Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 July 2014 4:31 PM IST Updated On
date_range 10 July 2014 4:31 PM ISTകായംകുളവും പരിസരവും ആത്മീയ തട്ടിപ്പുകാരുടെ വിഹാര കേന്ദ്രം
text_fieldsbookmark_border
കായംകുളം: കായംകുളവും പരിസരവും ആത്മീയ തട്ടിപ്പുകാരുടെ വിഹാര കേന്ദ്രമായി വളരുന്നു. തട്ടിപ്പ് നടത്തുന്ന രണ്ട് ‘സിദ്ധന്മാര്‍’ അടുത്തടുത്ത് പിടിയിലായതോടെ മന്ത്രവാദ മറവില്‍ നടക്കുന്ന തട്ടിപ്പുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. നിധി മുതല്‍ കോളജ് പ്രവേശവും സന്താന സൗഭാഗ്യവുമൊക്കെ വാഗ്ദാനം ചെയ്താണ് സാധാരണക്കാരെ തട്ടിപ്പിന് വിധേയമാക്കുന്നത്. വ്യാജതങ്ങളെ പെരിങ്ങാലയില്‍നിന്നും പാമ്പുസ്വാമിയെ അഴീക്കലില്‍നിന്നും പൊലീസ് പിടികൂടിയതോടെ മറ്റ് മന്ത്രവാദികളുടെ കാര്യവും പരുങ്ങലിലായിരിക്കുകയാണ്. കായംകുളത്താണ് സംഭവങ്ങളൊക്കെ നടന്നതെങ്കിലും പിടിക്കാന്‍ ഓച്ചിറ പൊലീസ് തന്നെ വേണ്ടിവന്നു. മംഗലാപുരം അടക്കാര്‍പടപ്പ് ബദ്രിയാ മന്‍സിലില്‍ കെ.എം. ഇബ്രാഹിം എന്ന ആദില്‍ ഷൗക്കത്തിനെയാണ് (47) പെരിങ്ങാലയില്‍നിന്ന് പൊലീസ് പിടികൂടിയത്. സന്താന സൗഭാഗ്യ ചികിത്സക്കായി 17 ലക്ഷം രൂപ തട്ടിയതിന് പിടിയിലായ വ്യാജ തങ്ങള്‍ക്കെതിരെ വിസാ തട്ടിപ്പ് സംബന്ധിച്ച പരാതികളുടെ കുത്തൊഴുക്കാണുള്ളത്. കൊല്ലം സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന തങ്ങളെയും സഹായി സജുവിനെയും കായംകുളം പൊലീസും കസ്റ്റഡിയില്‍ വാങ്ങിയിരിക്കുകയാണ്. ചേരാവള്ളി സ്വദേശി അഷറഫില്‍നിന്ന് രണ്ട് ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലാണ് രണ്ട് ദിവസത്തേക്ക് കായംകുളം പൊലീസിന്‍െറ കസ്റ്റഡിയിലേക്ക് ഇവരെ നല്‍കിയിരിക്കുന്നത്. തങ്ങള്‍ക്ക് കായംകുളത്ത് വി.ഐ.പി പരിഗണനയാണ് ലഭിക്കുന്നതെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. ഗസ്റ്റ് റൂമില്‍ കസേരയിട്ട് ഇരുത്തി തെളിവ് ശേഖരിക്കുന്നതാണ് വിവാദമായത്. അതേസമയം കോളജുകളില്‍ പ്രവേശം വാങ്ങി നല്‍കാമെന്ന് വ്യാമോഹിപ്പിച്ച് വിദ്യാര്‍ഥികളില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയതിന് പിടിയിലായ പാമ്പുസ്വാമിയെ കസ്റ്റഡിയില്‍ വാങ്ങാനുള്ള ശ്രമവും കായംകുളം പൊലീസ് നടത്തുന്നുണ്ട്. അഴീക്കല്‍ പറയിടത്ത് വിജയലാലാണ് (38) ഇരുതലമൂരി പാമ്പുമായി ഓച്ചിറ പൊലീസിന്‍െറ പിടിയിലായത്. അമൃതാ മെഡിക്കല്‍ കോളജില്‍ ബി.ഡി.എസിന് പ്രവേശം വാങ്ങി നല്‍കാമെന്ന് മോഹിപ്പിച്ച് ആറ് ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് ഇയാള്‍ പിടിയിലായത്. പന്തളം ഏനാത്ത് സ്വദേശികളായ മൂന്ന് വിദ്യാര്‍ഥികളില്‍നിന്ന് 6,85,000 രൂപ തട്ടിയെടുത്ത പരാതിയിലാണ് അറസ്റ്റ്. കായംകുളം സി.