Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jun 2014 5:05 PM IST Updated On
date_range 11 Jun 2014 5:05 PM IST12 പേര്‍ക്ക് ഡെങ്കിപ്പനി;പനിക്കിടക്കയിലേക്ക് കോട്ടയം
text_fieldsbookmark_border
കോട്ടയം: കാലവര്‍ഷം കനത്തതോടെ ജില്ലയില്‍ പനിബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ചൊവ്വാഴ്ച മാത്രം പനി ബാധിച്ച് 416 പേരാണ് ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികില്‍സതേടിയത്. സ്വകാര്യ ആശുപത്രികളിലും നിരവധിപേരെത്തി. പാമ്പാടി, അതിരമ്പുഴ, കുമരകം എന്നിവിടങ്ങളിലായി മൂന്നുപേര്‍ക്ക് ചിക്കന്‍പോക്സും ബാധിച്ചിട്ടുണ്ട്. 12 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചതായി സംശയിക്കുന്നു. ചങ്ങനാശേരിയില്‍ മൂന്നുപേരാണ് ഡെങ്കിപ്പനിക്ക് ചികില്‍സതേടിയത്. ജില്ലയുടെ പല ഭാഗങ്ങളിലും മഞ്ഞപ്പിത്തവും കണ്ടെത്തി. ചൊവ്വാഴ്ച പനച്ചിക്കാട് ഒരാള്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. പനിക്ക് തിങ്കളാഴ്ച 389 പേരാണ് ചികില്‍സ തേടിയത്. കഴിഞ്ഞദിവസങ്ങളിലായി 20ലധികം പേര്‍ ഡെങ്കിപ്പനിയെന്ന സംശയത്തില്‍ ചികില്‍സ തേടിയിരുന്നു. പകര്‍ച്ചപ്പനി ജില്ലയില്‍ പടര്‍ന്നുപിടിക്കുകയാണ്. കാഞ്ഞിരപ്പള്ളി, പള്ളിക്കത്തോട്, ചങ്ങനാശേരി, കുമരകം, എരുമേലി, മുണ്ടക്കയം, ഉഴവൂര്‍ ഭാഗങ്ങളില്‍ ഒട്ടേറെപ്പേര്‍ പനി ബാധിതരായി. ജില്ലാ- താലൂക്ക് ആശുപത്രികളില്‍ നൂറുകണക്കിന് രോഗികളാണ് രാവിലെ മുതല്‍ പനിക്ക് ചികില്‍സ തേടി കാത്തുനില്‍ക്കുന്നത്. പൊടുന്നനെയാണ് പനി ബാധിക്കുന്നതെന്ന് രോഗികള്‍ പറയുന്നു. ഡോക്ടറെ കാണാന്‍ ക്യൂവില്‍ നില്‍ക്കുന്നതിനിടെ കുഴഞ്ഞുവീഴുന്ന സംഭവങ്ങളും പതിവാണ്. മെഡിക്കല്‍ കോളജിലും നിരവധിപേര്‍ എത്തുന്നുണ്ട്. ചില ആശുപത്രികളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തത് രോഗികളെ ദുരിതത്തിലാക്കി. മഴ തുടങ്ങിയതോടെ ആശുപത്രികളില്‍ എത്തുന്നവരുടെ എണ്ണത്തില്‍ വന്‍ കുതിപ്പാണ് ഉണ്ടാകുന്നത്. കോട്ടയം, വൈക്കം താലൂക്കുകളില്‍ എലിപ്പനി ഭീഷണിയും നിലനില്‍ക്കുന്നു. പനിബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആശുപത്രികളില്‍ മതിയായ ജീവനക്കാരെ നിയമിക്കണമെന്ന ആവശ്യം ശക്തമാണ്. എലിപ്പനി സാധ്യതയുള്ളതിനാല്‍ പാടശേഖരങ്ങളിലും മറ്റും ജോലിക്കിറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ആരോഗ്യവകുപ്പ ്അധികൃതര്‍ അറിയിച്ചു. വീടും പരിസരവും ശുചിയായി സൂക്ഷിക്കണം. വൃത്തിയില്ലാത്ത സാഹചര്യങ്ങളില്‍ നിന്ന് ഭക്ഷണം ഒഴിവാക്കണം. വെള്ളം കെട്ടിനില്‍ക്കാന്‍ അനുവദിക്കരുത്, മലിനജലത്തിലൂടെ നടക്കരുത് തുടങ്ങിയ നിര്‍ദേശങ്ങളും അവര്‍ നല്‍കുന്നു. ആവശ്യമായ മുന്‍കരുതലുകളെല്ലാം എടുത്തിട്ടുണ്ടെന്നും ശുചീകരണപ്രവര്‍ത്തനങ്ങളും ക്ളോറിനേഷനും നടന്നുവരികയാണെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
