Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightമലപ്പുറത്ത്...

മലപ്പുറത്ത് ഗൃഹാതുരതക്ക് വീടൊരുക്കി അറബി മലയാളി

text_fields
bookmark_border
മലപ്പുറത്ത് ഗൃഹാതുരതക്ക് വീടൊരുക്കി അറബി മലയാളി
cancel

ജിദ്ദ: ഇക്കരെ താമസം എത്രനാൾ നീണ്ടാലും മാനസം അക്കരെ കാത്തുസൂക്ഷിക്കുന്ന സവിശേഷത ഗൾഫ് മലയാളിക്കു സ്വന്തം. എന്നാൽ മലനാട്ടിൽനിന്നു നിന്നു കുറ്റിയും പറിച്ചുപോന്നു തലമുറകൾ കഴിഞ്ഞിട്ടും നാളികേരത്തിൻെറ നാടുമായുള്ള ഈ പൊക്കിൾകൊടി ബന്ധം മുറിയരുതെന്നു ശാഠ്യമുള്ള സൗദി മലയാളികൾ വിരളം. അക്കൂട്ടത്തിലൊരാളാണ് ജിദ്ദയിലെ പ്രശസ്തമായ കയറ്റുമതി സ്ഥാപനമായ അൽഫദ്ൽ ഫ്രെയ്റ്റ് സൊലൂഷൻസ് ഉടമ അബ്ദുറഹ്മാൻ അബ്ദുല്ല യൂസുഫ്. പിതാവ് കുടഞ്ഞെറിഞ്ഞു പോന്നിട്ടും പിറന്ന മണ്ണിനോടുള്ള പിരിശം കെടാതെ സൂക്ഷിച്ച ഉമ്മയുടെ ഗൃഹാതുരതകൾ അനന്തരമെടുത്ത അബ്ദുറഹ്മാൻ ഇപ്പോൾ സ്വന്തം മോഹങ്ങൾക്ക് മലപ്പുറം കൂട്ടിലങ്ങാടിയിലെ കടലുണ്ടി പുഴയോരത്ത് പുരകെട്ടുകയാണ്. ഇതാദ്യമായി പെരുന്നാളിന് കുടുംബവുമായി നാടു പിടിക്കുന്ന കൂട്ടുകാരുടെ ‘ഫദ്ൽ’ ഇത്തവണ മലപ്പുറത്തത്തെുന്നത് അറബ് സജ്ജീകരണങ്ങളോടെ മലയാളത്തിൽ പണികഴിപ്പിച്ച സ്വന്തം വീട്ടിൽ അവരെ കുടിയിരുത്താൻ കൂടിയാണ്. പെരുന്നാളിൻെറ തൊട്ടടുത്തയാഴ്ച ആഗസ്റ്റ് നാലിന് കൂട്ടിലങ്ങാടിയിലെ പുഴയോരത്ത് നി൪മിച്ച വീടിൻെറ ഗൃഹപ്രവേശത്തിന് ഒരുങ്ങിയാണ് ഈ അറബി മലയാളിയുടെ ഇത്തവണത്തെ കേരള യാത്ര.
ബ്രിട്ടീഷ് എംബസിയിൽ ജോലി കിട്ടി സൗദിയിൽ കുറ്റിയടിച്ച പിതാവിൻെറ മകനായി ഇവിടെ ജനിച്ചുവള൪ന്നിട്ടും അബ്ദുറഹ്മാൻെറ കണ്ണിലും കരളിലും എന്നും മലയാളം പച്ചപിടിച്ചു നിന്നു. പി.ഐ.ഒ (പഴ്സൺ ഓഫ് ഇന്ത്യൻ ഒറിജിൻ) എന്ന വിദേശമലയാളിയുടെ വിലാസം സമ്പാദിച്ച് ഇടക്കിടെ നാടുമായുള്ള ബന്ധം പുതുക്കി. എന്തേ ഇങ്ങനെയൊരു ആത്മബന്ധം എന്ന ചോദ്യത്തിന് അബ്ദുറഹ്മാൻ മലപ്പുറം മനസ്സിലേറ്റി ജീവിച്ച ഉമ്മയെ അനുസ്മരിക്കും. സ്വാതന്ത്ര്യസമരക്കാലത്ത് വാഗൺട്രാജഡി ദുരന്തത്തിൽ രക്തസാക്ഷിത്വം വരിച്ചതാണ് പിതാമഹൻ മുഹ്യിദ്ദീൻ. ആ ഉപ്പയുടെ മങ്ങാത്ത ഓ൪മകളുമായാണ് സ്വാതന്ത്ര്യത്തിൻെറ പുലരി തെളിയുന്നതിനു പിറകെ അബ്ദുറഹ്മാൻെറ പിതാവ് കൂട്ടിലങ്ങാടിയിലെ മംഗലത്തുകുടി അബ്ദുല്ല സൗദിയിലത്തെുന്നത്. ഇവിടെ ബ്രിട്ടീഷ് എംബസിയിലെ ജോലിയും പുണ്യഭൂമിക്കടുത്ത് ജിദ്ദയിലെ താമസവുമായി ഇഴുകിച്ചേ൪ന്നതോടെ അബ്ദുല്ലക്ക് നാടത്ര കാര്യമായിരുന്നില്ല. എന്നാൽ ബലദിൽ ഹാറതുശ്ശാമിലെ ‘കോട്ട’ക്കകത്തെ ജീവിതത്തിൽ ഉമ്മ സംതൃപ്തയായിരുന്നില്ളെന്നും അവരുടെ ഉള്ളിലെന്നും നാടു പച്ചച്ചു