Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightആരോഗ്യ കേരളത്തിന്...

ആരോഗ്യ കേരളത്തിന് റമദാനിലൊരു ‘ഭക്ഷ്യവിപ്ളവം’

text_fields
bookmark_border
ആരോഗ്യ കേരളത്തിന് റമദാനിലൊരു ‘ഭക്ഷ്യവിപ്ളവം’
cancel

ഉപവാസത്തിലൂടെ നേടിയെടുക്കാവുന്ന മാനസികമായ ഒൗന്നത്യം വിശുദ്ധ ഗ്രന്ഥവും പ്രവാചകചര്യയും മുസ്ലിംകൾക്ക് പരിചയപ്പെടുത്തുന്നു. ഉപവാസം എന്നത് മതപരമായ അനുഷ്ഠാനത്തിനപ്പുറം പുരാതനകാലം മുതൽ പ്രചാരത്തിലുള്ള ഒരു ചികിത്സാരീതികൂടിയാണ്. പൗരാണിക മതങ്ങളെല്ലാംതന്നെ വ്യത്യസ്ത രീതികളിൽ ഉപവാസത്തെ വിശ്വാസികൾക്ക് പരിചയപ്പെടുത്തുന്നുണ്ട്.
ആധുനിക വൈദ്യശാസ്ത്രത്തിൻെറ കാരണവരായ ‘ഹിപ്പോക്രാറ്റസ്’, ഉപവാസം ശരീരത്തിനെ സുഖപ്പെടുത്തുന്ന ചികിത്സാരീതിയെന്ന് സാക്ഷ്യപ്പെടുത്തുന്നു. ആയു൪വേദവും ഇതര ചികിത്സാ ശാഖകളും ഉപവാസത്തിന് പ്രഥമ സ്ഥാനം കൽപിക്കുന്നു.‘ഭക്ഷിക്കാൻ വേണ്ടി’ ജീവിക്കുന്ന മനുഷ്യൻ ഉപവസിക്കുമ്പോൾ ദഹനപ്രക്രിയയുമായി ബന്ധപ്പെട്ട അവയവങ്ങൾക്ക് പത്തു മുതൽ പന്ത്രണ്ടു മണിക്കൂ൪വരെ വിശ്രമം ലഭിക്കുന്നു എന്നതാണ് പ്രത്യേകത. ഉപവാസത്തിൻെറ ആദ്യ ഘട്ടങ്ങളിൽ ശരീരം ഊ൪ജത്തിനായി ‘ഗൈ്ളക്കോജൻ’ എന്ന ഗ്ളൂക്കോസിനെ ഉപയോഗിക്കുന്നു. ഉപവാസം മുന്നോട്ട് പോകുമ്പോൾ ശരീരം സംഭരിച്ച കൊഴുപ്പിനെ ആശ്രയിക്കുന്നു. ഉപവാസത്തിൻെറ രണ്ടാം ഘട്ടത്തിൽ കൊഴുപ്പിൽ നിന്ന് കീറ്റോൺ (Ketone) എന്ന പദാ൪ഥം ഉൽപാദിപ്പിക്കുന്നു. തലച്ചോറ്, പേശികൾ, ഹൃദയം എന്നീ അവയവങ്ങൾ പ്രവ൪ത്തിക്കാനുള്ള ഊ൪ജം കീറ്റോൺ പകരുന്നു. ഈ ഘട്ടത്തിൽ വിശപ്പ് എന്ന അവസ്ഥയിൽനിന്നും പതിയെ മോചനം ലഭിക്കും. കൂടാതെ, ശരീരത്തിൽ അടിഞ്ഞു കൂടിയ അധിക കൊഴുപ്പും മറ്റും ഉരുകി വിഷ വിമുക്തമാക്കപ്പെടുന്ന (Detoxification) അവസ്ഥ ഉണ്ടാകുകയും ചെയ്യും.
