വിടവാങ്ങിയത് മഹാരാഷ്ട്ര ബി.ജെ.പിയുടെ തലയെടുപ്പ്
text_fieldsമുംബൈ: പരമ്പരാഗതമായി കോൺഗ്രസിൻെറ തട്ടകമായ മഹാരാഷ്ട്രയുടെ രാഷ്ട്രീയ ഭൂപടത്തിൽ ബി.ജെ.പിക്ക് നി൪ണായക സ്ഥാനം നേടിക്കൊടുത്ത നേതാക്കളിൽ പ്രധാനിയാണ് ഗോപിനാഥ് മുണ്ടെ. സംസ്ഥാനത്ത് കോൺഗ്രസിൻെറ നട്ടെല്ലായിരുന്ന ക൪ഷക൪ക്കിടയിലേക്കിറങ്ങി താമരവിരിയിക്കാൻ ക൪ഷക കുടുംബത്തിൽ ജനിച്ച അദ്ദേഹത്തിന് കഴിഞ്ഞു. മണ്ണിൻെറ മക്കൾ വാദവും ഹിന്ദുത്വയും നയമാക്കിയ ബാൽതാക്കറെയുടെ ശിവസേനയുമായുള്ള സഖ്യം ബി.ജെ.പിയുടെ വള൪ച്ചയിൽ നി൪ണായകമാണ്. ഈ സഖ്യത്തിൻെറ ശിൽപികളിലൊരാളാണ് മുണ്ടെ. ഭാര്യാസഹോദരൻ പ്രമോദ് മഹാജനാണ് സേനയുമായുള്ള സഖ്യത്തിന് ചുക്കാൻ പിടിച്ച മറ്റൊരു നേതാവ്. പ്രമോദ് മഹാജൻ കൊല്ലപ്പെട്ട 2006 വരെ സംസ്ഥാന രാഷ്ട്രീയത്തിൽ നിറസാന്നിധ്യമായിരുന്ന മുണ്ടെ പിന്നീട് ദേശീയ തലത്തിലേക്ക് ഉയ൪ത്തപ്പെട്ടു. സംസ്ഥാനത്ത് പാ൪ട്ടിയുടെ വള൪ച്ചയും മുഖ്യമന്ത്രി പദവും ലക്ഷ്യമിട്ട മുണ്ടെക്ക് ‘നാടുകടത്തലാ’യിരുന്നു ദേശീയ ജനറൽ സെക്രട്ടറിയായുള്ള ഈ സ്ഥാനക്കയറ്റം. മുണ്ടെയുടെ താൽപര്യത്തിന് വിരുദ്ധമായാണ് മോദി സ൪ക്കാറിൽ ഗ്രാമവികസന മന്ത്രി പദം നൽകിയതും. മോദി സ൪ക്കാറിൽ അംഗമാകാൻ ആഗ്രഹിച്ചിരുന്നില്ല. ആറ് മാസത്തിനകം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനായി സജീവമാകുകയും ലോക്സഭാ തെരഞ്ഞെടുപ്പിലെ വിജയം നിയമസഭാ തെരഞ്ഞെപ്പിലും ആവ൪ത്തിച്ചാൽ മുഖ്യമന്ത്രിയാകുക എന്നതുമായിരുന്നു മുണ്ടെയുടെ ലക്ഷ്യം.
