റെന്‍റ് എ കാര്‍ തട്ടിപ്പ്: സംഘത്തലവന്‍ ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍
text_fieldsതൃശൂ൪: റെൻറ് എ കാ൪ എന്ന വ്യവസ്ഥയിൽ വാടകക്കെടുക്കുന്ന കാറുകൾ ആന്ധ്രപ്രദേശിൽ വൻ തുകക്ക് പണയപ്പെടുത്തുകയും വിൽക്കുകയും ചെയ്യുന്ന സംഘത്തിലെ നാലുപേരെ തൃശൂ൪ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. സംഘത്തലവൻ മലപ്പുറം തിരുനാവായ സ്വദേശി ചെറുപറമ്പിൽ ഷബീ൪ (39), കൂട്ടാളികളായ തിരുനാവായ സ്വദേശി മാവുംകുന്നത്ത് സൈനുദ്ദീൻ (29), മലപ്പുറം താടിപ്പടി പുളിക്കപറമ്പിൽ റഷീദ് (36), പട്ടാമ്പി കൊപ്പം കൈപ്പുറം കോഴിക്കാട്ടിൽ നാസ൪ (35) എന്നിവരാണ് അറസ്റ്റിലായത്. ഷബീറിനെ വ്യാഴാഴ്ച കോയമ്പത്തൂ൪ സിറ്റി പൊലീസിൻെറ സഹായത്തോടെ കോയമ്പത്തൂരിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. മറ്റുള്ളവരെ മലപ്പുറം, തിരുനാവായ, തിരൂ൪ എന്നിവിടങ്ങളിൽ നിന്നും പിടിച്ചു. ആന്ധ്രപ്രദേശിലെ ഒരു വൻ ക്രിമിനൽ സംഘത്തിൻെറ ഒത്താശയോടെയാണ് ഈ റാക്കറ്റ് പ്രവ൪ത്തിച്ചിരുന്നതെന്ന് സിറ്റി പൊലീസ് കമീഷണ൪ പി. പ്രകാശ് വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു. രണ്ടോ മൂന്നോ മാസത്തെ വാടക നൽകി പിന്നീട് കാ൪ കടത്തിക്കൊണ്ടുപോവുകയാണ് ഇവരുടെ രീതി. കുന്നംകുളം, അന്തിക്കാട്, വടക്കേക്കാട്, ഗുരുവായൂ൪, പേരാമംഗലം എന്നീ സ്റ്റേഷനുകളിലും മലപ്പുറം, പാലക്കാട്, എറണാകുളം, കണ്ണൂ൪ ജില്ലകളിലും മണൽകടത്ത്, പൊലീസിനെ ആക്രമിച്ച കേസ് എന്നിവയുൾപ്പെടെ 20 കേസുകൾ ഷബീറിൻെറ പേരിലുണ്ട്. മലപ്പുറം തിരൂ൪ സ്റ്റേഷനിൽ മാത്രം ഷബീറിനെതിരെ മണൽകടത്ത്, വ്യാജ പാസ്പോ൪ട്ട് നി൪മാണം എന്നിവയുൾപ്പെടെ 20 കേസുകൾ വേറെയും രജിസ്റ്റ൪ ചെയ്തിട്ടുണ്ട്. തമിഴ്നാട്, ആന്ധ്രപ്രദേശ്, ക൪ണാടക എന്നീ സംസ്ഥാനങ്ങളിൽ ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. കേരളത്തിൽ നിന്നും 17 കാറുകൾ വാടകക്കെടുത്ത് വിൽപന നടത്തിയെന്ന് ഇയാൾ മൊഴിനൽകിയതായി പൊലീസ് അറിയിച്ചു. 2013ൽ ഗുരുവായൂ൪ പൊലീസ് സ്റ്റേഷൻ പരിധിയിൽ രണ്ട് കാറുകൾ മോഷ്ടിച്ച കേസിൽ ഗുരുവായൂ൪ പൊലീസിലാണ് ഷബീറിൻെറ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഷബീറിനെ ചോദ്യം ചെയ്തതിൽ നിന്നാണ് ഇയാളുടെ കൂട്ടാളികളെപ്പറ്റിയുള്ള വിവരം ലഭിക്കുന്നത്. തിരുവനന്തപുരം, എറണാകുളം, തൃശൂ൪, പാലക്കാട്, കണ്ണൂ൪, ആലപ്പുഴ എന്നീ ജില്ലകളിൽ നിന്നാണ് ഇവ൪ കാ൪ വാടകക്കെടുത്ത് മറിച്ചു വിൽപന നടത്തിയത്. ഇവരെ കൂടാതെ മറ്റ് ആളുകൾ സംഘത്തിൽ ഉണ്ടോയെന്നതും ഇവരെ ചുറ്റിപ്പറ്റിയുള്ള ക്രിമിനൽ സംഘത്തെക്കുറിച്ചും അന്വേഷണം നടത്തിവരുകയാണെന്ന് പൊലീസ് അറിയിച്ചു. ഗുരുവായൂ൪ അസി. കമീഷണ൪ക്കാണ് കേസന്വേഷണത്തിൻെറ ചുമതല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
