ചരിത്രത്തിന്റെ മുറിവില്‍ നിന്ന് തെലങ്കാന പിറക്കുന്നു
text_fieldsഹൈദരാബാദ്: കൽവക്കുണ്ട്ല ചന്ദ്രശേഖര റാവു എന്ന കെ.സി.ആ൪, കോൺഗ്രസിന് എട്ടിൻെറ പണി കൊടുക്കുമ്പോൾ കണ്ട സ്വപ്നം തിങ്കളാഴ്ച യാഥാ൪ഥ്യമാവുന്നു. വെട്ടിമുറിച്ച ആന്ധ്രയുടെ, തെലങ്കാനയുടെ ആദ്യത്തെ മുഖ്യമന്ത്രിയായി ചരിത്രം രേഖപ്പെടുത്തുക ഇനി കെ.സി.ആറിൻെറ പേരായിരിക്കും. ആറുപതിറ്റാണ്ട് നീണ്ട ചോര മണത്ത ചരിത്രത്തിന് അന്ത്യമായി ഇന്ത്യയുടെ 29ാമത് സംസ്ഥാനമായി തെലങ്കാന ഇന്ന് നിലവിൽ വരും. ചന്ദ്രശേഖര റാവു മുഖ്യമന്ത്രിയുമാകും.
വിശാല ആന്ധ്രയുടെ ഒരു പാതിയിൽ ആഹ്ളാദത്തിൻെറ വെടിക്കെട്ടുയരുമ്പോൾ മറുപാതി നഷ്ടത്തിൻെറ മൂടൽമഞ്ഞിൽ അമ൪ന്നുകിടക്കുകയാണ്. ആറു പതിറ്റാണ്ടുമുമ്പ് ഒരുകൂട്ടം വിദ്യാ൪ഥികളിൽനിന്ന് ആരംഭിച്ച കലാപത്തിൻെറ കൊടിയേറ്റമാണ് തെലങ്കാനയുടെ രൂപവത്കരണം. നിരവധി രക്തച്ചൊരിച്ചിലും കലാപവും കഷ്ടനഷ്ടങ്ങളുടെയും ചരിത്രവും കടന്നാണ് തെലങ്കാന നേരായി മാറുന്നത്.
തെലങ്കാനയും സീമാന്ധ്രയും തമിഴ്നാടിനോട് അതി൪ത്തി പങ്കിടുന്ന രായലസീമയും ചേ൪ന്ന വിശാല ആന്ധ്ര രൂപവത്കരിച്ച നാൾ മുതൽ കടുത്ത വിവേചനം നേരിടുന്നുവെന്ന വികാരം തെലങ്കാനയിൽ ശക്തമായിരുന്നു.
ആന്ധ്രയുടെ റവന്യൂ വരുമാനത്തിൽ 63 ശതമാനവും സംഭാവന ചെയ്യുന്ന തെലങ്കാന, സ൪ക്കാ൪ ആനുകൂല്യങ്ങളിലും പരിഗണനയിലും തൊഴിൽ അവസരങ്ങളിലും ഏറ്റവും പിന്നാക്കമായി തുടരുകയായിരുന്നു.
ആന്ധ്ര മന്ത്രിസഭയിൽ എക്കാലവും സീമാന്ധ്രക്കാ൪ക്കായിരുന്നു മുൻഗണന. മുഖ്യമന്ത്രി പദത്തിൽ ഒരിക്കൽ പോലും തെലങ്കാനക്കാരൻ പരിഗണിക്കപ്പെട്ടില്ല. സ൪ക്കാ൪ സ൪വീസിൽ തെലങ്കാനക്കാരുടെ പങ്കാളിത്തം 20 ശതമാനത്തിൽ ഒതുങ്ങി.
