മലയാള സിനിമയുടെ ഗതിമാറ്റിയ പരീക്കുട്ടിയുടെ ഓര്‍മക്ക് 45 വയസ്സ്
text_fieldsമട്ടാഞ്ചേരി: മലയാള സിനിമയിൽ മാറ്റത്തിന് തുടക്കം കുറിച്ച ചലചിത്ര നി൪മാതാവ് ടി.കെ. പരീക്കുട്ടി ഓ൪മയായിട്ട് 45 വ൪ഷം. നി൪മിച്ച ഒമ്പത് ചിത്രങ്ങളിൽ നാലെണ്ണത്തിന് ദേശീയ പുരസ്കാരവും ഒമ്പത് ചിത്രങ്ങൾക്കും സംസ്ഥാന അവാ൪ഡും. തൊട്ടതെല്ലാംപൊന്നാക്കി മാറ്റിയ നി൪മാതാവ് ചലചിത്രങ്ങളുടെ ലോകത്തുനിന്ന് വിടപറഞ്ഞത് 1969 ജൂലൈ 21നാണ്.
1954ൽ പുറത്തിറങ്ങിയ ‘നീലക്കുയിൽ’ ചലചിത്രം നി൪മിച്ചത് പരീക്കുട്ടിയുടെ ചന്ദ്രതാര പ്രൊഡക്ഷൻസ് ആയിരുന്നു. ഹിന്ദി, തമിഴ് സിനിമകളുടെ റീമേക്കുകളായിരുന്നു അക്കാലത്ത് മലയാള സിനിമയിൽ പ്രത്യക്ഷപ്പെട്ട ഗാനങ്ങൾ.
പരാജയ ഭീതി കാരണം രീതിയിൽ മാറ്റം വരുത്താൻ നി൪മാതാക്കൾ തയാറാവാതിരുന്ന സമയത്താണ് മലയാളത്തിന് സ്വന്തമായി ഈണവും താളവും വേണമെന്ന രാമു കാര്യാട്ടിൻെറയും പി. ഭാസ്കരൻെറയും അഭിലാഷം പൂ൪ത്തീകരിക്കാൻ ടി.കെ.പി എന്നറിയപ്പെട്ടിരുന്ന ടി.കെ. പരീക്കുട്ടി തയാറായത്. പി.ഭാസ്കരൻ-രാഘവൻ മാസ്റ്റ൪ കൂട്ടുകെട്ടിൽ നീലക്കുയിൽ റിലീസ് ചെയ്തു.ഈ ചിത്രം വെള്ളിമെഡലോടെ തെക്കേഇന്ത്യയിൽതന്നെ ആദ്യമായി ദേശീയ പുരസ്കാരം നേടി. 1963ലാണ് മധുവിന് മലയാള സിനിമയിൽ അഭിനയിക്കാൻ അവസരമൊരുക്കി ‘മൂടുപടം’ ചിത്രം നി൪മിച്ചത്. യൂസുഫലി കേച്ചേരി ഗാനരചയിതാവായതും ഈ ചിത്രത്തിലൂടെയാണ്.
1964ലാണ് മലയാളത്തിൻെറ ആദ്യ ബിഗ് ബജറ്റ് ചിത്രമായ ‘തച്ചോളി ഒതേനൻ’ ചന്ദ്രതാര പ്രൊഡക്ഷൻസ് റിലീസ് ചെയ്തത്. 1967ൽ കുഞ്ഞാലി മരക്കാരും 1969ൽ ആൽമരവും ചന്ദ്രതാരയുടെ ബാനറിൽ പുറത്തിറങ്ങി. എ.ടി. ഉമ്മറിന് സംഗീത സംവിധായകനായി അവസരം നൽകിയതും ഈ സിനിമയിലൂടെയായിരുന്നു.
മലയാളത്തിലെ പ്രശസ്തരായ എഴുത്തുകാരെ സിനിമയിലേക്ക് കൈപിടിച്ചുകൊണ്ടുവന്നതും പരീക്കുട്ടിയായിരുന്നു. ഉറൂബ് (നീലക്കുയിൽ), തോപ്പിൽഭാസി (മുടിയനായ പുത്രൻ), എസ്.കെ. പൊറ്റക്കാട് (മൂടുപടം) വൈക്കം മുഹമ്മദ് ബഷീ൪ (ഭാ൪ഗനിലയം) എന്നിവരും പരീക്കുട്ടിയുടെ സിനിമക്കുവേണ്ടി പേന ചലിപ്പിച്ചു. 1909ൽ എറണാകുളം ജില്ലയിലെ ഏലൂ൪, എടയാറിൽ തേൻകുഴി പറമ്പിൽ കുഞ്ഞു മരക്കാറിൻെറയും ഹൗവ്വ ഉമ്മയുടെയും മകനായി ജനിച്ച പരീക്കുട്ടി പിന്നീട് ഫോ൪ട്ടുകൊച്ചി കൽവത്തിയിലേക്ക് താമസം മാറ്റി. ചേറ്റുവയിൽവെച്ച് രാമുകാര്യാട്ടുമായി പരിചയപ്പെടാൻ ഇടയായതാണ് നി൪മാതാവാകാൻ വഴിയൊരുക്കിയത്.
ഒരു സിനിമയെടുക്കണമെന്ന് ആവശ്യപ്പെട്ട് വീട്ടിലത്തെിയ രാമുകാര്യാട്ടിനോടും പി. ഭാസ്കരനോടും മറുപടിയായി പരീക്കുട്ടി പറഞ്ഞത് ഇത്രമാത്രം ’പണം കാര്യമാക്കേണ്ട പൊതുജനത്തിന് ഗുണകരമായ സന്ദേശം നൽകുന്ന ചിത്രങ്ങളായിരിക്കണം, മലയാളത്തിൻെറ അന്തസത്ത കാക്കണം. പരീക്കുട്ടിയാണ് സംസ്ഥാനത്ത് ആദ്യമായി 70 എം.എം വിസ്താരമായ സ്ക്രീനോടുകൂടിയ തിയറ്റ൪ നി൪മിച്ചത്. മലയാള സിനിമയെ ദേശീയ തലത്തിലേക്ക് കൈപിടിച്ചുകയറ്റിയ പരീക്കുട്ടിയെ മലയാള സിനിമയുടെ 75ാം വാ൪ഷികം ആഘോഷിച്ച വേളയിൽ പോലും വിസ്മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
