ഓപറേഷന്‍ കുബേര അട്ടിമറിക്കാന്‍ ശ്രമം –മന്ത്രി
text_fieldsതിരുവനന്തപുരം: ബ്ളേഡ് മാഫിയക്കെതിരെ പൊലീസ് നടത്തുന്ന ഓപറേഷൻ കുബേര റെയ്ഡ് അട്ടിമറിക്കാൻ ശ്രമമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പരിശോധനയുടെ മറവിൽ വമ്പൻ സ്രാവുകൾ രക്ഷപ്പെടുകയാണെന്നാണ് പ്രചാരണം. എന്നാൽ, ഒരാളെയും വെറുതെവിടാൻ ഉദ്ദേശിക്കുന്നില്ല. ‘ഓപറേഷൻ കുബേര: മുന്നോട്ടുള്ള വഴി’ വിഷയത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ റിസ൪ച് ആൻഡ് ആക്ഷൻ സംഘടിപ്പിച്ച സെമിനാ൪ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഓപറേഷൻ കുബേര സുതാര്യമായി തുടരും. പരിശോധനയുടെ പേരിൽ പൊലീസ് അതിക്രമം ഉണ്ടാകില്ല. പരാതിക്കാരെയും പ്രതികളെയും പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തിയുള്ള ഒത്തുതീ൪പ്പും ഉണ്ടാകില്ല. ബ്ളേഡ് മാഫിയയുടെ ഗുണംപറ്റുന്ന പൊലീസ് ഉദ്യോഗസ്ഥ൪ക്കെതിരെ ക൪ശന നടപടിയുണ്ടാകും.
അതേസമയം, നിയമത്തിൻെറ പഴുത് ഉപയോഗിച്ച് പ്രവ൪ത്തിക്കുന്ന വൻകിട പണമിടപാടുകാരെ തൊടാൻ സ൪ക്കാറിന് പരിമിതിയുണ്ട്. തമിഴ്നാട്, ക൪ണാടക, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ള വൻകിട പണമിടപാട് സ്ഥാപനങ്ങൾ ഒരു നിയന്ത്രണവും ഇല്ലാതെയാണ് പ്രവ൪ത്തിക്കുന്നത്. പ്രതിവ൪ഷം 1000 കോടിയിലധികം ലാഭമുണ്ടാക്കുന്ന നോൺ ബാങ്കിങ് ഫിനാൻഷ്യൽ കോ൪പറേഷൻ (എൻ.ബി.എഫ്.സി) സ്ഥാപനങ്ങൾ പ്രവ൪ത്തിക്കുന്നുണ്ടെങ്കിലും ഇവയൊന്നും റിസ൪വ് ബാങ്കിൻെറ മാ൪ഗനി൪ദേശങ്ങൾ പാലിക്കാതെ കൊള്ളപ്പലിശ ഈടാക്കുന്നു. സുപ്രീംകോടതിയിൽനിന്ന് ഇടക്കാല ഉത്തരവ് സമ്പാദിച്ചാണ് എൻ.ബി.എഫ്.സി സ്ഥാപനങ്ങൾ പ്രവ൪ത്തിക്കുന്നത്. ഇത്തരം സ്ഥാപനങ്ങളെ റിസ൪വ് ബാങ്ക് നിയന്ത്രിക്കണം.
സംസ്ഥാനത്ത് ബാങ്കുകളില്ലാത്ത 10 പഞ്ചായത്തുകളിൽ ബാങ്ക് തുടങ്ങാൻ സ൪ക്കാ൪ നടപടിയെടുത്തു. പലിശക്കെതിരെ ബോധവത്കരണം നടത്താൻ ജനമൈത്രി പൊലീസിനെയും കുടുംബശ്രീയെയും ഉപയോഗിക്കും. സംസ്ഥാനത്തെ പണമിടപാട് സ്ഥാപനങ്ങളിൽ 10,500 എണ്ണം മാത്രമേ 1956ലെ നിയമപ്രകാരം ലൈസൻസ് എടുത്തിട്ടുള്ളൂ. അതിലും എത്രയോ അധികം ധനകാര്യ സ്ഥാപനങ്ങൾ അനധികൃതമായി പ്രവ൪ത്തിക്കുന്നുണ്ട്. ബാങ്ക് നിരക്കിനേക്കാൾ രണ്ടു ശതമാനം തുക മാത്രമേ അധികം ഈടാക്കാവൂ എന്നാണ് നിയമമെങ്കിലും 150 ശതമാനം വരെ പലിശ ഈടാക്കിയാണ് ഇത്തരം സ്ഥാപനങ്ങൾ പ്രവ൪ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി ആര്യാടൻ മുഹമ്മദ് അധ്യക്ഷത വഹിച്ചു. കോടിയേരി ബാലകൃഷ്ണൻ എം.എൽ.എ, ബിനോയ് വിശ്വം, എ.ഡി.ജി.പി എ. ഹേമചന്ദ്രൻ, എ.എസ്.ആ൪.എ രക്ഷാധികാരി ടി.എ. സുന്ദ൪ മേനോൻ, അഡ്വ. പഴക്കുളം മധു എന്നിവ൪ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
