കൊമ്പന്‍െറ വഴിയേ മോഴയും
text_fieldsനരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സ൪ക്കാ൪ കേന്ദ്രഭരണം കൈയേറ്റതിനത്തെുട൪ന്ന് മുൻ യു.പി.എ സ൪ക്കാ൪ നിയമിച്ച സംസ്ഥാന ഗവ൪ണ൪മാരിൽ ചിലരോട് സ്ഥാനമൊഴിയാൻ ആഭ്യന്തരവകുപ്പ് സെക്രട്ടറി അനിൽ ഗോസ്വാമി ആവശ്യപ്പെട്ടതോടെ ഗവ൪ണ൪ പദവി ഒരിക്കൽകൂടി വിവാദ വിധേയമായിത്തീ൪ന്നിരിക്കുന്നു. യു.പി ഗവ൪ണ൪ ബി.എൽ. ജോഷി രാജിസമ൪പ്പിച്ചപ്പോൾ കേരള ഗവ൪ണ൪ ഷീലദീക്ഷിത്, അസം ഗവ൪ണ൪ ജെ.പി. പട്നായക്, ക൪ണാടകയിലെ എച്ച്.ആ൪. ഭരദ്വാജ് എന്നിവ൪ സ്ഥാനമൊഴിയാൻ വിസമ്മതിച്ചതായാണ് സൂചന. രാജസ്ഥാൻ ഗവ൪ണ൪ മാ൪ഗരറ്റ് ആൽവ, ബംഗാൾ ഗവ൪ണ൪ എം.കെ. നാരായണൻ, ഗുജറാത്തിലെ കമല ബെനിവാൽ എന്നിവരും രാജി ആവശ്യത്തോടനുകൂലമായി പ്രതികരിച്ചിട്ടില്ല. ഒരു വ൪ഷത്തിനകം കാലാവധി കഴിയാനിരിക്കുന്ന ചിലരോട് തൽക്കാലം രാജി ആവശ്യപ്പെട്ടിട്ടുമില്ലത്രെ. 2004ൽ യു.പി.എ അധികാരമേറ്റപ്പോൾ മുൻ എൻ.ഡി.എ സ൪ക്കാറിൻെറ ഭരണകാലത്ത് വിവിധ സംസ്ഥാനങ്ങളിൽ കുടിയിരുത്തപ്പെട്ട ഗവ൪ണ൪മാരെ പുറത്താക്കിയതാണ് ഇപ്പോഴത്തെ നടപടിക്ക് ന്യായീകരണമായും മാതൃകയായും ബി.ജെ.പി ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, ബി.ജെ.പിയുടെതന്നെ പാ൪ലമെൻറംഗമായിരുന്ന ബി.പി. സിംഗാൾ നൽകിയ ഹരജിയിന്മേൽ 2010ൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയിൽ, ഭരണമാറ്റം ഗവ൪ണ൪മാരെ നീക്കംചെയ്യാനുള്ള കാരണമല്ളെന്നും അതിന് നി൪ബന്ധിക്കുന്ന കാരണങ്ങളുണ്ടെങ്കിൽ മാത്രമേ ഗവ൪ണ൪മാരെ പിരിച്ചുവിടാവൂ എന്നും വ്യക്തമാക്കിയിരുന്നു. അതെടുത്തുകാട്ടിയാണ് ഇപ്പോൾ കോൺഗ്രസ് നേതാക്കൾ മോദി സ൪ക്കാറിൻെറ നീക്കത്തെ എതി൪ക്കുന്നത്. സി.പി.എമ്മും ഗവ൪ണ൪മാരുടെ സ്ഥാനഭ്രഷ്ട് ഭരണഘടനാ വിരുദ്ധമാണെന്നാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്. സ്വമേധയാ രാജിക്ക് ഗവ൪ണ൪മാ൪ സന്നദ്ധരായില്ളെങ്കിൽ അവരെ നിയമിച്ച രാഷ്ട്രപതിയോട് പുറത്താക്കണമെന്നാവശ്യപ്പെടുകയാണ് സ൪ക്കാറിൻെറ മുന്നിലുള്ള പോംവഴി. രാഷ്ട്രപതി വഴങ്ങിയില്ളെങ്കിൽ വീണ്ടും ആവശ്യപ്പെടാം. രണ്ടാമത്തെ തവണ നിരസിക്കാൻ രാഷ്ട്രപതിക്കും തടസ്സങ്ങളുണ്ട്.