കലാലയ ജീവിതകാലത്ത് സഹപാഠിയായ പ്രമോദ് മഹാജനുമായുള്ള കൂട്ടുകെട്ടാണ് മുണ്ടെയെ രാഷ്ട്രീയത്തിലത്തെിച്ചത്. മഹാജൻെറ സഹോദരി പ്രദ്ന്യയുമായുള്ള വിവാഹത്തിലേക്കും ആ സൗഹൃദം നീണ്ടു. എ.ബി.വി.പിയിലൂടെ ആ൪.എസ്.എസിലും അതുവഴി പിന്നീട് ബി.ജെ.പിയിലുമത്തെിയ മുണ്ടെ മഹാരാഷ്ട്രയിൽ പാ൪ട്ടിയുടെ നട്ടെല്ലായി. അതുവരെ മേൽജാതിക്കാരുടെ പാ൪ട്ടിയായി കരുതപ്പെട്ട ബി.ജെ.പിയെ പിന്നാക്ക വിഭാഗക്കാരും അംഗീകരിച്ചുതുടങ്ങി. പിന്നാക്ക വിഭാഗത്തിൽപെട്ട വഞ്ചാരി സമുദായക്കാരനായ മുണ്ടെയിലൂടെ ബി.ജെ.പി വളരുകയായിരുന്നു. മറാത്താ സമുദായക്കാരുടെ കൈപ്പിടിയിലായിരുന്ന കോൺഗ്രസിന് മഹാരാഷ്ട്രയിൽ കാലിടറിത്തുടങ്ങിയത് മറാത്താ വിരോധികളായ പിന്നാക്ക സമുദായക്കാ൪ ബി.ജെ.പി, ശിവസേന പാ൪ട്ടികളുമായി അടുത്തുതുടങ്ങിയതോടെയാണ്. പ്രമോദ് മഹാജൻ കൊല്ലപ്പെടുംവരെ മുണ്ടെ-മഹാജൻ കൂട്ടുകെട്ട് കരുത്തുറ്റതായിരുന്നു. പൂ൪ണമായും ആ൪.എസ്.എസിൻെറ പിടിയിൽ നിൽക്കാൻ ഇരുവരും തയാറായിരുന്നില്ല. മഹാജൻ കൊല്ലപ്പെട്ടതോടെ ആ൪.എസ്.എസിൻെറ പിൻബലത്തിൽ മുണ്ടെയെ ഒതുക്കി നിതിൻ ഗഡ്കരി മഹാരാഷ്ട്ര ബി.ജെ.പിയുടെ അധ്യക്ഷനായി. ഒതുക്കപ്പെട്ട മുണ്ടെയെ ഒപ്പം കൂട്ടാൻ കോൺഗ്രസ് കരുക്കൾ നീക്കുകയും മന്ത്രി പദവി വാഗ്ദാനം ചെയ്യുകയുമുണ്ടായി. എന്നാൽ, മുണ്ടെയെ നഷ്ടപ്പെട്ടാൽ മഹാരാഷ്ട്രയിൽ അത് നട്ടെല്ളൊടിയുന്നതിന് സമമാണെന്ന് തിരിച്ചറിഞ്ഞ കേന്ദ്ര നേതൃത്വം അദ്ദേഹത്തെ ദേശീയ ജനറൽ സെക്രട്ടറിയാക്കുകയും 2009 ൽ പ്രതിപക്ഷ ഉപനേതാവാക്കുകയും ചെയ്തു. അദ്വാനിയായിരുന്നു ഇതിന് മുൻകൈയെടുത്തത്.
മഹാരാഷ്ട്ര രാഷ്ട്രീയത്തിലും ദേശീയതലത്തിലും തന്ത്രങ്ങൾകൊണ്ട് ‘മറാത്താ സ്ട്രോങ്മാൻ ’ എന്ന വിശേഷണം നേടിയ ശരത് പവാറിന് വെല്ലുവിളിയായി മാറാൻ കഴിഞ്ഞ അപൂ൪വം നേതാക്കളിൽ ഒരാളാണ് ഗോപിനാഥ് മുണ്ടെ. കോൺഗ്രസ് നേതാവും മുഖ്യമന്ത്രിയുമായിരുന്ന അന്തരിച്ച വിലാസ്റാവ് ദേശ്മുഖാണ് പവാറിന് വെല്ലുവിളിയായിരുന്ന മറ്റൊരു നേതാവ്. രാഷ്ട്രീയമായി വിരുദ്ധ ചേരിയിലായിരുന്നെങ്കിലും ദേശ്മുഖുമായി അടുത്ത സൗഹൃദമുണ്ടായിരുന്നു മുണ്ടെക്ക്.
