Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightപുലരിയില്‍ ആവേശം...

പുലരിയില്‍ ആവേശം പൂത്തുലഞ്ഞു

text_fields
bookmark_border
പുലരിയില്‍ ആവേശം പൂത്തുലഞ്ഞു
cancel
പയ്യന്നൂര്‍: കാല്‍പന്തുകളിയിലെ രാജാക്കന്മാരാകാന്‍ താരങ്ങള്‍ മൈതാനത്തിലിറങ്ങുന്നതിന് മുമ്പെ ‘പുലരി’യുടെ പ്രവര്‍ത്തകര്‍ മത്സരം തുടങ്ങി. കടന്നപ്പള്ളി പുത്തൂര്‍കുന്നിലെ പുലരി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ളബിന്‍െറ പ്രവര്‍ത്തകരാണ് ചേരിതിരിഞ്ഞ് ഫുട്ബാള്‍ പോര് തുടങ്ങിയത്. നാല് ടീമുകളുടെ ഫാന്‍സുകളാണ് ക്ളബില്‍ ഉള്ളത്. ഇതില്‍ സ്പെയിനുകാരും ബ്രസീലുകാരും തന്നെയാണ് കേമന്മാര്‍. ശ്രീരാഗ്, വിനീത്, വിനേഷ്, മിഥുന്‍, ശിതില്‍, റിജില്‍ തുടങ്ങിയവരാണ് കഴിഞ്ഞവര്‍ഷത്തെ രാജാക്കന്മാരായ സ്പെയിനിന്‍െറ ആരാധകര്‍. ഇവര്‍ ആദ്യംതന്നെ കൂറ്റന്‍ ഫ്ളക്സ് ബോര്‍ഡ് വെച്ച് മത്സരക്കളത്തിലിറങ്ങി. ‘വാര്‍ധക്യം ബാധിച്ച ക്ളോസെയുടെ ജര്‍മനിയല്ല; ഒരു മറഡോണയുടെ പാരമ്പര്യം വിളമ്പുന്ന ക്ളബ് മെസിയുടെ അര്‍ജന്‍റീനയല്ല; നഷ്ടപ്രതാപം താലോലിക്കുന്ന ബ്രസീലല്ല; കാളപ്പോരിന്‍െറ നാട്ടില്‍നിന്ന് കാളക്കൂറ്റന്മാരുടെ കരുത്തുമായി ചുണക്കുട്ടികള്‍ വരുമ്പോള്‍ തടയാന്‍ മെനക്കെടേണ്ട’ ഇങ്ങനെ പോകുന്നു ഫ്ളക്സിലെ ഡയലോഗുകള്‍. എന്നാല്‍, മഞ്ഞപ്പടയുടെ ആരാധകരായ ജിതിന്‍, പ്രജിത്, പരമു, റിജു, മുത്തു, കുട്ടന്‍ എന്നിവര്‍ സ്പെയിനിന്‍െറതിനേക്കാള്‍ വലിയ ബോര്‍ഡ് വെച്ചാണ് തിരിച്ചടിച്ചത്. ‘കുട്ട്യോള് കളിക്കുന്ന ടിക്കി ടാക്കി കളിയല്ല ഇത്. ഒരിക്കല്‍ ചക്ക വീണ് മുയല്‍ ചത്തുവെന്ന് കരുതി എല്ലായ്പോഴും നടക്കില്ല. വിശ്വ ഫുട്ബാളിന്‍െറ ആറാം തമ്പുരാന്മാരാകാന്‍ സാംബാ നൃത്തത്തിന്‍െറ താളവുമായി മഞ്ഞപ്പട വരുന്നു’. ബ്രസീല്‍ ആരാധകര്‍ കുറച്ചുകൂടി ഇടിച്ചുകയറി. ഒപ്പം കായിക നക്ഷത്രങ്ങളായ നെയ്മര്‍, ജൂലിയര്‍ സീസര്‍ തുടങ്ങിയവരുടെ കൂറ്റന്‍ ചിത്രങ്ങളുമുണ്ട് ഫ്ളക്സില്‍. കുറച്ചുകൂടി പ്രായക്കൂടുതലുള്ളവരാണ് അര്‍ജന്‍റീന ഫാന്‍സിലുള്ളത്. അനന്തന്‍, ഹരി, പ്രശാന്ത്, പുരുഷു എന്നിവര്‍. ഒപ്പം ഇളംതലമുറയിലെ അച്ചുവും രഞ്ജുവും. ഫുട്ബാള്‍ ദൈവം ഡീഗോ മറഡോണ നിറഞ്ഞുനില്‍ക്കുന്ന ഫ്ളക്സാണ് ഇവര്‍ അടിച്ചത്. ‘കഴിഞ്ഞ അസ്തമയങ്ങളെ നമുക്ക് മറക്കാം. പുതിയ ഉദയത്തിനായി കാത്തിരിക്കാം. വെല്ലുവിളിക്കോ പന്തയത്തിനോ ഞങ്ങളില്ല; പുച്ഛിച്ചു തള്ളുന്നവരോട് ഒരു വാക്ക്, ഇത്തവണ കപ്പ് ഞങ്ങള്‍ക്കുതന്നെ’ മൈതാനത്തെ അര്‍ജന്‍റീന താരങ്ങളുടെ താളവും പ്രായത്തിന്‍െറ പക്വതയും വാചകങ്ങളില്‍ വ്യക്തം. ക്ളബംഗങ്ങളില്‍ ഭൂരിഭാഗവും ഈ മൂന്ന് രാഷ്ട്രങ്ങളുടെയും ഫാന്‍സാവുമ്പോള്‍ ജര്‍മനിയെ പിന്തുണക്കാന്‍ രണ്ടുപേര്‍ മാത്രം. മഹേഷും സുനീഷും. എങ്കിലും ന്യൂനപക്ഷമെന്നത് ഫ്ളക്സിലെ ഫോട്ടോയില്‍ മാത്രമൊതുക്കി ഇവരും വെച്ചു വലിയ ബോര്‍ഡ്. ‘കളിക്കളത്തില്‍ മായാജാലം തീര്‍ക്കാന്‍ ദൈവത്തിന്‍െറ കൈകളില്ല. കാരണം ഇത് ഫുട്ബാളാണ്. വ്യാഴവട്ടത്തിനുശേഷം കപ്പെടുക്കാന്‍ വരുന്നവരാണ് ഞങ്ങള്‍. കുളമ്പുദീനം ബാധിച്ച കാളപ്പോരുകാര്‍ വരണമെന്നില്ല.’ ജര്‍മനിക്കാര്‍ നയം വ്യക്തമാക്കുന്നു. രണ്ടാഴ്ച മുമ്പുവരെ വാര്‍ഷികാഘോഷത്തിന്‍െറ കലാപരിപാടികള്‍ക്കും ഫുട്ബാള്‍ ടൂര്‍ണമെന്‍റിനും കൈമെയ് മറന്ന് ഒരുമിച്ചവരാണ് പെട്ടെന്ന് നാലു ചേരിയായി മാറിയത്. കായിക ലഹരിയുടെ, സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിന്‍െറ ചേരിതിരിവ്. വലിയ സ്ക്രീന്‍ വെച്ച് കളി കാണാന്‍ ഇവര്‍ തയാറെടുക്കുകയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story