പക്ഷേ, റമദാനിൽ ഭക്ഷണപ്രിയരായ മുസ്ലിംകൾ വിശേഷിച്ച് മലബാറുകാ൪ പിന്തുടരുന്ന അനാരോഗ്യകരമായ ഉപവാസരീതി ഗുണത്തിലേറെ ദോഷമാണ് ഉണ്ടാക്കുന്നത്. നോമ്പ് മുറിക്കുമ്പോൾ കഴിക്കുന്ന നെയ്യും കൊഴുപ്പും ഇറച്ചി, പഞ്ചസാര, മുട്ട, മൈദ അടങ്ങിയ ഭക്ഷണങ്ങൾ ഒറ്റയടിക്ക് ദഹിപ്പിക്കുക എന്ന കഠിന യത്നത്തിന് ആമാശയം, കരൾ, വയ൪, പിത്തസഞ്ചി എന്നീ അവയവങ്ങൾ തയ്യാറാകേണ്ടി വരും. ആദ്യത്തെ പത്ത് നോമ്പ് പിന്നിടുമ്പോൾ ഭൂരിഭാഗം നോമ്പുകാരിലും കണ്ടുവരുന്ന ദഹനക്കുറവ്, നെഞ്ചെരിച്ചിൽ, വായ്പ്പുണ്ണ്, മലബന്ധം, ക്ഷീണം, സന്ധിവേദന എന്നീ ലക്ഷണങ്ങൾ അനാരോഗ്യകരമായ ഈ ഉപവാസരീതിയുടെ പാ൪ശ്വഫലങ്ങളാണ്. മുപ്പത് ദിവസത്തെ ഉപവാസം പിന്നിട്ട് മതവിശ്വാസ പ്രകാരം ‘അടച്ചിട്ട നരകവാതിൽ’ തുറക്കുമ്പോൾ മനുഷ്യനെ അകമ്പടി സേവിക്കുന്ന പിശാചുക്കൾ പ്രമേഹം, കൊളസ്ട്രോൾ, പൊണ്ണത്തടി, അൾസ൪, പൈൽസ് തുടങ്ങി വിവിധതരം രോഗങ്ങളാണ്. ശാസ്ത്രീയമായ ഉപവാസം ഇതേ രോഗങ്ങളുടെ ചികിത്സാ രീതിയായും വിവിധ ചികിത്സാ ശാഖകൾ പരിചയപ്പെടുത്തുന്നുണ്ട്. പക്ഷെ, റമദാനിലെ ഭക്ഷ്യധൂ൪ത്തിലൂടെ ഈ രോഗങ്ങളെയെല്ലാം വില കൊടുത്തു വാങ്ങുകയാണ് നോമ്പുകാ൪. ധനാഢ്യരുടെ കാര്യം പോട്ടെ, ഒരു ശരാശരി വരുമാനക്കാരൻെറ അടുക്കളയിലുള്ള നോമ്പുതുറ വിഭവങ്ങളുടെ ആധിക്യം ഇതിന് സാക്ഷ്യം നിൽക്കും. നോമ്പുതുറക്കുമ്പോൾ കാരക്കയിലും നാരങ്ങാനീരിലും തുടങ്ങി പഴം ജ്യൂസുകൾ, ഡ്രൈഫ്രൂട്സ്, നെയ്യിട്ട തരിക്കഞ്ഞി, ഇറച്ചിചേ൪ന്ന ചെറുകടികൾ തുടങ്ങിയവ ഒറ്റയിരിപ്പിന് അകത്താക്കിക്കഴിഞ്ഞാൽ പിന്നെ നമസ്കരിക്കാൻ കുമ്പിടുമ്പോൾ തികട്ടി പുറത്തുവരുന്നത് ഒരു സാധാരണ അനുഭവമാണ്. ദഹനയന്ത്രത്തിന് പിന്നീടങ്ങോട്ട് നാലഞ്ചു മണിക്കൂ൪ വിശ്രമമില്ലാത്ത പണിയാണ്. തറാവീഹ് നമസ്കാരത്തിനുശേഷം വിഭവസമൃദ്ധമായ ഇടയത്താഴത്തിൽ സ്വാദൂറുന്ന വിഭവങ്ങൾകൊണ്ട് ആറാട്ട്. മേമ്പൊടിയായി വിവിധയിനം പുഡ്ഡിങ്ങുകളും. ഇനി ഇതൊക്കെ ശാപ്പിട്ടതിൻെറ ക്ഷീണം മാറ്റണമെങ്കിൽ ഉറങ്ങാൻ പോകുന്നതിനു മുമ്പായി ദഹനം ക്രമപ്പെടുത്താൻ ജീരകക്കഞ്ഞി പ്രധാനം. അത്താഴം മോശമാകരുതല്ളോ! ചോറ്, മീൻ പൊരിച്ചത്, ഉപ്പേരി, പപ്പടം ഒക്കെക്കൂട്ടി വിഭവ സമൃദ്ധമായ അത്താഴം. ഇതിനുമേൽ നല്ല മധുരത്തിലൊരു ചായയും ആയാൽ സംഗതി ഉഷാ൪! ഇതൊക്കെയില്ളെങ്കിൽ എന്തു നോമ്പ്? ഭക്ഷണം ലളിതമാക്കണമെന്ന ആഗ്രഹം നോമ്പുകാരനുണ്ടെങ്കിലും ബന്ധുമിത്രാദികൾ നമ്മളെ അതിനു സമ്മതിക്കുമോ? ഓരോ ബന്ധുവീടുകളിലെയും സ്നേഹമസൃണമായ നി൪ബന്ധത്തിനുവഴങ്ങി 400-500 മില്ലി വരെ ഉൾക്കൊള്ളാൻ പ്രാപ്തിയുള്ള വയ൪ വെള്ളവും ഭക്ഷണവും നിറഞ്ഞ് ഒരു ലിറ്റ൪ വരെ വികസിക്കുന്നത് ഒരദ്ഭുത പ്രതിഭാസംതന്നെ.
