതിനിടെയാണ് ഈ പ്രചാരവേലകളെയും മാധ്യമ റിപ്പോ൪ട്ടുകളെയും ആധാരമാക്കി അന്യായക്കാ൪ കോടതിയിലത്തെിയത്.
മുമ്പ് കേരളത്തിലും ഇതുതന്നെയാണ് സംഭവിച്ചത്. വ൪ഗീയശക്തികളുടെ പ്രചാരണ വാറോലകളെ ആധാരമാക്കിയത്തെിയ പരാതി അന്ന് കേരള ഹൈകോടതി പരിഗണിച്ച് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. അന്വേഷണത്തിനൊടുവിൽ കോടതിക്കുതന്നെ ഇത് അസംബന്ധമാണെന്നു പറഞ്ഞ് തള്ളേണ്ടിവന്നു. എന്നാൽ, അപ്പോഴേക്കും കേരളത്തിലെ സാമുദായികാന്തരീക്ഷം വഷളാക്കാൻ വിധ്വംസകശക്തികൾക്ക് വേണ്ടത്ര സമയം ലഭിച്ചു. ഈ ദുരനുഭവം മുന്നിലിരിക്കെ, നീതിന്യായ വ്യവസ്ഥയുടെ അന്തസ്സ് ഉയ൪ത്തിപ്പിടിക്കുന്ന സുപ്രീംകോടതിയുടെ നിരീക്ഷണം സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. അടിസ്ഥാനരഹിതമായ ആവലാതികൾ സൃഷ്ടിച്ചേക്കാവുന്ന സാമൂഹികവിപത്തിനെ കുറിച്ച് ബോധവത്കരിക്കുകയാണ് പരമോന്നത നീതിപീഠം ചെയ്തത്. അതിൻെറ അന്തസ്സത്ത ഉൾക്കൊണ്ട് കേസ് അന്വേഷണം ഊ൪ജിതമാക്കി കുറ്റവാളികളെ പിടികൂടി ക൪ശനശിക്ഷ നൽകാനും സംഭവത്തിനു പിന്നിലെ പുകമറ നീക്കി വസ്തുതകൾ പുറത്തുകൊണ്ടുവരാനും യു.പി സ൪ക്കാ൪ വ്യഗ്രത കാണിക്കട്ടെ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story