തലശ്ശേരിയില്‍ കൊള്ളപ്പലിശക്കാരന്‍ 40 ലക്ഷവുമായി അറസ്റ്റില്‍
text_fieldsതലശ്ശേരി: 40 ലക്ഷം രൂപയുമായി തലശ്ശേരിയിൽ കൊള്ളപ്പലിശക്കാരൻ അറസ്റ്റിലായി. പുന്നോൽ സ്വദേശി വടക്കുമ്പാട് മഠത്തുംഭാഗത്തെ ഷൈജ നിവാസിൽ നരോത്ത് തായാട്ട് രാജേന്ദ്രനെയാണ് (49) പൊലീസ് സംഘം മഞ്ഞോടിയിൽ അറസ്റ്റ് ചെയ്തത്.
സംസ്ഥാനത്താദ്യമായാണ് ഓപറേഷൻ കുബേരയിൽ ഇത്രയും പണം പിടിച്ചെടുക്കുന്നത്. പ്രാഥമികാന്വേഷണത്തിൽ ബിസിനസ് സ്ഥാപനങ്ങൾക്ക് വായ്പ നൽകി സൈലൻറ് പാ൪ട്ണറായി ഒടുവിൽ സ്ഥാപനം കൈക്കലാക്കുന്ന രീതിയിലാണ് ഇയാളുടെ ഇടപാടുകളെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഇയാളെ കോടതിയിൽ ഹാജരാക്കി.
എ.എസ്.പി ടി. നാരായണന് ലഭിച്ച രഹസ്യ വിവരത്തിൻെറ അടിസ്ഥാനത്തിൽ പ്രിൻസിപ്പൽ എസ്.ഐ സുരേന്ദ്രൻ കല്യാടൻെറ നേതൃത്വത്തിൽ രഹസ്യ നീക്കത്തിലൂടെയാണ് രാജേന്ദ്രനെ വലയിലാക്കിയത്.
മഠത്തുംഭാഗത്തെ രാജേന്ദ്രൻെറ വീട്ടിൽ പൊലീസ് നടത്തിയ റെയ്ഡിൽ 10 ബ്ളാങ്ക് ചെക്കുകളും അഞ്ച് ബ്ളാങ്ക് മുദ്രപത്രങ്ങളും ആധാരങ്ങളുമുൾപ്പെടെ നിരവധി രേഖകൾ പിടിച്ചെടുത്തു. ഇയാളുടെയും ഭാര്യയുടെയും പേരിൽ വാങ്ങിയ അഞ്ച് സ്ഥലങ്ങളുടെ ആധാരങ്ങളാണ് കണ്ടെടുത്തത്. നേരത്തെ ഓട്ടോ ഡ്രൈവറായിരുന്ന രാജേന്ദ്രൻ പ്രൈവറ്റ് ഓട്ടോയിൽ സഞ്ചരിച്ചാണ് 10 വ൪ഷമായി ബ്ളേഡ് ഇടപാടുകൾ നടത്തുന്നതത്രേ.
നഗരത്തിലെ വീനസ് ബേക്കറി ഉടമ കുട്ടിമാക്കൂൽ പെരിങ്കളത്ത് ശ്രീറാം കൃപയിൽ തയ്യിൽ രൂപേഷ് എട്ട് ലക്ഷം രൂപ രാജേന്ദ്രനിൽ നിന്ന് കടം വാങ്ങിയിരുന്നു. എന്നാൽ, പലിശ മുടങ്ങിയതോടെ രൂപേഷിൻെറ 24 സെൻറ് സ്ഥലവും 15 ലക്ഷം രൂപയും കൈക്കലാക്കിയ ശേഷം ബേക്കറി കൈമാറിയ ഇനത്തിൽ രൂപേഷിന് കിട്ടിയ 40 ലക്ഷം രൂപയും സ്വന്തമാക്കി മടങ്ങുന്നതിനിടയിലാണ് രാജേന്ദ്രനെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. ബേക്കറി നടത്തിപ്പിനായി എട്ട് ലക്ഷം രൂപ നൽകിയ ശേഷം പലിശയും മുതലുമായി ഏതാണ്ട് 85 ലക്ഷത്തിലേറെ രൂപയാണ് രാജേന്ദ്രൻ തട്ടിയെടുത്തതെന്ന് അന്വേഷണത്തിൽ വ്യക്തമായതായും പൊലീസ് പറഞ്ഞു.
2010ലാണ് രാജേന്ദ്രനിൽനിന്ന് രൂപേഷ് എട്ട് ലക്ഷം രൂപ പലിശക്ക് വാങ്ങിയത്. പണവും പലിശയും നൽകാൻ രൂപേഷിന് സാധിക്കാതെ വന്നപ്പോൾ ആദ്യം സ്ഥലം സ്വന്തമാക്കി. പിന്നീട് ബേക്കറിയുടമ മഞ്ഞോടിയിൽ ഹോട്ടൽ ആരംഭിക്കുന്നതിനായി 15 ലക്ഷം രൂപ അഡ്വാൻസ് നൽകി. എന്നാൽ, വാങ്ങിക്കാനാവാതായതോടെ രാജേന്ദ്രൻ ഹോട്ടലും തൻെറ പേരിലാക്കി. തുട൪ന്ന് ബേക്കറിയിൽ ദിവസം 750 രൂപ നൽകണമെന്ന പാ൪ട്ണ൪ഷിപ് കരാറിലേ൪പ്പെട്ടെങ്കിലും കൊടുക്കാനാവാതെ വന്നപ്പോൾ ബേക്കറി ഒഴിയാൻ തീരുമാനിക്കുകയായിരുന്നു. ഇതിനായി കെട്ടിട ഉടമക്ക് നൽകിയ 40 ലക്ഷം തിരിച്ചുവാങ്ങി രാജേന്ദ്രന് കൈമാറുന്നതിനിടെയാണ് മഞ്ഞോടിയിൽ വെച്ച് പൊലീസ് പിടികൂടിയത്. അമിത പലിശക്ക് കടം കൊടുക്കുന്ന ആളാണെന്ന് വ്യക്തമായതോടെ പൊലീസ് വീട്ടിലും റെയ്ഡ് നടത്തി. ആഡംബര വീട്ടിൽ കഴിയുന്ന രാജേന്ദ്രൻെറ കിടപ്പുമുറിയിൽ നിന്നാണ് രേഖകൾ കണ്ടെടുത്തത്. പ്രിൻസിപ്പൽ എസ്.ഐക്ക് പുറമെ സിവിൽ പൊലീസ് ഓഫിസ൪മാരായ സുനിൽകുമാ൪, ജയകൃഷ്ണൻ, രതീഷ് എന്നിവരടങ്ങിയ സംഘമാണ് വലയിലാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
