Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightസി.എം.എസ് കോളജില്‍...

സി.എം.എസ് കോളജില്‍ എസ്.എഫ്.ഐ ഉപരോധത്തിനിടെ സംഘര്‍ഷം

text_fields
bookmark_border
സി.എം.എസ് കോളജില്‍ എസ്.എഫ്.ഐ ഉപരോധത്തിനിടെ സംഘര്‍ഷം
cancel
കോട്ടയം: സര്‍വകലാശാലകളെ തകര്‍ക്കാന്‍ സര്‍ക്കാര്‍ നീക്കമെന്നാരോപിച്ച് കോഴിക്കോട്ട് നടത്തിയ മാര്‍ച്ചിനുനേരെയുണ്ടായ പൊലീസ് ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ കോട്ടയം സി.എം.എസ് കോളജില്‍ നടത്തിയ പഠിപ്പുമുടക്ക് സമരത്തില്‍ സംഘര്‍ഷം. സംഭവവുമായി ബന്ധപ്പെട്ട് 10 എസ്.എഫ്.ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാവിലെ കോളജിലെ പ്രധാനകവാടം ഉപരോധിച്ചായിരുന്നു സമരം. മുദ്രാവാക്യം മുഴക്കി നിലയുറപ്പിച്ച എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കോളജിലേക്ക് വന്ന വിദ്യാര്‍ഥികളെയും വാഹനങ്ങളും തടഞ്ഞതോടെയായിരുന്നു സംഘര്‍ഷത്തിന് തുടക്കം. പൊലീസ് ഇടപെട്ടതോടെ എസ്.എഫ്.ഐ പ്രവര്‍ത്തകരുമായി നേരിയതോതില്‍ ഉന്തും തള്ളും ഉണ്ടായി. കൂടുതല്‍ പൊലീസ് എത്തി ബലംപ്രയോഗിച്ചാണ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയത്. എസ്.എഫ്.ഐ കോട്ടയം ഏരിയ സെക്രട്ടറി റിജേഷ് കെ.ബാബു, പ്രസിഡന്‍റ് പി. എസ്. ശ്രീജിത്, ഏരിയ കമ്മിറ്റി അംഗം അബീഷ്, യൂനിറ്റ് സെക്രട്ടറി അജയ്നാഥ്, അജിന്‍ കുരുവിള ബാബു, അമല്‍, ചാള്‍സ് ജോസഫ്, മണിക്കുട്ടന്‍, ആനന്ദ്, ശ്രീരാഗ് പി. തങ്കച്ചന്‍ എന്നിവരെ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. അതേസമയം, പഠിപ്പുമുടക്കിനെ അനുകൂലിച്ച് കോളജില്‍നിന്ന് തിരികെപോയ വിദ്യാര്‍ഥികളെ കോളജിലെ രണ്ട് അധ്യാപകര്‍ ചേര്‍ന്ന് ബേക്കര്‍ ജങ്ഷനിലെ ബസ്സ്റ്റാന്‍ഡില്‍നിന്ന് നിര്‍ബന്ധപൂര്‍വം തിരികെ കോളജിലെത്തിച്ചതാണ് സംഘര്‍ഷത്തിന് കാരണമെന്ന് എസ്.എഫ്.ഐ നേതാക്കള്‍ പറഞ്ഞു. ഈസമയത്ത് കോളജ് കവാടത്തില്‍ ഉപരോധം തീര്‍ത്ത എസ്.എഫ്.ഐക്കാരെ പൊലീസ് സഹായത്തോടെ വലിച്ചുമാറ്റി വിദ്യാര്‍ഥികളെ തിരികെ കോളജില്‍ പ്രവേശിപ്പിക്കാന്‍ ചില അധ്യാപകര്‍ ശ്രമിച്ചു. ഇത് തടയാന്‍ ശ്രമിച്ച എസ്.എഫ്.ഐ പ്രവര്‍ത്തകരെ പൊലീസ് വലിച്ചിഴച്ച് വാഹനത്തില്‍ കയറ്റുകയായിരുന്നെന്ന് അവര്‍ കുറ്റപ്പെടുത്തി. നഗരത്തില്‍ എസ്.എഫ്.ഐ പ്രഖ്യാപിച്ച പകടനം ഒഴിവാക്കാന്‍ പൊലീസ് ശ്രമിച്ചെന്നും നേതാക്കള്‍ ആരോപിച്ചു. സംഘര്‍ഷം കണക്കിലെടുത്ത് നഗരത്തിലെ മറ്റു കോളജുകളിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലും വെസ്റ്റ് സി.ഐയുടെയും എസ്.ഐയുടെയും നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം ക്യാമ്പ് ചെയ്തിരുന്നു. അറസ്റ്റിലായവര്‍ക്ക് ചൊവ്വാഴ്ച ഉച്ചയോടെ ജാമ്യം ലഭിച്ചതിനാല്‍ എസ്.എഫ്.ഐ നേതൃത്വത്തില്‍ നഗരത്തില്‍ പ്രകടനം നടത്തി. മോട്ടോര്‍ യൂനിയന്‍ ഓഫിസില്‍നിന്ന് ആരംഭിച്ച പ്രകടനം നഗരം ചുറ്റി തിരുനക്കര സ്വകാര്യബസ്സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു. ജില്ലാ പ്രസിഡന്‍റ് ജയ്ക് സി. തോമസ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്‍റ് പി.എസ്. ശ്രീജിത് അധ്യക്ഷത വഹിച്ചു. പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് ജില്ലയിലെ മുഴുവന്‍ ഏരിയ കേന്ദ്രങ്ങളിലും പഠിപ്പുമുടക്കി പ്രകടനം നടത്തി. എം.ജി സര്‍വകലാശാല കാമ്പസ് വിദ്യാര്‍ഥികള്‍ സര്‍വകലാശാല അഡ്മിനിസ്ട്രേറ്റീവ് ബ്ളോക്കിന് മുന്നില്‍നിന്ന് സര്‍വകലാശാല കവാടത്തിലേക്കും മാര്‍ച്ച് നടത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story