ജീവിതശൈലീ രോഗങ്ങൾ നിയന്ത്രിക്കുന്നതിൽ അമിത ഭക്ഷണം ക്രമീകരിക്കുന്നതിൻെറ പ്രാധാന്യം അഹോരാത്രം ഉദ്ബോധിപ്പിക്കാനും പ്രാവ൪ത്തികമാക്കാനും യത്നിക്കുന്നവരെ സമൂഹം ‘കഞ്ചൂസുകളായും’ അടുക്കളയിലെ ‘സ്ത്രീ വിമോചന വാദി’കളായും മുദ്രകുത്തുന്നു. മണിക്കൂറുകളോളം ഒരേ നിൽപിൽ അടുക്കളകളിൽ ചെലവിടുന്ന മുസ്ലിം സഹോദരികളിൽ കാലിലെ വേരിക്കോസ് വെയിൻസ് അഥവാ ഞരമ്പ് തടിക്കൽ, ഗ൪ഭാശയ തള്ളിച്ച, സന്ധിരോഗങ്ങൾ എന്നിവയുടെ കാരണം തേടി അധികദൂരം പോകേണ്ടതില്ല.
ഇഫ്താറിൻെറ പേരിൽ കാണിച്ചുകൂട്ടുന്ന ഈ പൊങ്ങച്ചം വ്രതത്തിൻെറ അന്തസ്സത്തയോടുള്ള വെല്ലുവിളിയല്ളേ? 55-60 കിലോയുള്ള, മിതമായി അധ്വാനിക്കുന്ന പുരുഷനും സ്ത്രീക്കും ദിവസേന ശരാശരി 2200-2800 കലോറി വരെ ഊ൪ജം മതിയെന്ന് തിട്ടപ്പെടുത്തിയ സ്ഥാനത്ത് 3500-4500 കലോറി വരെ അകത്താക്കുന്നത് ഉപവാസത്തിലൂടെ മുസ്ലിംകൾ നേടിയെടുക്കുന്ന ആത്മ സംയമനം എങ്ങനെയുള്ളതാകും?
വമ്പൻ ആശുപത്രികളിലെ മുന്തിയ സ്പെഷലിസ്റ്റ് ഡോക്ട൪മാരുടെ ക്ളിനിക്കുകളിൽ ക്യൂ നിന്ന് കാലുകുഴയുന്നതും കീശ കാലിയാകുന്നതും ഒഴിവാക്കാൻ എന്തുകൊണ്ട് ഈ റമദാനിൽ നമ്മുടെ അടുക്കളകളിൽ ഒരു ഭക്ഷ്യ വിപ്ളവത്തിന് തുടക്കമിട്ടുകൂടാ? അടുക്കളകളിൽ ഭക്ഷ്യ വിപ്ളവത്തിന് നോമ്പുകാലത്തോളം അനുയോജ്യമായ മറ്റൊരു സന്ദ൪ഭവുമില്ലതന്നെ.
എണ്ണ, നെയ്യ്, മുട്ട, മൈദ, മാട്ടിറച്ചി, ആട്ടിറച്ചി എന്നിവയുടെ ഉപയോഗം കുറച്ചും മുളക്, മല്ലി തുടങ്ങിയവ ക്രമീകരിച്ചും വറുത്തതും കരിച്ചതും ആയ എണ്ണപ്പലഹാരങ്ങൾ നിയന്ത്രിച്ചും, ജീവിതത്തിൽനിന്ന് ധൂ൪ത്ത്, പൊങ്ങച്ചം, അഹങ്കാരം എന്നീ ദു൪ഗുണങ്ങളെ ഒഴിവാക്കിയുമുള്ള ഭക്ഷ്യവിപ്ളവത്തിന് സമയമായി. പാചക റാണികളും നളപാചകക്കാരും ആവിയിൽ വേവിച്ചതും ബേക്ക്ചെയ്തതും നാരുകളടങ്ങിയതുമായ സമ്പൂ൪ണ പോഷകാഹാരത്തിൻെറ പാചകക്കൂട്ടുകൾ തയാറാക്കട്ടെ. ലാളിത്യത്തിൻെറയും സംയമനത്തിൻെറയും പ്രായോഗിക വ്രതശീലങ്ങൾ തീൻമേശയിൽ നിന്ന് ആരംഭിക്കട്ടെ. ഈ റമദാനിൽ തുടങ്ങാം; നമ്മുടെ അടുക്കളകളിലും ആരോഗ്യകേരളത്തിലേക്കുമുള്ള ചുവടുവെപ്പ്.
(കോഴിക്കോട് മെഡിക്കൽ കോളജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗം അസോസിയേറ്റ് പ്രഫസറാണ് ലേഖിക)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story