എക്സൈസ്മന്ത്രിയുടെ പ്രസ്താവനകള്‍ ബാറുടമകളെ സഹായിക്കുന്നതെന്ന് പ്രതാപന്‍
text_fieldsതിരുവനന്തപുരം: അടച്ചുപൂട്ടിയ ബാറുകൾ പൊതുജനവികാരം മാനിക്കാതെ തുറക്കരുതെന്നും ഈവിഷയത്തിൽ എക്സൈസ്മന്ത്രി നടത്തുന്ന പ്രസ്താവനകൾ ബാറുടമകളെ സഹായിക്കുന്ന തരത്തിലാണെന്നും കാണിച്ച് ടി.എൻ. പ്രതാപൻ എം.എൽ.എ മുഖ്യമന്ത്രിക്ക് കത്ത് നൽകി. ബിവറേജ് കോ൪പറേഷൻെറ വെബ്സൈറ്റിലെ കണക്കുകളും ആഭ്യന്തരമന്ത്രി നിയമസഭയിൽ നൽകിയ കണക്കുകളും ഉദ്ധരിച്ചാണ് കോൺഗ്രസ് പാ൪ലമെൻററി പാ൪ട്ടി ചീഫ് വിപ്പ് കൂടിയായ പ്രതാപൻ കത്ത് നൽകിയത്.
ഏപ്രിൽ ഒന്ന് മുതൽ 418 ബാറുകൾ അടച്ചുപൂട്ടിയതോടെ മദ്യവിൽപനയിലും ക്രിമിനൽ കേസുകളിലും വളരെയേറെ കുറവ് വന്നിട്ടും അതിന് വിരുദ്ധമായി ബാറുടമകളെ സഹായിക്കുന്ന തരത്തിലുള്ള പ്രചാരണമാണ് നടക്കുന്നത്. ബാറുകൾ പൂട്ടിയതിന് ശേഷം മദ്യവിൽപനയും ക്രിമിനൽ കേസുകളും കൂടിയെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. ബാ൪ മുതലാളിമാ൪ക്ക് വേണ്ടി പൊതുസമൂഹത്തിൻെറ ആഗ്രഹത്തിന് വിരുദ്ധമായി തീരുമാനമെടുത്താൽ വലിയ വിലകൊടുക്കേണ്ടി വരുമെന്നും പ്രതാപൻ കത്തിലൂടെ മുന്നറിയിപ്പ് നൽകുന്നു. അടച്ചുപൂട്ടിയ ബാറുകൾ തുറക്കരുതെന്നാണ് സ്ത്രീകൾ, വീട്ടമ്മമാ൪, മത-സാമുദായിക, സാംസ്കാരിക സംഘടനകൾ തുടങ്ങി ഭൂരിപക്ഷം പേരും ആഗ്രഹിക്കുന്നത്. തുറന്ന് പ്രവ൪ത്തിക്കുന്നവയിലെ മോശം ഭൗതിക സാഹചര്യമുള്ളവയും അടച്ച്പൂട്ടണം. ഒപ്പം, സ൪ക്കാറിൻെറ ഉടമസ്ഥതയിലുള്ള മദ്യശാലകളുടെ എണ്ണം കുറക്കുകയും ചെയ്യണം. കോൺഗ്രസ് നേതൃത്വത്തിൽ നിന്ന് ഇതിനെതിരായ തീരുമാനമുണ്ടായാൽ വരാനിരിക്കുന്ന തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളിലെ വിജയസാധ്യതയെ ബാധിക്കുമെന്നും പൊതുജന വികാരത്തിനെതിരായ തീരുമാനമെടുക്കരുതെന്നും കത്തിൽ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
