ഒബ്രിഗാദോ...
text_fieldsപുത്തൻ അനുഭവങ്ങളുടെ കളിമൈതാനവും പിന്നിട്ട് ഇനി മടക്കയാത്ര. ഭൂഗോളം പന്തിനു പിന്നാലെ പോയ കളിമഴക്കാലം ഇനി ഓ൪മയിൽ മാത്രം. കാൽപന്തിനെ നെഞ്ചേറ്റുന്ന കാനറികളുടെ കൂട്ടിൽനിന്ന് നാട്ടിലേക്ക് ചേക്കേറാൻ സമയമായി. വിവിധ ഭാഷകളും വേഷങ്ങളും സംസ്കാരവും സമന്വയിക്കുന്ന മീഡിയ സെൻററിലും വളൻറിയ൪ സെൻററിലും യാത്രയയപ്പിൻെറ പൊടിപൂരമാണ്. പണ്ട് പത്താം ക്ളാസ് പരീക്ഷയുടെ അവസാനദിനം അനുഭവിച്ച നൊമ്പരം. സുഹൃത്തുക്കളുടെ തോളിൽ കൈയിട്ട് ഫോട്ടോക്ക് പോസ് ചെയ്യുമ്പോൾ ഇടനെഞ്ച് പിടയുന്നു. ഫിഫ പ്രസിഡൻറ് സെപ് ബ്ളാറ്ററുടെ ഒപ്പുള്ള സ൪ട്ടിഫിക്കറ്റും മെഡലും പിന്നെ ലോകകപ്പിൻെറ ഭാഗ്യചിഹ്നമായ ഫുലേക്കയുടെ മാതൃകയും വളൻറിയ൪മാ൪ക്കെല്ലാം കിട്ടി. ബ്രസീൽ ലോകകപ്പിൻെറ എക്കാലവും ജ്വലിക്കുന്ന ആ സ്മരണപത്രങ്ങൾ ഉടയാതെ, ഉലയാതെ ബാഗിൽ അടുക്കിവെച്ചു. ലോകത്തിൻെറ വിവിധ ഭാഗങ്ങളിൽനിന്നത്തെിയ ഒഫീഷ്യൽസിന് ബ്ളാറ്റ൪ നന്ദിപറഞ്ഞപ്പോൾ അഭിമാനം തോന്നി.
ജീവിതത്തിലെ അസുലഭനിമിഷങ്ങളാണ് ദാ എന്ന് പറയുമ്പോലെ കഴിഞ്ഞുപോയതെന്ന് ഞങ്ങളുടെ ടീമിലെ ഹെൽഡ൪ പറയുന്നു. കൂട്ടായ്മക്കിടെ സംസാരിക്കുമ്പോൾ ഹെൽഡറിൻെറ വാക്കുകൾ സങ്കടം കാരണം മുറിഞ്ഞു.
മനുഷ്യസ്നേഹത്തിൻെറ മഹനീയ മാതൃകയാണ് ലോകകപ്പും വിവിധ നാടുകളിൽനിന്നുള്ളവ൪ ഒത്തൊരുമിച്ചുള്ള വളൻറിയ൪ ജോലിയുമെന്ന് ആസ്ട്രേലിയക്കാരൻ സാം പറയുന്നു. ഇന്ത്യയുടെ നന്മകളും മറ്റും അവ൪ക്ക് വിവരിച്ചുകൊടുക്കാൻ എനിക്കായി. എല്ലാവരും ഇന്ത്യയും കൊച്ചുകേരളവും കാണാനുള്ള ആഗ്രഹത്തിലാണ്. ജോലിയിൽനിന്ന് അവധിയെടുത്ത് കറങ്ങാൻ പോകുമ്പോൾ ഒരുനാൾ കേരളത്തിലുമത്തൊനാകുമെന്ന പ്രതീക്ഷ അവരുടെ വാക്കുകളിലുണ്ട്.
വളൻറിയ൪ സെൻററിന് മുന്നിൽ അഡിഡാസിൻെറ ഭീമൻ ബനിയൻ തൂങ്ങിനിൽപുണ്ട്. മുഴുവൻ പേരുടെയും കൈയൊപ്പു ചാ൪ത്താനുള്ളതാണ് ഈ ‘ഒപ്പുകുപ്പായം’. കാസ൪കോട്ടെ എൻഡോസൾഫാൻ വിരുദ്ധ പോരാട്ടവേദിയിലെ ഒപ്പുമരത്തെ അനുസ്മരിപ്പിക്കുന്നു ഈ ഒപ്പുകുപ്പായം.
സാഹോദര്യത്തിൻെറയും സ്നേഹത്തിൻെറയും മഷി നിറച്ച പേനകൊണ്ട് വിറച്ചുവിറച്ച് എഴുതി ഒപ്പിട്ടു. ‘ബ്രസീൽ ട്വീറ്റ്സ്’ എന്ന കോളം തുടങ്ങിയിടത്തുതന്നെ അവസാനിപ്പിക്കട്ടെ; ഒബ്രിഗാദോ... നന്ദി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
