Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightഅഴീക്കല്‍...

അഴീക്കല്‍ പ്രദേശവാസികള്‍ ജനകീയ പഞ്ചായത്ത് നടത്തി

text_fields
bookmark_border
അഴീക്കല്‍ പ്രദേശവാസികള്‍ ജനകീയ  പഞ്ചായത്ത് നടത്തി
cancel
കണ്ണൂര്‍: അഴീക്കല്‍ കപ്പല്‍പൊളി കേന്ദ്രത്തിനെതിരെ നാല് മാസമായി തുടരുന്ന പ്രദേശവാസികളുടെ സമരം ശക്തമാകുന്നു. സമരത്തിന്‍െറ ഭാഗമായി നടക്കുന്ന നിരാഹാര സത്യഗ്രഹത്തിന്‍െറ 44ാം നാളായ ഇന്നലെ കപ്പല്‍പൊളി വിരുദ്ധ സമരസമിതിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് പടിക്കല്‍ അഴീക്കല്‍ പ്രദേശവാസികള്‍ ജനകീയ പഞ്ചായത്ത് നടത്തി. ഒരുവിധ ലൈസന്‍സും ഇല്ലാതെയാണ് കപ്പല്‍പൊളി കേന്ദ്രം പ്രവര്‍ത്തിക്കുന്നതെന്ന് തെളിഞ്ഞിട്ടും നിയമവിരുദ്ധമായി കപ്പല്‍ മാഫിയകള്‍ക്ക് സൗകര്യം ചെയ്തുകൊടുക്കുന്ന ജില്ലാ കലക്ടറെ തിരിച്ചുവിളിക്കണമെന്ന് പ്രമേയം വഴി ജനകീയ പഞ്ചായത്ത് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ഒരുദിവസംപോലും പ്രദേശത്ത് വരുകയോ സമരക്കാരോട് സംസാരിക്കുകയോ ചെയ്യാത്ത കെ.എം. ഷാജി എം.എല്‍.എ കപ്പല്‍ ഉടമകള്‍ക്ക് ഒത്താശ ചെയ്യുന്ന ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയതായി സമരസമിതി ചെയര്‍മാന്‍ ആരോപിച്ചു. എം.എല്‍.എ, അഴീക്കോട് ഗ്രാമപഞ്ചായത്ത്, പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ്, ആരോഗ്യ വകുപ്പ് അധികൃതര്‍, ജില്ലാ കലക്ടര്‍ എന്നിവരുടെ ഭാഗത്തുനിന്നുണ്ടായ നടപടികളെയും ഇടപെടലുകളെയും കുറിച്ച് അംഗങ്ങള്‍ ചോദ്യമുന്നയിച്ചു. അഴീക്കോട് പഞ്ചായത്ത് സെക്രട്ടറിയില്‍നിന്ന് വിവരാവകാശ പ്രകാരം ലഭിച്ച മറുപടിയില്‍ കേന്ദ്രത്തിന് ലൈസന്‍സ് ഇല്ലെന്ന് വ്യക്തമാക്കിയിരുന്നു. പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ്, പഞ്ചായത്ത് എന്നിവയുടെ അനുമതിയില്ലെന്ന് സില്‍ക് എം.ഡി തന്നെ കലക്ടറെ ബോധ്യപ്പെടുത്തി. എന്നാല്‍, കപ്പല്‍ പൊളി തടയാന്‍ ജില്ലാ ഭരണകൂടം നടപടിയെടുത്തില്ല. ആവശ്യമായ രേഖകള്‍ സമ്പാദിക്കാന്‍ കലക്ടര്‍ സില്‍ക്കിന് അനുമതി നല്‍കുകയായിരുന്നു. സമരം കൂടുതല്‍ ശക്തമാക്കാനും സംസ്ഥാന വ്യാപകമാക്കാനും ജനകീയ പഞ്ചായത്ത് തീരുമാനിച്ചു. സെക്രട്ടേറിയറ്റ് പടിക്കല്‍ സത്യഗ്രഹം നടത്താനും മുഖ്യമന്ത്രിക്ക് വീണ്ടും നിവേദനം നല്‍കാനും തീരുമാനമെടുത്തു. സമരസമിതി ചെയര്‍മാന്‍ എം.കെ. മനോഹരന്‍ ജനകീയ പഞ്ചായത്ത് ഉദ്ഘാടനം ചെയ്തു. ഡി. സുരേന്ദ്രനാഥ്, എം. ഗീതാനന്ദന്‍, അജിത് കൊവ്വല്‍, പള്ളിപ്രം പ്രസന്നന്‍, പ്രകാശന്‍ മൊറാഴ എന്നിവര്‍ സംസാരിച്ചു. സമരസമിതിയുടെ നേതൃത്വത്തില്‍ പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് ഓഫിസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി. ഡി. സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. എം.കെ. മനോഹരന്‍, വീണാമണി തുടങ്ങിയവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story