ബ്രസീലിന് അന്ത്യ കൂദാശ വാട്ട്സപ്പില്‍; അര്‍മാദിച്ച് ‘അര്‍ജന്‍റീന’ക്കാര്‍
text_fieldsദുബൈ: ‘ഗോൾ അടിക്കാനുള്ള ജ൪മൻ കളിക്കാ൪ ക്യൂ പാലിക്കണം. തിക്കും തിരക്കും കൂട്ടരുത്. അടിച്ചവ൪ മാറിനിന്ന് അടിക്കാത്തവ൪ക്ക് അവസരം കൊടുക്കണം. എല്ലാവ൪ക്കും ചാൻസ് ഉണ്ട്’. ബ്രസീലിൻെറ വലയിലേക്ക് ജ൪മനിക്കാ൪ തുരുതുരെ ഗോളുകൾ അടിച്ചുകൂട്ടിക്കൊണ്ടിരിക്കെ വന്ന വാട്ട്സ്അപ്പ് സന്ദേശ പ്രളയത്തിൽ നിന്നുള്ള ഒരു സാമ്പിൾ മാത്രമാണിത്.
ബുധനാഴ്ച പുല൪ച്ചെ ബെലോ ഹൊറിസോണ്ടയിൽ ലോകകപ്പ് ഫുട്ബാൾ സെമിഫൈനൽ മത്സരം കാണാൻ ടെലിവിഷൻ മാത്രം നോക്കിയിരുന്നാൽപോരായിരുന്നു. മുന്നിൽ ടെലിവിഷനും കൈയിൽ മൊബൈലും എന്നതായിരുന്നു അവസ്ഥ. വാട്ട്സപ്പിലേക്കും ഫേസ്ബുക്കിലേക്കും ഇടതടവില്ലാതെ സന്ദേശങ്ങൾ ഒഴുകുകയായിരുന്നു. എല്ലാത്തിൻെറയും കുന്തമുന പാവം ബ്രസീൽ ഫാൻസിനെ ലക്ഷ്യമാക്കിയും. ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ എന്ന മട്ടിൽ എല്ലാറ്റിനും പിന്നിൽ അ൪ജൻറീന ഫാൻസായിരുന്നു. ജ൪മൻ ആരാധക൪പോലും ഏറ്റവും അധികം ലോകചാമ്പ്യൻ പട്ടം ചൂടിയ ബ്രസീലിൻെറ പതനത്തിൽ അല്പം സഹതാപം കാട്ടിയപ്പോൾ ‘അ൪ജൻറീന’ക്കാ൪ ഒരുതരിയും വിട്ടുകൊടുത്തില്ല. ജ൪മ്മൻ ടീം ബ്രസീലിനെ ആക്രമിച്ചപോലെ അവ൪ ബ്രസീ൪ ആരാധകരെ നി൪ദയം കൊന്നുകൊലവിളിച്ചു. സോഷ്യൽമീഡിയയിൽ മഞ്ഞക്കുപ്പായക്കുനേരെ ശരവ൪ഷം തന്നെയായിരുന്നു.
പ്രവാസികൾ കൂട്ടം കൂടിയിരുന്നു കളി കണ്ട മുറികളിൽ നിന്നും ഹോട്ടലുകളിൽ നിന്നും സന്ദേശങ്ങൾ നാട്ടിലേക്കും തിരിച്ചും പറന്നു.
ആദ്യ പകുതിയുടെ തുടക്കത്തിൽ തന്നെ രണ്ടുഗോൾ വീണപ്പോൾ വരാനിരിക്കുന്ന ദുരന്തം മുൻകൂട്ടി കണ്ട ചില ‘ബ്രസീലുകാ൪’ കമ്പിളിപുതപ്പിലേക്ക് ഊളിയിട്ടു. ‘അ൪ജൻറീനക്കാ൪’ക്കിടയിൽ കുടുങ്ങിപ്പോയ ചില൪ക്ക് കളി കഴിഞ്ഞിട്ടും പരിഹാസ ശരങ്ങളിൽ നിന്ന് രക്ഷപ്പെടാനായില്ല.
സോഷ്യൽ മീഡിയയിൽ അ൪ജൻറീനക്കാരുടെ അ൪മാദമായിരുന്നു നേരംപുലരുവോളം. ബ്രസീലുകാ൪ക്ക് ടീം തോറ്റ ദു:ഖത്തേക്കാൾ സഹിക്കാനാവാഞ്ഞത് മെസ്സിപ്പിള്ളേരുടെ ആഹ്ളാദാരവമായിരുന്നു. അവരെ വാട്ട്സപ്പിലും ഫേസ്ബുക്കിലും ട്വിറ്ററിലുമൊന്നും കാണാനുണ്ടായിരുന്നില്ല. ഗോൾ വാരിക്കൂട്ടാൻ കുട്ട എടുക്കാൻ പോയതായിരുന്നു എന്നായിരുന്നു അതിന് ഒരു അ൪ജൻൈറൻ കമൻറ്.
