Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 July 2014 4:52 PM IST Updated On
date_range 10 July 2014 4:52 PM ISTഡോളര്‍ തട്ടിപ്പ്: അറസ്റ്റിലായവര്‍ നിരവധി കേസുകളിലെ പ്രതികള്‍
text_fieldsbookmark_border
പയ്യന്നൂര്‍: ഡോളര്‍ നല്‍കാമെന്ന് പറഞ്ഞ് പണം കൈപ്പറ്റുന്ന സംഭവത്തില്‍ പയ്യന്നൂര്‍ പൊലീസിന്‍െറ പിടിയിലായ പ്രതികള്‍ വധശ്രമക്കേസ് ഉള്‍പ്പെടെ നിരവധി കേസുകളില്‍ ഉള്‍പ്പെട്ടതായി വിവരം. പൊലീസിന്‍െറ ചോദ്യം ചെയ്യലിലാണ് പ്രതികളുടെ മറ്റ് കേസുകള്‍ വെളിച്ചത്ത് വന്നത്. അറസ്റ്റിലായ ടി.പി. അബ്ദുല്‍ ഫത്താഹ് കാസര്‍കോട് രാജപുരം സി.പി.എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കുഞ്ഞിരാമനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയാണ്. ഇതിന് പുറമെ മഞ്ചേരിയില്‍ ആളെ തട്ടിക്കൊണ്ടുപോയ കേസിലും സ്വര്‍ണം കടത്തിയ കേസിലും ഇയാള്‍ ഉള്‍പ്പെട്ടതായി പൊലീസ് പറഞ്ഞു. എസ്.എ. അബ്ദുല്‍ സത്താറിനെതിരെ കാസര്‍കോട് ടൗണ്‍ സ്റ്റേഷനില്‍ വിശ്വാസ വഞ്ചന നടത്തിയെന്നതിനും പരാതിയുണ്ട്. മറ്റൊരു പ്രതിയായ എസ്. സത്താര്‍ കുമ്പളയില്‍ ബലാത്സംഗ കേസിലും വ്യാജ പാസ്പോര്‍ട്ടില്‍ വിദേശയാത്ര ചെയ്ത കേസിലും പ്രതിയാണ്. ഡല്‍ഹി വിമാനത്താവളത്തില്‍ പിടിയിലായ ഇയാള്‍ തിഹാര്‍ ജയിലില്‍ ശിക്ഷ അനുഭവിച്ചതായും പൊലീസ് പറഞ്ഞു. പി.പി. ഷബീര്‍ കൂത്തുപറമ്പില്‍ ലോറി മോഷണ കേസില്‍ ഉള്‍പ്പെട്ടതായും പൊലീസ് പറയുന്നു. മറ്റ് പ്രതികളും പല കേസുകളിലും ഉള്‍പ്പെട്ടതായും ഇതുസംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചുവരുകയാണെന്നും പൊലീസ് അറിയിച്ചു. ഡോളര്‍ തട്ടിപ്പിന് കളമൊരുക്കിയത് അബ്ദുല്‍ ഫത്താഹ് ആണെന്നാണ് പൊലീസ് പറയുന്നത്. ഇയാള്‍ കുഞ്ഞിമംഗലത്ത് താമസിച്ചിരുന്നു. ജനതാദള്‍ എസ് സംസ്ഥാന സമിതി അംഗമായ എന്‍.കെ. ഭാസ്കരനെ സമീപിച്ച് ഡോളര്‍ വിനിമയത്തെക്കുറിച്ച് സംസാരിച്ചത് ഫത്താഹാണെന്ന് പറയുന്നു. ഭാസ്കരന്‍െറ സ്ഥലം വില്‍പന നടത്തിയ വിവരമറിഞ്ഞതിനെ തുടര്‍ന്നാണത്രേ സമീപിച്ചത്. ആറുലക്ഷം ഡോളര്‍ കൈവശമുണ്ടെന്നും ഇതിന് 35 ലക്ഷം ഇന്ത്യന്‍ രൂപ വില വരുമെന്നും അറിയിച്ചുവത്രേ. പണമുണ്ടെങ്കില്‍ ഇരുവിഭാഗത്തിനും ലാഭകരമായ വിധത്തില്‍ കൈമാറ്റം ചെയ്യാമെന്നും ഫത്താഹ് പറഞ്ഞുവത്രേ. ഡോളറിന്‍െറ യഥാര്‍ഥ മൂല്യത്തിന്‍െറ 40 ശതമാനം വരുന്ന തുകയുടെ ഇന്ത്യന്‍ കറന്‍സി നല്‍കിയാല്‍ മതിയെന്ന് വാഗ്ദാനം നല്‍കിയതായും പറയുന്നു. ഡോളറിന്‍െറ രണ്ട് നോട്ടുകളും കറുത്ത കടലാസുകളുപയോഗിച്ചാണ് തട്ടിപ്പ്. ഇരുഭാഗത്തും ഡോളറുകള്‍ വെച്ച് മധ്യഭാഗത്ത് കറുത്ത കടലാസുകള്‍ വെച്ചാണത്രേ തട്ടിപ്പ്. കറുത്ത കടലാസ് യഥാര്‍ഥ ഡോളറാണെന്നും പൊലീസിന്‍െറ കണ്ണുവെട്ടിക്കാന്‍ കളര്‍ പുരട്ടിയതാണെന്നും ചൂടാക്കിയാല്‍ കളര്‍ മാറി ഡോളറാവുമെന്നും പറഞ്ഞാണ് തട്ടിപ്പ് നടത്തുന്നതത്രേ. ഭാസ്കരന്‍ പ്രതികളുമായി കരാര്‍ ഉറപ്പിച്ചശേഷം പയ്യന്നൂര്‍ പൊലീസിന് വിവരം കൈമാറുകയായിരുന്നു. ഇതു പ്രകാരം പ്രത്യേക സ്ഥലത്തുവെച്ച് പണം കൈമാറി. ഡോളര്‍ നല്‍കുന്നതിനിടയില്‍ പൊലീസ് സംഘം വളയുകയായിരുന്നു. പ്രതികളെ പയ്യന്നൂര്‍ ഒന്നാംക്ളാസ് മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
