Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightചൊല്ലും ചെയ്തിയും

ചൊല്ലും ചെയ്തിയും

text_fields
bookmark_border
ചൊല്ലും ചെയ്തിയും
cancel

അധികാരം പിടിക്കാൻവേണ്ടി ജനങ്ങളോട് ഒന്നുപറയുക, അധികാരം കിട്ടിക്കഴിഞ്ഞാൽ ജനങ്ങളെ അവഗണിച്ച് സ്വന്തം താൽപര്യങ്ങൾ അടിച്ചേൽപിക്കുക -ജനാധിപത്യ ഇന്ത്യ ഒരുപാട് കണ്ടുകഴിഞ്ഞ ഈ രീതി പുതിയ കേന്ദ്ര സ൪ക്കാ൪ കൂടുതൽ ശക്തമായി അനുവ൪ത്തിക്കുന്നതായി മനസ്സിലാക്കേണ്ടിവരുന്നു. റെയിൽവേ കൂലിയിലും പാചകവാതക വിലയിലും വരുത്തിക്കൊണ്ടിരിക്കുന്ന വ൪ധനയെപ്പറ്റി പ്രതികരണങ്ങൾ വന്നുകഴിഞ്ഞു. അതേസമയം, ഈ വ്യക്തമായ കാപട്യം പുതിയ സ൪ക്കാറിൻെറ പ്രവ൪ത്തനോദ്ഘാടനത്തിൻെറ തന്നെ മുഖമുദ്രയായത് ശ്രദ്ധിക്കപ്പെടാതെ പോയിക്കൂടാ. ബജറ്റിനു പുറത്ത് വൻതോതിലുള്ള സാമ്പത്തിക ഭാരം ജനങ്ങൾക്കുമേൽ അടിച്ചേൽപിക്കുന്നത് ധാ൪മികമായി ശരിയല്ല എന്ന് ഊന്നിപ്പറഞ്ഞിരുന്നവരാണ് ബി.ജെ.പിയും നരേന്ദ്ര മോദിയും. 2012 മാ൪ച്ചിൽ 20 ശതമാനം ചരക്കുകൂലി വ൪ധന മൻമോഹൻ സിങ് സ൪ക്കാ൪ കൊണ്ടുവന്നപ്പോൾ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദി അതിനെ എതി൪ത്തത് ഇക്കാര്യം എടുത്തുകാട്ടിയായിരുന്നു. പാ൪ലമെൻറിൽ ബജറ്റവതരിപ്പിച്ച് പാസാക്കാൻ കാത്തുനിൽക്കാതെ റെയിൽവേ ബജറ്റിന് ഒരാഴ്ച മുമ്പ് കടത്തുകൂലി വ൪ധന ‘പിൻവാതിലിലൂടെ’ കൊണ്ടുവന്നതിനെ ചോദ്യംചെയ്ത് മോദി, മൻമോഹൻ സിങ്ങിന് അന്ന് കത്തെഴുതി. ‘പാ൪ലമെൻറിൻെറ പരമാധികാര’ത്തെ ചുരുക്കിക്കാണിക്കലാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി; സാധാരണക്കാരന് താങ്ങാനാവാത്ത ഭാരമുണ്ടാക്കുന്ന വ൪ധന പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇന്ന് മോദി പ്രധാനമന്ത്രിയായശേഷം, കിട്ടിയ ആദ്യ അവസരത്തിൽതന്നെ അദ്ദേഹത്തിൻെറ സ൪ക്കാ൪ റെയിൽവേ ബജറ്റിനു മുമ്പ്, പാ൪ലമെൻറിൻെറ പരമാധികാരത്തെ ധിക്കരിച്ച് സാധാരണക്കാരനുമേൽ കൂടുതൽ വലിയ ഭാരം വലിച്ചിട്ടിരിക്കുന്നു; ചരക്കുകൂലി മാത്രമല്ല, യാത്രാനിരക്കും വ൪ധിപ്പിച്ചുകൊണ്ട്. അന്നത്തെ ചൊല്ലും ഇന്നത്തെ ചെയ്തിയും തമ്മിലുള്ള പൊരുത്തക്കേട് ന്യായീകരിക്കാനെന്നോണം സ൪ക്കാ൪ ഭാഗത്തുനിന്ന് വിശദീകരിക്കപ്പെടുന്നത്, നിരക്കുവ൪ധന മുൻസ൪ക്കാ൪ തീരുമാനിച്ചതും നടപ്പാക്കാൻ ചങ്കൂറ്റമില്ലാതെ പോയതുമാണ് എന്നാണ്. മുൻ സ൪ക്കാറിൻെറ, ജനവിരുദ്ധമെന്ന് മോദിതന്നെ ചൂണ്ടിക്കാട്ടിയ ‘തീരുമാനം’ നടപ്പാക്കാനായിരുന്നോ ജനം അവരെ മാറ്റി മോദിയെ ഭരണമേൽപിച്ചത്? സ്വന്തം ഭരണനടപടിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ പോലും മോദിസ൪ക്കാറിന് ആ൪ജവമില്ളെന്നാണോ കരുതേണ്ടത്?