നിന്നിരുന്നുവെന്നും അബ്ദുറഹ്മാൻ കണ്ടു. അതു കൊണ്ടു തന്നെയാവാം, 21ാം വയസ്സിൽ സൗദി എയ൪ലൈൻസ് ഉദ്യോഗസ്ഥനായിരിക്കെ വിദേശിയെ കല്യാണം കഴിച്ചുകൂടെന്നായിട്ടും സ്വന്തം ചുറ്റുവട്ടത്തുനിന്നു മലയാളിയെ തന്നെ മകൻ ഭാര്യയാകട്ടെ എന്നവ൪ നിശ്ചയിച്ചുറപ്പിച്ചതും. ഉമ്മയുടെ ഈ മലയാളക്കൂറു തന്നെയും ആവേശിച്ചെന്ന് കൂട്ടുകാരുടെ ‘ഫദ്ൽ’ ആയ അബ്ദുറഹ്മാൻ. വീട്ടിൽ ഉമ്മയും ഞങ്ങളും മലയാളം സംസാരിച്ചു. സഹോദരിസഹോദരന്മാരെല്ലാം ഈയൊരു മലപ്പുറം പെരുമ കാത്തുസൂക്ഷിക്കുന്നുണ്ട്; ചിലരൊക്കെ ഉഴപ്പുന്നുണ്ടെങ്കിലും - ചെറുചിരിയോടെ അദ്ദേഹം പറയുന്നു. 13ാം വയസ്സിൽ ഒരു പെരുമഴക്കാലത്തായിരുന്നു ആദ്യ മലപ്പുറം യാത്ര. മുംബൈയിൽ വിമാനമിറങ്ങി ട്രെയിനിൽ നാട്ടിലത്തെിയപ്പോൾ എങ്ങും കൂരിരുട്ട്. ബലദിലെ പച്ചവെളിച്ചത്തിൽ നിന്നു മൈലപ്പുറത്തെ ഊടുവഴികളിലേക്കിറങ്ങിയപ്പോൾ ശരിക്കും അന്ധാളിച്ചു പോയി. ചൂട്ടു കത്തിച്ചു വീശിയുള്ള ആളുകളുടെ യാത്ര വലിയ കൗതുകം തന്നെയായിരുന്നു. എങ്കിലും പച്ചപ്പും സമൃദ്ധമായ മഴയും ആക൪ഷിച്ചു. അതോടൊപ്പം ശരിയായ ജീവിതവും അവിടെയാണെന്ന് അടുത്തറിഞ്ഞു. പിന്നീട് പലവുരു നടത്തിയ യാത്രയിലൂടെ ഗൾഫിൻെറ സമൃദ്ധിയിലും നാടിൻെറ പരുത്ത യാഥാ൪ഥ്യങ്ങൾ ജീവിതത്തിൽ നിന്നു വിസ്മൃതമാകരുതെന്നുറച്ചു. ഇതു മക്കളിലേക്കും പക൪ന്നു നൽകണമെന്ന ആഗ്രഹത്താലാണ് മലപ്പുറത്ത് വീടുവെച്ചതെന്ന് അബ്ദുറഹ്മാൻ പറയുന്നു. മുമ്പൊരു യാത്രക്കിടെ മുംബൈ തെരുവോരത്തു മാലിന്യപ്പെട്ടി തപ്പി അതിൽ നിന്നു ചപ്പാത്തി കുടഞ്ഞെടുത്ത് അരയിൽ തിരുകുന്ന ഒരാളെ കണ്ടു. മക്കൾക്കു ഞാനത് കാണിച്ചുകൊടുത്തു. ഇങ്ങനെയുമുണ്ട് മനുഷ്യ൪ എന്നും നമ്മുടെ നില എന്തെന്നും അവരെ തെര്യപ്പെടുത്തുകയായിരുന്നു- അത് പറയുമ്പോൾ ഇപ്പോഴും ആ കണ്ണുകളിൽ നനവ്. പരുത്ത ജീവിതയാഥാ൪ഥ്യങ്ങൾ അറിയുമ്പോഴേ കാരുണ്യത്താൽ മനം തരളിതമാകുകയുള്ളൂ. അതുകൊണ്ട് മക്കളെയും മലപ്പുറത്തോടു ചേ൪ത്തു നി൪ത്തണം. വാമൊഴിയിൽ താൻ ബാക്കിവെച്ച മലയാളം പക്ഷേ, മക്കൾ കൈയൊഴിഞ്ഞതിൽ കുണ്ഠിതമുണ്ട്. എങ്കിലും കേട്ടു മനസ്സിലാക്കാനാവും. എന്നല്ല, പച്ചമലയാളത്തിൻെറ പരിസരത്തെ മറ്റേതു രാജ്യത്തേക്കാളും അവ൪ ഇഷ്ടപ്പെടുന്നു. അവ൪ക്കും പി.ഐ.ഒ കാ൪ഡ് സമ്പാദിക്കണം. മെയ്യില്ളെങ്കിലും മനസ്സെങ്കിലും മലപ്പുറത്ത് കുറ്റിയടിച്ചു നി൪ത്തണം. അങ്ങനെ അറബി-മലയാളത്തിൻെറ ഇരട്ടിമധുരം തലമുറകളിലേക്ക് അവ൪ കൊളുത്തിവെക്കണം - ഈ സ്വപ്ന വിത്തെറിയാനാണ് ക൪ക്കിടകപ്പെയ്ത്തിൻെറ തിമി൪പ്പിൽ ഈ 28ന് അബ്ദുറഹ്മാൻ കരിപ്പൂരിൽ പ്രാ൪ഥനാപൂ൪വം വിമാനമിറങ്ങുന്നത്.

Show Full Article
TAGS:
Next Story