ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍: ആദ്യമായി സ്പോണ്‍സറുടെ സാന്നിധ്യത്തില്‍ ഇന്ന് ബോര്‍ഡ് യോഗം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിൻെറ പൊതുസ്വത്തായ ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ ബോ൪ഡ് ഓഫ് ട്രസ്റ്റീസ് യോഗത്തിൽ ഇദംപ്രഥമമായി സ്പോൺസ൪ മിസാൻ അൽ ഈസ പങ്കെടുക്കുന്നു. ഇന്ന് നടക്കുന്ന ബോ൪ഡ് യോഗത്തിലാണ് സ്പോൺസ൪ സംബന്ധിക്കുന്നത്.
ഇതുസംബന്ധിച്ച് ബോ൪ഡ് സെക്രട്ടറി വിജയൻ കാരയിൽ അംഗങ്ങൾക്ക് അറിയിപ്പ് നൽകിയിട്ടുണ്ട്. സാധാരണഗതിയിൽ ബോ൪ഡ് യോഗത്തിൽ സ്പോൺസ൪ പങ്കെടുക്കാറില്ല. സ്കൂളിൻെറ നടത്തിപ്പിൽ ഇതുവരെ നേരിട്ട് ഇടപെട്ടിട്ടില്ലാത്ത സ്പോൺസറെ അതിനുവേണ്ടി രംഗത്തിറക്കാനുള്ള ചെയ൪മാൻ അശോക് കൽറയുടെ ശ്രമമാണ് ഇപ്പോൾ സ്പോൺസ൪ യോഗത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചതിന് പിന്നിലെന്നാണ് സൂചന. ബോ൪ഡ് യോഗങ്ങളിൽ ഇനിമുതൽ സ്പോൺസ൪ പങ്കെടുക്കുമെന്നും സ്കൂളിൻെറ കാര്യങ്ങളിൽ ഇടപെടുമെന്നും കഴിഞ്ഞ യോഗത്തിൽ ചെയ൪മാൻ വ്യക്തമാക്കിയിരുന്നു.
ചെയ൪മാനെ സഹായിക്കുന്നതിനുവേണ്ടിയാണ് സ്പോൺസറെ ഇടപെടുത്താൻ ശ്രമിക്കുന്നതെന്ന ആക്ഷേപം ബോ൪ഡ് അംഗങ്ങൾക്കിടയിൽ തന്നെ ഉയ൪ന്നിട്ടുണ്ട്. കാലാവധി കഴിഞ്ഞിട്ടും സ്ഥാനമൊഴിയാത്ത ചെയ൪മാന് സമയപരിധി നീട്ടി നൽകുന്നതിന് കൂടി വേണ്ടിയാണിതെന്നാണ് ആക്ഷേപം. അഞ്ച് വ൪ഷമാണ് ചെയ൪മാൻെറ കാലാവധി. 2009 ഫെബ്രുവരി എട്ടിനാണ് മുൻ ചെയ൪മാൻ ഡോ. ജോണി ബോ൪ഡ് യോഗത്തിൽ രാജി സമ൪പ്പിച്ചിരുന്നത്. തുട൪ന്ന് ചെയ൪മാനായി ചുമതലയേറ്റ അശോക് കൽറയുടെ കാലവധി ഈവ൪ഷം ഏപ്രീലോടെ തീ൪ന്നിരിക്കുകയാണ്. ഇതിനിടെയാണ് സ്പോൺസറെ കൂട്ടുപിടിച്ച് കാലാവധി ദീ൪ഘിപ്പിക്കാൻ ചെയ൪മാൻ ശ്രമം നടത്തുന്നത്.
രാജൻ ദാനിയേൽ പുറത്തായതോടെ ഒഴിവുവന്ന വൈസ് ചെയ൪മാൻ നികത്താതെ ഒഴിച്ചിട്ട് ചെയ൪മാൻെറ കാലാവധി ദീ൪ഘിപ്പിക്കാനുള്ള നീക്കം കഴിഞ്ഞ ബോ൪ഡ് യോഗത്തിൽ പരാജയപ്പെട്ടിരുന്നു. ചെയ൪മാൻെറ അഭാവത്തിൽ ചേ൪ന്ന യോഗം പുതിയ വൈസ് ചെയ൪മാനെ തെരഞ്ഞെടുത്തതോടെയാണിത്. അടുത്തിടെ നടന്ന തെരഞ്ഞെടുപ്പിൽ വൈസ് ചെയ൪മാൻ രാജൻ ദാനിയേൽ പുറത്തായതോടെ ബോ൪ഡിൽ പ്രശ്നങ്ങൾ രൂക്ഷമായത്. പുറത്തായതോടെ രാജൻ ദാനിയേൽ ഭരണസമിതിക്കെതിരേ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇതിന് മറുപടി പറയാൻ ചെയ൪മാൻെറ നേതൃത്വത്തിൽ വാ൪ത്താസമ്മേളനം വിളിച്ചെങ്കിലും ആരോപണങ്ങൾക്ക് വ്യക്തമായ മറുപടി പറയാനായിരുന്നില്ല. ഇതിനിടെ ഭരണഘടനാനുസൃതമായല്ല തന്നെ പുറത്താക്കിയതെന്ന് കാണിച്ച് രാജൻ ദാനിയേൽ ഇന്ത്യൻ എംബസിയെ സമീപിച്ചിരുന്നെങ്കിലും എംബസി ഇതുവരെ ഇടപെട്ടിട്ടില്ല. ഇതിനിടെയാണ് ബോ൪ഡ് തലപ്പത്ത് തുടരാൻ ചെയ൪മാൻ അശോക് കൽറ സ്പോൺസറെ കൂട്ടുപിടിക്കുന്നത്.
ഒന്നര പതിറ്റാണ്ട് മുമ്പ് സ്കൂളിൻെറ പണം അപഹരിച്ച് കെ.പി. മോഹനൻ അടക്കമുള്ളവ൪ മുങ്ങിയതിനെ തുട൪ന്ന് കേസ് നടത്തിയാണ് സ്കൂൾ ഇന്ത്യൻ സമൂഹം തിരിച്ചുപിടിച്ചത്.
അന്നത്തെ ഇന്ത്യൻ അംബാസഡ൪ നിയമിച്ച അഡ്ഹോക്ക് കമ്മിറ്റിയാണ് പിന്നീട് ബോ൪ഡ് ഓഫ് ട്രസ്റ്റീസ് ആയി സ്കൂൾ നിയന്ത്രിക്കുന്നത്. കാലങ്ങളായി ബോ൪ഡിനെ നിയന്ത്രിച്ചിരുന്ന രാജൻ ദാനിയേൽ പുറത്തായതോടെ ശുദ്ധികലശം നടക്കുമെന്ന പ്രതീക്ഷക്കിടെയാണ് നിലവിൽ ബോ൪ഡിലുള്ള ചെയ൪മാനടക്കമുള്ളവ൪ അധികാര വടംവലി നടത്തുന്നത്. സ്പോൺസ൪ കൂടി നേരിട്ട് ഇടപെടുന്നതോടെ സ്കൂൾ ഇന്ത്യൻ സമൂഹത്തിൻെറ കൈയിൽനിന്ന് വിട്ടുപോകുമെന്ന ആശങ്കയുയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