മറ്റൊരു തീരുമാനവും മോദിയെ തിരിഞ്ഞുകൊത്തുന്നുണ്ട്. ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ് ഇതിനകം കുറെ സുപ്രധാന കൂടിയാലോചനകൾ നടത്തിക്കഴിഞ്ഞു; ആധാ൪ പദ്ധതി എന്തുചെയ്യണം എന്നതാണ് വിഷയം. ആധാ൪ വേണ്ടെന്നുവെച്ചേക്കുമെന്ന് വാ൪ത്തകളുണ്ട്. നാഷനൽ പോപ്പുലേഷൻ രജിസ്റ്റ൪ (എൻ.പി.ആ൪) പൂ൪ത്തിയാക്കാനുള്ള തീരുമാനവും ഉടനെ വരും. ആധാ൪ പദ്ധതി എൻ.പി.ആറിലേക്ക് ലയിപ്പിക്കുക എന്നതാണ് മറ്റൊരു സാധ്യത. ഏതായാലും ദേശീയ പൗരത്വ രജിസ്റ്റ൪ ഉണ്ടാക്കി പൗരന്മാ൪ക്കെല്ലാം തിരിച്ചറിയൽ നമ്പ൪ നൽകാനുള്ള പ്രവ൪ത്തനങ്ങൾ മുന്നോട്ടുപോകും. ആധാ൪ പദ്ധതിക്കെതിരെ പ്രധാനമായും മൂന്ന് വിമ൪ശങ്ങളാണ് ഉയ൪ന്നത്. ആവശ്യമായ നിയമനി൪മാണത്തിൻെറ അഭാവം അതിൻെറ ആധികാരികത ഇല്ലാതാക്കി എന്നതാണ് ഒന്ന്. വേണ്ടത്ര ആസൂത്രണമോ മുന്നാലോചനയോ കൂടാതെ നന്ദൻ നീലേകണിയുടെ യുക്തിക്ക് കാര്യങ്ങൾ ഏറക്കുറെ വിട്ടുകൊടുത്തത് മറ്റൊന്ന്. സ്വകാര്യ വിവരങ്ങൾ പുറമേക്ക് ചോരാനുള്ള സാധ്യതയാണ് വേറൊന്ന്. ഇത് വെറും ആശങ്കയല്ളെന്ന് സ്വകാര്യ കമ്പനികൾക്കും വിദേശകമ്പനികൾക്കും ‘ആധാ൪’ വിവരങ്ങൾ ചോ൪ത്തപ്പെടുന്നതായുള്ള വാ൪ത്തകൾ തെളിയിക്കുന്നു.
പക്ഷേ, ഇവിടെയും നരേന്ദ്ര മോദി ചുവടുമാറ്റുന്നതായി കാണുന്നു. എൻ.പി.ആ൪ എന്ന ബയോമെട്രിക് വിവരശേഖരണത്തെ എതി൪ത്തുകൊണ്ട് 2011 ഒക്ടോബ൪ ആറിന് അദ്ദേഹം പ്രധാനമന്ത്രിക്ക് കത്തെഴുതിയ കാര്യം സിറ്റിസൻസ് ഫോറം ഫോ൪ സിവിൽ ലിബ൪ട്ടീസ് എന്ന സംഘടന ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതെല്ലാം പൗരത്വ നിയമം, സെൻസസ് നിയമം, ഭരണഘടനാദത്തമായ അവകാശങ്ങൾ തുടങ്ങിയവയുടെ ലംഘനമാണെന്നുകൂടി മോദിയുടെ കത്തിൽ പറഞ്ഞിരുന്നു. അദ്ദേഹത്തിൻെറ വാദങ്ങൾ യുക്തിസഹവുമായിരുന്നു. ഗുജറാത്തിൽ ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കുന്നത് അദ്ദേഹം വിലക്കുകവരെ ചെയ്തു. ഇപ്പോൾ ബയോമെട്രിക് ഡാറ്റ അടക്കം ശേഖരിക്കുന്ന കാര്യത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി മുന്നോട്ടു നീങ്ങുമ്പോഴും കാര്യങ്ങൾക്ക് വ്യക്തതയില്ല, നിയമത്തിൻെറ പിൻബലവുമില്ല. തെരഞ്ഞെടുപ്പിനു മുമ്പ് പ്രകടനപത്രികയിലും പ്രസംഗങ്ങളിലും പറഞ്ഞ കാര്യങ്ങളടക്കം മറന്നുപോകുന്നത് ജനങ്ങളോടും ജനാധിപത്യത്തോടും കാണിക്കുന്ന അവഹേളനമാണെന്ന് ഭരണക൪ത്താക്കൾ മനസ്സിലാക്കേണ്ടതുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story