എന്‍. ലോഡ്ജ് കേന്ദ്രീകരിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നത്. ഇരുതലമൂരി പാമ്പുമായി തട്ടിപ്പ് നടത്തുന്ന സ്വാമി ക്ളാപ്പന തോട്ടത്തില്‍മുക്കിലെ വീട്ടിലുണ്ടെന്ന വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ റെയ്ഡിലാണ് ‘പാമ്പുമായി’ സ്വാമി പിടിയിലായത്. വന്യജീവി സംരക്ഷണ നിയമപ്രകാരം സ്വാമിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതിനാലാണ് കായംകുളത്ത് കസ്റ്റഡിയില്‍ ലഭിക്കാന്‍ വൈകുന്നത്. ഇരുതലമൂരി പാമ്പിനെ കാണിച്ച് മന്ത്രവാദ തട്ടിപ്പ് നടത്തുന്നതിലുള്ള വിരുതാണ് പാമ്പുസ്വാമിയെന്ന വിളിപ്പേര് വീഴാന്‍ കാരണം. ഏകമുഖ രുദ്രാക്ഷം, വെള്ളിമൂങ്ങ, ഇരുതലമൂരി എന്നിവ നല്‍കാമെന്ന് പറഞ്ഞും പലരില്‍നിന്നും ഇയാള്‍ പണം തട്ടിയിട്ടുള്ളതായി പൊലീസ് പറഞ്ഞു. കായംകുളം പരിസരം കേന്ദ്രീകരിച്ച് നിരവധി വ്യാജ മന്ത്രവാദികളാണ് പ്രവര്‍ത്തിക്കുന്നത്. മുട്ട പ്രയോഗം മുതല്‍ മഷിനോട്ടം വരെ സര്‍വതിനും പരിഹാരവുമായി നടക്കുന്ന മന്ത്രവാദികള്‍ക്ക് മുന്നില്‍ നീണ്ടനിരയാണ് കാത്തുനില്‍ക്കുന്നത്. ജനങ്ങളുടെ അജ്ഞത മുതലെടുത്ത് നടത്തുന്ന തട്ടിപ്പ് നിയന്ത്രിക്കാന്‍ സംവിധാനങ്ങളില്ലാത്തതാണ് മന്ത്രവാദികളുടെ ബലം. ഒമ്പത് വര്‍ഷമായി പെരിങ്ങാല കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തിവന്നിരുന്ന വ്യാജ തങ്ങള്‍ യാദൃച്ഛികമായി പിടിയില്‍ വീണതോടെ ഇതുസംബന്ധിച്ച് ചര്‍ച്ചയും സജീവമാകുകയാണ്. എം.എല്‍.എമാരടക്കം ഉന്നത രാഷ്ട്രീയ ബന്ധമുള്ള തങ്ങള്‍ക്കെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നുവെങ്കിലും നടപടിയെടുക്കാന്‍ പൊലീസ് തയാറാകാതിരുന്നതാണ് തട്ടിപ്പിന്‍െറ വ്യാപ്തി വര്‍ധിക്കാന്‍ കാരണമായത്. മൗലവിമാരടക്കം വലിയൊരു സംഘത്തെ ഒപ്പം കൂട്ടിയാണ് തങ്ങള്‍ തട്ടിപ്പ് നടത്തിയിരുന്നത്. ഇതേരീതി തന്നെയാണ് പാമ്പുസ്വാമിയും തട്ടിപ്പിനായി അവലംബിച്ചിരുന്നത്. അമൃതാ കോളജില്‍ പ്രവേശത്തിന് ലക്ഷങ്ങള്‍ തട്ടിയതായി പരാതി നേരത്തെ തന്നെ കായംകുളം പൊലീസിന് ലഭിച്ചിരുന്നുവെങ്കിലും ഉന്നത ബന്ധങ്ങള്‍ കാരണമാണത്രെ പിടിക്കപ്പെടാതിരുന്നത്. ‘തങ്ങളുടെ’ അതേ രീതിയിലുള്ള നിരവധി വ്യാജ മന്ത്രവാദികളാണ് കായംകുളത്തും പരിസരത്തും നോട്ടീസടിച്ചും അല്ലാതെയും തട്ടിപ്പ് നടത്തിക്കൊണ്ടിരിക്കുന്നത്. ആത്മീയ ചികിത്സയുടെ മറവിലുള്ള തട്ടിപ്പായതിനാല്‍ പരാതി നല്‍കാന്‍ പലരും മടിക്കുന്നതാണ് ഇത്തരക്കാര്‍ അവസരമാക്കുന്നത്. ഇവരെ നിയന്ത്രിക്കാനും നടപടികളുണ്ടാകണമെന്ന ആവശ്യം ഉയര്‍ന്നുതുടങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