ആദ്യ പകുതി കഴിഞ്ഞപ്പോൾ തന്നെ ബ്രസീലിൻെറ ശവസംസ്കാരം വാട്ട്സപ്പിൽ നടന്നു. ശവപ്പെട്ടിക്ക് മുകളിൽ ബ്രസീൽ പതാക പുതപ്പിച്ചും പുഷ്പചക്രം അ൪പ്പിച്ചുമുള്ള ചിത്രങ്ങളായിരുന്നു കൂടുതൽ. നേരത്തെ തയാറാക്കിവെച്ചത് മുതൽ അപ്പപ്പോൾ നി൪മിച്ചെടുത്തത് വരെ മൊബൈലുകളിൽ നിന്ന് മൊബൈലുകളിലേക്ക് ഒഴുകി. മഞ്ഞകുപ്പായത്തിൽ ഒരുത്തനെ കിടത്തി അടുത്തിരുന്ന് വേദഗ്രന്ഥം ഓതുന്ന ചിത്രം ‘ഇൻസ്റ്റൻറ്’ ആയിരുന്നു. അപ്പോഴതാ വരുന്നു ‘കളിക്കാഞ്ഞത് നന്നായി’ എന്നുപറഞ്ഞ് നെയ്മ൪ പൊട്ടിച്ചിരിക്കുന്ന ചിത്രം. ബ്രസീൽ ഫാൻസിനെ ആരെയും കാണുന്നില്ലല്ളോ എന്ന ചോദ്യം, മമ്മൂട്ടി ഇരുട്ടത്ത് ടോ൪ച്ചടിച്ച് നോക്കുന്ന ചിത്രത്തിനൊപ്പം വന്നത് ബ്രസീലുകാരെ സംബന്ധിച്ച് ശവത്തിൽ കുത്തുന്നതിന് തുല്യമായിരുന്നു.
‘ഇവിടെ ഇപ്പോ എന്താ സംഭവിച്ചേ ? ആരാ പടക്കം പൊട്ടിച്ചേ ?’ എന്ന ഇന്നസെൻറ് ഡയലോഗ് ബ്രസീൽ കളിക്കാരുടെ സമാന പോസിലുള്ള ചിത്രങ്ങൾക്കൊപ്പം ചില൪ പോസ്റ്റി. ബ്രസീൽ പതാകക്കുമേൽ കൂട്ടത്തോടെ മൂത്രമൊഴിക്കുന്ന ചിത്രം വരെ ഇക്കൂട്ടത്തിലുണ്ടായിരുന്നു.
ദൈവം ബ്രസീലുകാരനല്ല എന്ന ഒരു ദു:ഖിതൻെറ കമൻറും ഇതിനിടയിൽ കണ്ടു. ‘ജ൪മ്മനി പ്ളീസ് ഒന്നു നി൪ത്തൂ’ എന്ന വിലാപവും വന്നു.
ദു:ഖ സാന്ദ്രമായ സംഗീതം ഓഡിയോക്ളിപ്പായും വരുന്നുണ്ടായിരുന്നു. ‘ഞങ്ങളെ നാട്ടിൽ വന്നിട്ട്, ഞങ്ങളെ ചോറു തിന്നിട്ട്,ഇങ്ങനെയൊക്കെ പാടുണ്ടോ, അഞ്ചു ഗോളിൽ നി൪ത്താമോ’ എന്ന വിലാപ കാവ്യമായിരുന്നു സൂപ്പ൪ ഹിറ്റ്. വാട്ട്സ്അപ്പുള്ളവ൪ക്കെല്ലാം ഇതു കേൾക്കാനായി. ആറടിയിൽ ബ്രസീലിന് പട്ടട എന്ന് പോസ്റ്റ് ചെയ്യുമ്പോഴേക്ക് ഏഴാമത്തെ ഗോൾ വീണ കുണ്ഠിതത്തിലായിരുന്നു ഒരാൾ. കാണികൾക്ക് ആ൪ക്കെങ്കിലൂം ഗോളടിക്കണമെന്നുണ്ടെങ്കിൽ ഉടൻ ജ൪മൻ കോച്ചിനെ സമീപിക്കുക എന്ന കമൻറ് ലക്ഷ്യമിട്ടത് ബ്രസീൽ ആരാധകരുടെ ഹൃദയം തന്നെ. ‘ഇനി ഗപ്പ് ജ൪മ്മനിക്ക് കൊടുത്തേക്കൂ’ എന്നായിരുന്നു ഒരു ജ൪മ്മൻ ആരാധകൻെറ ഫിഫയോടുള്ള അപേക്ഷ.
തോൽവിയുടെ അനിവാര്യത ബോധ്യമായതോടെ ബ്രസീൽ ആരാധകരും പതുക്കെ സമനില വീണ്ടെടുത്തു. ലൂസേഴ്സ് ഫൈനലിൽ മെസ്സിയെയും കൂട്ടരെയും കാണിച്ചുതരാമെന്ന മറുപടിയിലെ ‘കുത്ത്’ അ൪ജൻറീനക്കാ൪ക്കും കൊണ്ടു.
ഇതിനിടയിൽ പലരും ജ൪മ്മനി, ഹോളണ്ട് പക്ഷത്തേക്ക് കൂറുമാറി. കളി കഴിഞ്ഞതോടെ ബ്രസീലുകാ൪ ഒന്നടങ്കം ഹോളണ്ടുകാരായിരുന്നു. നാളെ കാണിച്ചുതരാമെന്ന് പറഞ്ഞാണ് മഞ്ഞക്കുപ്പായക്കാ൪ ഉറങ്ങാൻപോയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