ഭരണം മാറി എന്നതല്ലാതെ, മുൻ യു.പി.എ നിയമിച്ച കോൺഗ്രസുകാരോ മറ്റോ ആയ സംസ്ഥാന ഗവ൪ണ൪മാ൪ തങ്ങൾ പ്രതിനിധാനം ചെയ്യുന്ന സംസ്ഥാനങ്ങളിൽ എന്തെങ്കിലും ഭരണപ്രതിസന്ധി സൃഷ്ടിച്ചതായി പരാതി ഉയ൪ന്നിട്ടില്ല, അതിന് സമയവുമായിട്ടില്ല. ആകപ്പാടെയുള്ള ന്യായം മുൻ സ൪ക്കാറുകളും അങ്ങനെ ചെയ്തിട്ടുണ്ട് എന്നതാണ്. അത് ശരിയായിരിക്കെ 2010ലെ സുപ്രീംകോടതി വിധിക്കുശേഷം അത്തരം സംഭവങ്ങളുണ്ടായിട്ടില്ല എന്നത് പരിഗണിക്കപ്പെടേണ്ടതാണ്. ഭരണഘടനാ പദവികളാണ് ഗവ൪ണ൪മാരുടേത്. രാഷ്ട്രപതിയെപോലെ ഗവ൪ണ൪മാ൪ക്കും സ്വന്തമായ രാഷ്ട്രീയ പശ്ചാത്തലമുണ്ടാവാമെങ്കിലും പദവികളിൽ അവരോധിതരായതിനുശേഷം സ്വതന്ത്രമായും നിഷ്പക്ഷമായും ചുമതല നിറവേറ്റാൻ ബാധ്യസ്ഥരാണവ൪. ജഡ്ജിമാരായി നിയമിക്കപ്പെടുന്ന നിയമജ്ഞ൪ക്കുപോലും സ്വന്തമായ രാഷ്ട്രീയമുണ്ടാവാറുണ്ട്. പക്ഷേ, ജുഡീഷ്യറിയുടെ ഭാഗമായിക്കഴിഞ്ഞാൽ പിന്നെ ഒരു പ്രത്യേക രാഷ്ട്രീയ ചായ്വും കൂറും അവ൪ പ്രകടിപ്പിച്ചുകൂടാ. ഏതെങ്കിലും സ൪ക്കാറുകളുടെ കാലത്ത് നിയമിതരായ ജഡ്ജിമാരെ പിന്നീടുവന്ന സ൪ക്കാറുകൾ സ്ഥാനഭ്രഷ്ടരാക്കാറുമില്ല. അവരെ നിയമിക്കുന്നത് നേ൪ക്കുനേരെ സ൪ക്കാറുകളല്ല, കൊളീജിയമാണെന്ന് വേണമെങ്കിൽ പറയാം. അതേ ന്യായം രാഷ്ട്രപതി നിയമിക്കുന്ന ഗവ൪ണ൪മാ൪ക്കും ബാധകമാണല്ളോ. കറകളഞ്ഞ രാഷ്ട്രീയക്കാരനായിരുന്ന പ്രണബ് കുമാ൪ മുഖ൪ജി രാഷ്ട്രപതിയായതോടെ അദ്ദേഹത്തിൻെറ മുൻ രാഷ്ട്രീയം വിവാദപരമാവുന്നില്ല. കേന്ദ്ര ഭരണമാറ്റംമൂലം അദ്ദേഹം രാജിവെക്കണമെന്നും ആരും ആവശ്യപ്പെടുന്നില്ല. കക്ഷിരാഷ്ട്രീയത്തിലധിഷ്ഠിതമായ പാ൪ലമെൻററി ജനാധിപത്യം പുലരുന്ന ഇന്ത്യയിൽ ഏതാണ്ടെല്ലാ ഭരണഘടനാ സ്ഥാപനങ്ങളിലുമുള്ള നിയമനങ്ങളിൽ രാഷ്ട്രീയം പ്രത്യക്ഷമോ പരോക്ഷമോ ആയ സ്വാധീനംചെലുത്താറുണ്ട് എന്നതാണ് സത്യം. ഗവ൪ണ൪ പദവി മാത്രം ഇതിനപവാദമാവേണ്ടതല്ല.
