ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം തമ്പിദുരൈക്ക് നല്‍കിയേക്കും
text_fieldsന്യൂഡൽഹി: ലോക്സഭയിലെ പ്രതിപക്ഷ നേതൃസ്ഥാനത്തിനു പുറമെ, ഡെപ്യൂട്ടി സ്പീക്ക൪ സ്ഥാനവും ബി.ജെ.പി കോൺഗ്രസിന് നിഷേധിച്ചേക്കും. പ്രതിപക്ഷ നിരയിലെ രണ്ടാമത്തെ വലിയ കക്ഷിയായ എ.ഐ.എ.ഡി.എം.കെക്ക് (37 സീറ്റ്) ഡെപ്യൂട്ടി സ്പീക്ക൪ സ്ഥാനം നൽകാമെന്ന് വാഗ്ദാനമുണ്ട്. എം. തമ്പിദുരൈയെ ഡെപ്യൂട്ടി സ്പീക്കറാക്കാൻ പാ൪ട്ടി നേതാവ് ജയലളിത ഒരുങ്ങുന്നുവെന്നാണ് സൂചന.
പ്രതിപക്ഷത്തെ ഭിന്നിപ്പിച്ചു ഭരിക്കുന്ന രീതി ഫലപ്രദമായി നടപ്പാക്കിവരുകയാണ് ബി.ജെ.പി. ഡെപ്യൂട്ടി സ്പീക്ക൪ സ്ഥാനം ഏറ്റെടുക്കാൻ തയാറായിനിൽക്കുന്ന എ.ഐ.എ.ഡി.എം.കെ തിങ്കളാഴ്ച വിവാദ ട്രായ് നിയമഭേദഗതി ഓ൪ഡിനൻസിനെ പിന്തുണച്ചാണ് സംസാരിച്ചത്. മൂന്നാമത്തെ വലിയ കക്ഷിയായ തൃണമൂൽ കോൺഗ്രസും കോൺഗ്രസിൻെറ സഖ്യകക്ഷിയായ എൻ.സി.പിയും ഈ വിഷയത്തിൽ ബി.ജെ.പിയെ അനുകൂലിക്കുകയാണുണ്ടായത്.
പ്രതിപക്ഷ നേതൃസ്ഥാനത്തിന് കോൺഗ്രസ് അവകാശവാദമുന്നയിച്ചിട്ടുണ്ടെങ്കിലും മെല്ളെപ്പോക്ക് നയത്തിലാണ് ബി.ജെ.പി.
ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ലോക്സഭാ സ്പീക്കറാണെന്നാണ് നിലപാട്. കേന്ദ്ര വിജിലൻസ് കമീഷൻ തുടങ്ങിയ ഭരണഘടനാ പദവികളിലെ നിയമനങ്ങളിൽ പ്രതിപക്ഷ നേതാവിൻെറ കൂടി അഭിപ്രായം തേടണമെന്നിരിക്കെ, ആ പദവിക്ക് മുമ്പെന്നത്തേക്കാൾ പ്രാധാന്യവുമുണ്ട്. ദേശീയ പാ൪ട്ടിയായ കോൺഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനം നൽകാതെ പ്രാദേശിക കക്ഷികൾക്ക് മെച്ചപ്പെട്ട പദവികൾ നൽകി കോൺഗ്രസിനെ തരംതാഴ്ത്താനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ഇതിൽ ജയലളിതക്കും മമതക്കും പ്രത്യേക സന്തോഷവുമുണ്ട്.
ഡെപ്യൂട്ടി സ്പീക്ക൪ സ്ഥാനം എ.ഐ.എ.ഡി.എം.കെക്ക് നൽകുമ്പോൾ, പബ്ളിക് അക്കൗണ്ട്സ് കമ്മിറ്റി ചെയ൪മാൻ സ്ഥാനം മാത്രം കോൺഗ്രസിന് നൽകാമെന്നാണ് ബി.ജെ.പിക്കുള്ളിലെ ച൪ച്ച.
ലോക്സഭയുമായി ബന്ധപ്പെട്ട 22 കമ്മിറ്റികളിൽ മൂന്നെണ്ണം മാത്രമാണ് ഇക്കുറി കോൺഗ്രസിന് കിട്ടുക. മറ്റു 19 സമിതികളുടെ അധ്യക്ഷന്മാരും ഒറ്റക്ക് കേവല ഭൂരിപക്ഷമുള്ള ബി.ജെ.പിയിൽ നിന്നാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
