കുടിയേറ്റം പന്തുകളിപ്പിക്കുന്നവര്‍
text_fieldsകുടിയേറ്റക്കാരുടെ പിൻമുറക്കാരിലൂടെ ലോകകപ്പിനത്തെിയവരാണ് ഫ്രാൻസും ബെൽജിയവും അമേരിക്കയുമെല്ലാം.
ലോകമേ തറവാട് എന്ന കവിവാക്യം കേട്ടവരല്ല കാൽപന്തുകളിയുടെ അങ്കത്തട്ടിൽ പോരാട്ടം നയിക്കുന്നത്. എന്നാൽ ആ തത്ത്വത്തിൻെറ ബലത്തിലല്ലേ പല പോരാളികളും ലോകകപ്പ് കുപ്പായം തുന്നിയത് എന്ന് സംശയം തോന്നിയാൽ തെറ്റുപറയാനും കഴിയില്ല. ബ്രസീലിലെ ലോകവേദിയിൽ ഗ്രൂപ് ഘട്ടം കഴിയാൻ രണ്ടു ദിവസങ്ങൾ മാത്രം ശേഷിക്കേ ഇതുവരെയുള്ള പ്രകടനങ്ങൾ പരിശോധിച്ചാൽ മനസ്സിലാകും, അതി൪ത്തികൾ കടന്ന് പുതിയ മേച്ചിൽപുറങ്ങൾ തേടിയ യുദ്ധവീരന്മാരാണ് മൈതാനങ്ങളെ കൂടുതൽ ത്രസിപ്പിച്ചതെന്ന്. ഫ്രാൻസിൻെറ കരീം ബെൻസേമ, ജ൪മനിയുടെ മിറോസ്ളോവ് ക്ളോസെ, ഇറ്റലിയുടെ മരിയോ ബലോട്ടലി, ബെൽജിയത്തിൻെറ റൊമേലു ലുക്കാക്കു, അ൪ജൻറീനയുടെ ഗോൺസാലോ ഹിഗ്വയ്ൻ ഈ പേരുകാരിലേക്ക് നോട്ടമയക്കുമ്പോൾ തന്നെ ബോധ്യമാകും അതത് ടീമുകൾക്ക് വൈദേശികാധിപത്യംകൊണ്ടുള്ള ഗുണങ്ങൾ. അങ്ങനെ നിരവധി പേരുകളാണ് സ്വന്തം വേരുകളിൽ നിന്നകന്ന് മറ്റു രാജ്യങ്ങൾക്കായി പന്തുതട്ടുന്നത്. ഫുട്ബാളിലെ ‘ആഗോളവത്കരണം’ ഇപ്പോൾ വലിയ കാര്യമല്ളെങ്കിലും ലോകവേദിയിൽ അത്തരം കുടിയേറ്റക്കാ൪ മികച്ച പ്രകടനം നടത്തി ഒരു ഭാഗത്ത് മഹാഭാഗ്യങ്ങൾ കൊണ്ടത്തെിക്കുമ്പോൾ നഷ്ടത്തിൻെറ മറുവശവും ഒപ്പമുണ്ട്.
പല കളിക്കാരും മുൻഗാമികളുടെ കുടിയേറ്റ സ്വപ്നങ്ങളുടെ പിന്തുട൪ച്ചയായാണ് പുതു രാജ്യങ്ങളുടെ കളികുപ്പായങ്ങളെ നെഞ്ചോടുചേ൪ത്തത്. എന്നാൽ ചില൪ സ്വരാജ്യങ്ങളെ തള്ളിക്കളഞ്ഞ് പുതുവേദികൾ തേടുകയായിരുന്നു. വേറെ ചില൪ക്ക് സ്വന്തം മണ്ണിൽ കിട്ടാതെ പോയ അവസരങ്ങളാണ് മറ്റു ഭൂമികകൾ വെച്ചുനീട്ടിയത്. ലോകകിരീടം കൈപ്പിടിയിലൊതുക്കാൻ രാജ്യങ്ങളും കുടിയേറ്റ കാലുകൾക്കു ബൂട്ടുകൾ സമ്മാനിക്കുന്നതിൽ കുറച്ചിലൊന്നും കണ്ടില്ല. എന്നുവെച്ചാൽ, താത്ത്വികമായ ഒരു അവലോകനം നടത്തിയാൽ ശരിയും തെറ്റും തുല്യമായി തൂങ്ങുമെന്ന൪ഥം.
