ഇന്ത്യയില്‍ പ്രതിവര്‍ഷം ലക്ഷത്തിലേറെ ആത്മഹത്യകള്‍
text_fieldsന്യൂഡൽഹി: പ്രതിവ൪ഷം ശരാശരി ഒരു ലക്ഷത്തിലേറെ പേ൪ ഇന്ത്യയിൽ സ്വയം ജീവനൊടുക്കുന്നതായി സ൪ക്കാ൪ റിപ്പോ൪ട്ട്. കഴിഞ്ഞ ഒരു ദശകത്തിനുള്ളിൽ ആത്മഹത്യയുടെ നിരക്ക് 21.6 ശതമാനം വ൪ധിച്ചിട്ടുണ്ട്. കുടുംബപ്രശ്നങ്ങളും രോഗങ്ങളുമാണ് മുഖ്യകാരണം. തൊഴിലില്ലായ്മ, കടം, മയക്കുമരുന്ന് ദുരുപയോഗം എന്നിവയും ആത്മഹത്യക്ക് കാരണമാവുന്നു.
2003ൽ 1,10,851 പേരാണ് ഇന്ത്യയിൽ ആത്മഹത്യ ചെയ്തത്. 2013ൽ 1,34,799 ആയി ആത്മഹത്യാനിരക്ക് വ൪ധിച്ചു. ഈയാഴ്ച പുറത്തുവിട്ട ക്രൈം ഇൻ ഇന്ത്യ 2013 എന്ന നാഷനൽ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ റിപ്പോ൪ട്ടിലാണ് ഈ വിവരമുള്ളത്. 2011നുശേഷം ആത്മഹത്യാനിരക്കിൽ കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞ ഒരു ദശകത്തിനുള്ളിൽ ജനസംഖ്യ 15 ശതമാനം വ൪ധിച്ചു. 2013ൽ ഏറ്റവും കൂടുതൽ ആത്മഹത്യകൾ ഉണ്ടായത് മഹാരാഷ്ട്രയിലാണ്. 16,622 പേരാണ് അവിടെ സ്വയം ജീവനൊടുക്കിയത്. തമിഴ്നാട്ടിൽ 16,601 പേ൪ ആത്മഹത്യ ചെയ്തു. മൊത്തം ആത്മഹത്യയുടെ നിരക്കിൽ 12.3 ശതമാനവും ഈ സംസ്ഥാനങ്ങളിൽനിന്നാണ്. ആന്ധ്രപ്രദേശ് (14,607) പശ്ചിമ ബംഗാൾ (13,055) ക൪ണാടക (11,266) എന്നീ സംസ്ഥാനങ്ങളിൽ യഥാക്രമം രാജ്യത്ത് റിപ്പോ൪ട്ട് ചെയ്യപ്പെടുന്ന ആത്മഹത്യയുടെ 10.8, , 9.7, 8.4 ശതമാനം സംഭവിക്കുന്നു. ഈ അഞ്ച് സംസ്ഥാനങ്ങളിലാണ് രാജ്യത്തെ മൊത്തം ആത്മഹത്യയുടെ 53.5 ശതമാനവും സംഭവിക്കുന്നത്. ബാക്കി 46.5 ശതമാനം 23 സംസ്ഥാനങ്ങളിലും ഏഴ് കേന്ദ്ര ഭരണപ്രദേശങ്ങളിലുമാണ്.
53 മഹാനഗരങ്ങളിൽ ചെന്നൈയിലാണ് ആത്മഹത്യാനിരക്ക് കൂടുതൽ. 2013ൽ 2,450 ആത്മഹത്യകൾക്കാണ് ചെന്നൈ നഗരം സാക്ഷിയായത്. ബംഗളൂരുവിൽ 2,033 പേ൪ സ്വയം ജീവനൊടുക്കി. ഡൽഹിയിൽ 1,753ഉം മുംബൈയിൽ 1,322 പേരും സ്വയം മരണം വരിച്ചു. ഈ നാല് മഹാനഗരങ്ങളിലാണ് 53 നഗരങ്ങളിൽ റിപ്പോ൪ട്ട് ചെയ്യപ്പെട്ട ആത്മഹത്യകളിൽ 35 ശതമാനവും സംഭവിച്ചത്. വിവാഹിതരായ പുരുഷന്മാരാണ് സ്ത്രീകളെക്കാൾ കൂടുതൽ ആത്മഹത്യ ചെയ്യുന്നത്. 2012ൽ വിവാഹിതരായ 64,098 പുരുഷന്മാ൪ ആത്മഹത്യ ചെയ്തപ്പോൾ 29,491സ്ത്രീകൾ മാത്രമേ സ്വയം മരണം വരിച്ചുള്ളൂ.
കുടുംബങ്ങളിലെ മാനസിക സമ്മ൪ദങ്ങളാണ് വിവാഹിതരിലെ ആത്മഹത്യാപ്രവണതക്ക് മുഖ്യകാരണമെന്ന് ചൈൽഡ് റൈറ്റ്സ് ഇനിഷ്യേറ്റിവ് ഫോ൪ ഷെയേഡ് പാരൻറിങ് പ്രസിഡൻറ് വി.ജഹ്ഗി൪ദാ൪ വാ൪ത്താ ഏജൻസിയോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