രാഷ്ട്രീയ തട്ടകത്തിൽ മാത്രമല്ല മുംബൈ ക്രിക്കറ്റ് അസോസിയേഷൻ തെരഞ്ഞെടുപ്പിലും പവാറിന് മുണ്ടെ കടുത്ത വെല്ലുവിളിയായിരുന്നു. പവാറിനെതിരെയുള്ള നീക്കങ്ങളിൽ കോൺഗ്രസ് നേതാക്കൾ രഹസ്യമായി മുണ്ടെയെ സഹായിച്ചിരുന്നതായും സംസാരമുണ്ട്. പവാറിനെയും എൻ.സി.പിയെയും രാഷ്ട്രീയമായി നിലമ്പരിശാക്കുമെന്ന് പ്രഖ്യാപിച്ച മുണ്ടെ എൻ.ഡി.എയിൽ ചേരാനുള്ള പവാറിൻെറ നീക്കത്തെ നഖശിഖാന്തം എതി൪ക്കുകയും ചെയ്തു.
ക൪ഷക നേതാവായ രാജു ഷെട്ടിയുമായി സഖ്യമുണ്ടാക്കിയാണ് മുണ്ടെ ഇതിന് കരുനീക്കിയത്. അത് പാളിയില്ല. മാത്രമല്ല; നാലോളം എൻ.സി.പി എം.എൽ.എമാരെ റാഞ്ചി ബി.ജെ.പി ടിക്കറ്റിൽ മത്സരിപ്പിച്ച് ജയിപ്പിക്കാനും മുണ്ടെക്ക് കഴിഞ്ഞു. മുണ്ടെയെ വീഴ്ത്താൻ അദ്ദേഹത്തിൻെറ ജ്യേഷ്ഠൻ പണ്ഡിത് അണ്ണയുടെ മകൻ ധനഞ്ജയ് മുണ്ടെയെ പവാ൪ റാഞ്ചിയെങ്കിലും അത് വിജയിച്ചില്ല. മുണ്ടെക്കെതിരെ സംസ്ഥാന സഹമന്ത്രിയായ സുരേഷ് ദാസിനെ ഇറക്കിയ പവാറിന് അത് തിരിച്ചടിയാകുകയാണുണ്ടായത്.
ജന്മനാടായ ബീഡിലെ പറളി നിയമസഭാ മണ്ഡലത്തെ അഞ്ച് തവണ പ്രതിനിധീകരിച്ച മുണ്ടെ 91 ൽ പ്രതിപക്ഷ നേതാവും 95 ൽ ആഭ്യന്തര വകുപ്പിൻെറ ചുമതലയോടെ ഉപമുഖ്യമന്ത്രിയുമായിരുന്നു. 2009 ലാണ് ഹൈക്കമാൻഡിൻെറ നി൪ദേശത്തിന് വഴങ്ങി മുണ്ടെ ലോക്സഭയിലേക്ക് മത്സരിക്കുന്നത്. മൂത്തമകൾ പങ്കജയെ പറളി നിയമസഭാ മണ്ഡലത്തിൽ പിൻഗാമിയാക്കിയാണ് മുണ്ടെ ലോക്സഭയിലേക്ക് മത്സരിച്ചത്. ഇന്നോളം പരാജയമറിഞ്ഞിട്ടില്ല. ബീഡ് ലോക്സഭാ മണ്ഡലത്തിൽ ഒന്നര ലക്ഷത്തിലേറെവരുന്ന മുസ്ലിംകൾ മുണ്ടെയോട് അടുപ്പമുള്ളവരാണ്.
തങ്ങളുടെ വോട്ട് ബി.ജെ.പിക്കല്ല മുണ്ടെ എന്ന വ്യക്തിക്കാണെന്നാണ് ഇവിടത്തെ മുസ്ലിംകൾ പറയാറ്. മഹാരാഷ്ട്രയുടെ ചരിത്രത്തിൽ 95 ൽ മാത്രമാണ് ശിവസേന-ബി.ജെ.പി സഖ്യത്തിന് ഭരണം കിട്ടിയത്. ഇത്തവണ ഭരണം പിടിക്കാനാകുമെന്ന് കാവി സഖ്യം പ്രതീക്ഷ പുല൪ത്തുന്നതിനിടെയാണ് മുണ്ടെയുടെ അപ്രതീക്ഷിത മരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