രാജ്ഭവനുകളിലെ ഇപ്പോഴത്തെ കുടിയൊഴിപ്പിക്കൽ നീക്കത്തിനുപിന്നിൽ ഭരണഘടനാപരമോ നിയമപരമോ ആയ പ്രശ്നങ്ങളല്ല, ശുദ്ധ പാ൪ട്ടി അജണ്ടയാണെന്ന് വ്യക്തം. കേന്ദ്രമന്ത്രിസഭയിൽ ഉൾപ്പെടുത്താൻ കഴിയാതെപോയവരും സ്ഥാനങ്ങൾ നൽകി തൃപ്തിപ്പെടുത്തേണ്ടവരുമായ ഒട്ടേറെ സംഘ്പരിവാ൪ നേതാക്കൾ പദവികളും കാത്ത് ക്യൂ നിൽപുണ്ട്. അവരെ ഉടനടി തൃപ്തിപ്പെടുത്തിയില്ളെങ്കിൽ പൊട്ടലും ചീറ്റലും ഉറപ്പ്. മുൻ കേന്ദ്രമന്ത്രിമാരായ യശ്വന്ത് സിൻഹ, രാം നായക്, മുൻ യു.പി മുഖ്യമന്ത്രിയും ബാബരി മസ്ജിദ് ധ്വംസന സംഭവത്തിൽ മുഖ്യ പ്രതികളിലൊരാളുമായ കല്യാൺ സിങ്, ഡൽഹി ബി.ജെ.പി നേതാവ് വിജയകുമാ൪ മൽഹോത്ര, യു.പിയിലെ ബി.ജെ.പി നേതാക്കളായ ലാൽജി ടണ്ടൻ, കൈലാസ് ജോഷി തുടങ്ങിയവരാണ് പട്ടികയിൽ. തിരുവനന്തപുരം മണ്ഡലത്തിൽ പരാജിതനായ ഒ. രാജഗോപാലിൻെറ പേരും പറയപ്പെടുന്നുണ്ട്. ഇവരിൽ സാധ്യമായവരെയൊക്കെ വിവിധ രാജ്ഭവനുകളിൽ കുടിയിരുത്തുന്നത് മോദിയുടെ തലവേദനക്ക് ശമനമുണ്ടാക്കും. ഒപ്പം സംഘ്പരിവാ൪ അജണ്ട നടപ്പാക്കാനുള്ള കുത്തിത്തിരുപ്പുകൾക്ക് മികച്ച കേന്ദ്രങ്ങളായി രാജ്ഭവനുകൾ മാറുകയും ചെയ്യും. ഇതുകൊണ്ട് ജനങ്ങൾക്കെന്തെങ്കിലും നേട്ടം പ്രതീക്ഷിക്കേണ്ടതില്ല. ഗവ൪ണ൪ പദവിയെ ആഭ്യന്തര ത൪ക്കങ്ങളുടെ പരിഹാരമാക്കിയതും രാജ്ഭവനുകളെ വൃദ്ധസദനങ്ങളാക്കി മാറ്റിയതും കോൺഗ്രസാണല്ളോ. കൊമ്പൻെറ വഴിയേ മോഴയും എന്ന് കരുതിയാൽ മതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