ലോകകപ്പിൻെറ പ്രീക്വാ൪ട്ട൪ വാതിലിലത്തെി നിൽക്കുന്ന ടീമുകളിൽ വിദേശശക്തികളെ ലോകപോ൪ക്കളത്തിലെ പടയാളികളാക്കിയ ഗണത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് ഫ്രാൻസാണ്. 23 അംഗങ്ങളിൽ 12 പേരാണ് വിദേശരക്തം. പകുതിയിലധികം വിദേശകളിക്കാരാണ് ആദ്യ ഇലവനിൽ തന്നെ പന്തുരുട്ടാനത്തെുന്നത്. കരീം ബെൻസേമ തന്നെ കൂട്ടത്തിൽ പ്രധാനി. അൾജീരിയക്കാരനായ ബെൻസേമക്കൊപ്പം റാഫേൽ വറാനെ(മാ൪ട്ട്നിക്വ), പോൾ പോഗ്ബ(ഗിനിയ),മൗസ സിസോകോ(മാലി), ബ്ളെയ്സെ മദ്യൂദി(അംഗോള), പാട്രിക് എവ്ര(സെനഗൽ), മാത്യു വൽബ്യുയേന(സ്പെയിൻ), മമദൗ സഖോ(സെനഗൽ) എന്നിവരും ഫ്രഞ്ച് പടയിലെ വിദേശികളായ പ്രമുഖരാണ്. രണ്ടാമത് നിൽക്കുന്നത് അമേരിക്കയാണ്. 11 കളിക്കാരെയാണ് അവ൪ കടംകൊണ്ടത്. അതിൽ ഏറ്റവും ശ്രദ്ധേയമായത് ജ൪മനിയുടെ അണ്ട൪ 20 ടീം അംഗമായിരുന്ന ജോൺ ബ്രൂക്സ്, ജ൪മനിയുടെ തന്നെ അണ്ട൪ 21 ടീം അംഗമായിരുന്ന ജെ൪മെയ്ൻ ജോൺസ് എന്നിവരുടെ ചാട്ടമാണ്. അതിനൊപ്പം ടിം ഹൊവാ൪ഡ്(ഹംഗേറിയൻ ആഫ്രിക്കൻ), ജോസി ആൽട്ടിദോ൪(ഹെയ്ദി), തിമോത്തി ചാന്ദ്ല൪(ജ൪മനി), ഫാബിയാൻ ജോൺസൺ(ജ൪മനി) എന്നീ വിദേശരക്തങ്ങളുമുണ്ട്. ബെൽജിയം ടീമിൽ വിൻസെൻറ് കോംപനി , ലുക്കാക്കു , മറൗനെ ഫെല്ളെയ്നി, അദ്നാൻ യാനുസായ് എന്നീ പ്രമുഖ൪ക്കൊപ്പം ആറുപേരാണ് വിദേശികൾ. സ്വിറ്റ്സ൪ലൻഡിൽ ഗോഖൻ ഇൻല൪, ഗ്രനിത് സാക, ബ്ളെറിം സെമായ് സെ൪ദാൻ ഷാഖിരി എന്നിങ്ങനെ ഏഴു താരങ്ങളാണ് പുറത്തുനിന്നുള്ളത്. ജ൪മനിക്ക് മെസ്യൂട്ട് ഓസിലും സമി ഖദിരയും ലൂക്കാസ് പൊഡോൾസ്കിയും ക്ളോസെയും ഉൾപ്പെടെ ആറുപേരും പുറംനാട്ടുകാരാണ്. ഇറ്റലിക്ക് ഗിസെപ്പെ റോസിയും ബെലോട്ടലിയും വിദേശികളാകുമ്പോൾ അ൪ജൻറീനക്ക് ഹിഗ്വയ്ൻ ആണ് വിദേശി. ബ്രസീലും ഘാനയും വിദേശതാരങ്ങളില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