തെലങ്കാന രൂപവത്കരിക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് നിരവധി കലാപങ്ങളും വെടിവെപ്പും നടന്നിരുന്നു. 300ൽ പരം പേരുടെ ജീവനുകൾ പല ഘട്ടങ്ങളിലായി നഷ്ടമായി. ഏറ്റവുമൊടുവിൽ പാ൪ലമെൻറിലും കലാപകലുഷിത രംഗങ്ങൾ അരങ്ങേറി. കുരുമുളക് സ്പ്രേ പ്രയോഗം വരെ നടന്ന ശേഷം പാ൪ലമെൻറിൽ സംസ്ഥാന രൂപവത്കരണ ബില്ല് പാസായപ്പോൾ ഏറ്റവും നഷ്ടം നേരിട്ടത് കോൺഗ്രസിനായിരുന്നു.
തെലങ്കാന രൂപവത്കരണത്തിനായി നിലവിൽ വന്ന തെലങ്കാന രാഷ്ട്രസമിതിയും (ടി.ആ൪.എസ്) അതിൻെറ നേതാവ് കെ.സി.ആറും കോൺഗ്രസിൽ ലയിക്കുമെന്ന് സ്വപ്നംകണ്ട ഹൈകമാൻഡിനെ ഞെട്ടിച്ച് മുഖ്യമന്ത്രി പദത്തിനായുള്ള പോരാട്ടത്തിന് കെ.സി.ആ൪ രംഗത്തിറങ്ങിയപ്പോൾ ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടമാണ് കോൺഗ്രസിന് നേരിടേണ്ടിവന്നത്.
സംസ്ഥാന രൂപവത്കരണത്തിൻെറ പേരിൽ തെലങ്കാനയിൽ പിടിച്ചുനിൽക്കാമെന്ന് കരുതിയ കോൺഗ്രസിന് കൈമുതലായ സീമാന്ധ്രയും പോയി, തെലങ്കാന കിട്ടിയതുമില്ല. സീമാന്ധ്രയിൽ നിയമസഭയിലോ പാ൪ലമെൻറ് സീറ്റിലോ അക്കൗണ്ടില്ലാതായി. കഴിഞ്ഞ രണ്ട് ലോക്സഭകളിലും കോൺഗ്രസിന് ഏറ്റവും കൂടുതൽ അംഗങ്ങളെ സംഭാവന ചെയ്ത ആന്ധ്രയിൽനിന്ന് കോൺഗ്രസ് തുടച്ചുനീക്കപ്പെട്ടത് മോദി തരംഗം കൊണ്ടായിരുന്നില്ല, തെലങ്കാന രൂപവത്കരണമായിരുന്നു കാരണം.
തിങ്കളാഴ്ച രാവിലെ 8.30ന് കെ. ചന്ദ്രശേഖര റാവു തെലങ്കാനയുടെ ആദ്യ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ജൂൺ എട്ടിന് സീമാന്ധ്രയുടെ മുഖ്യമന്ത്രിയായി ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡു അധികാരമേൽക്കും. അടുത്ത 10 വ൪ഷക്കാലം ഹൈദരാബാദ് രണ്ട് സംസ്ഥാനങ്ങളുടെയും തലസ്ഥാനമായി തുടരും. അതിനകം പുതിയ തലസ്ഥാനം സീമാന്ധ്രക്കാ൪ കണ്ടത്തെണം. അതിൻെറ കലിപ്പിലാണ് കോൺഗ്രസിനിട്ട് തെരഞ്ഞെടുപ്പിൽ സീമാന്ധ്രക്കാ൪ കടുംവെട്ട് വെട്ടിയത്.
പോറ്റി ശ്രീരാമലുവിൻെറ ആത്മാവ് ഇപ്പോൾ നൊമ്പരപ്പെടുന്നുണ്ടാവും. തികഞ്ഞ ഗാന്ധിയനായിരുന്ന ശ്രീരാമലു നെഹ്റു പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ് വിശാല ആന്ധ്ര രൂപവത്കരിക്കാനായി പട്ടിണിസമരം നടത്തി അന്ത്യശ്വാസം വലിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
