റയലിന് പത്താം യൂറോപ്യന്‍ കിരീടം
text_fields ലിസ്ബൺ: മരണവഴിയിൽനിന്നുള്ള ഉയി൪ത്തെഴുന്നേൽപ്, പിന്നെ കൊടുങ്കാറ്റ് പോലെ എതിരാളികളെ കടപുഴക്കിയുള്ള മുന്നേറ്റം... ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ ഫൈനലിൽ നഗരവൈരികളായ അത്ലറ്റികോ മഡ്രിഡിനെ 4-1ന് തക൪ത്തെറിഞ്ഞ റയൽ മഡ്രിഡിൻെറ കിരീട നേട്ടത്തെ ഇങ്ങനെ വിശേഷിപ്പിക്കാം. കോച്ച് ഡീഗോ സിമിയോണിയുടെ തന്ത്രങ്ങൾ തുടക്കം മുതൽ ഗ്രൗണ്ടിൽ നടപ്പാക്കിയ അത്ലറ്റികോ ആദ്യപകുതി അവസാനിക്കുന്നതിന് മുമ്പുതന്നെ ഡീഗോ ഗോഡിൻെറ (36ാം മിനിറ്റ്) ഗോളിൽ മുന്നിൽ. രണ്ടാം പകുതിയിൽ റയലിൻെറ തിരിച്ചുവരവ് കാത്തിരുന്ന ആരാധകരുടെ നെഞ്ചിടിപ്പേറ്റി കളിസമയം അവസാനിക്കുന്നു. പിന്നെ ഇഞ്ചുറി ടൈം. അത്ലറ്റികോ ആരാധക൪ വിജയാരവത്തിന് തുടക്കമിടാനൊരുങ്ങവെ, തുടികൊട്ടിയ ഗാലറി നിശ്ശബ്ദമാക്കി ഇഞ്ചുറി ടൈമിലെ മൂന്നാം മിനിറ്റിൽ ലഭിച്ച കോ൪ണറിൽനിന്ന് ബുള്ളറ്റ് ഹെഡറിലൂടെ സെ൪ജിയോ റാമോസ് എതി൪വല കുലുക്കി റയലിന് ജീവൻ നൽകി. ഇതോടെ ശക്തി ആവാഹിച്ച റയൽ, അധികസമയത്ത് അത്ലറ്റികോക്ക് നിലം തൊടാൻ അവസരം നൽകിയില്ല. തുട൪ച്ചയായ മുന്നേറ്റങ്ങൾക്കൊടുവിൽ 110ാം മിനിറ്റിൽ പൊൻതാരം ഗരേത് ബെയ്ലിൻെറ ഹെഡ൪ ഗോളിൽ റയൽ മുന്നിൽ. ഗോൾ ദാഹം തീരാതെ റയൽ മുന്നേറ്റനിര വീണ്ടും കുതിച്ചു. 118ാം മിനിറ്റിൽ പെനാൽറ്റിബോക്സിനുമുന്നിൽ വെച്ച് എതി൪പ്രതിരോധത്തെ വെട്ടിച്ച് മാഴ്സലോ തൊടുത്ത ഗ്രൗണ്ട് ഷോട്ട് അത്ലറ്റികോ ഗോളി തിബോട്ട് കോ൪ട്ടോയിസിൻെറ കൈകൾക്കടിയിലൂടെ ഗോൾവര കടന്നു. അധികസമയത്തിൻെറ അവസാന മിനിറ്റിൽ സൂപ്പ൪ താരം ക്രിസ്റ്റ്യാനോയുടെ പെനാൽറ്റിയിൽ റയലിന് ഗോൾ പൂരണം. നിമിഷങ്ങളുടെ ഇടവേളകളിൽ അത്ലറ്റികോയുടെ വിജയപ്രതീക്ഷകളത്രയും ലിസ്ബണിൽ വീണുടഞ്ഞപ്പോൾ 10 തവണ ചാമ്പ്യൻസ് ലീഗ് കിരീടമുയ൪ത്തുന്ന ആദ്യടീമായി റയൽ മഡ്രിഡിന് ചരിത്രനേട്ടം. 2002ലായിരുന്നു ഇതിനുമുമ്പ് റയൽ അവസാനമായി യൂറോപ്പിൽ ജേതാക്കളായത്.
ഒപ്പത്തിനൊപ്പം തുടക്കം
വമ്പന്മാരുടെ പോരാട്ടത്തിന് മിഴിവേകുന്ന തുടക്കംതന്നെയായിരുന്നു ലിസ്ബണിലെ കലാശപ്പോരിന്. ഇരുകൂട്ടരും ആക്രമണവും പ്രത്യാക്രമണവുമായി കളം നിറഞ്ഞപ്പോൾ നീക്കങ്ങൾക്ക് ആവേശം പക൪ന്ന് ഗാലറിയും ഒപ്പം കൂടി. ക്രിസ്റ്റ്യാനോ റൊണാൾഡോയടക്കം എതി൪ മുന്നേറ്റത്തെ കൃത്യമായി മാ൪ക്ക് ചെയ്തുകൊണ്ടുള്ള തന്ത്രമായിരുന്നു അത്ലറ്റികോ പുറത്തെടുത്തത്. എന്നാൽ, ഇടക്കിടെ കെട്ടുപൊട്ടിച്ച് റൊണാൾഡോയും ബെയ്ലിയും ബെൻസേമയും ഗോൾ ഏരിയയിലേക്ക് ഇരച്ചുകയറി അവസരങ്ങൾ സൃഷ്ടിച്ചുകൊണ്ടിരുന്നു. മറുവശത്ത് അത്ലറ്റികോയും മോശമാക്കിയില്ല. മധ്യനിരയിൽ കോകെയും റൗൾ ഗാ൪സിയയും മെനഞ്ഞ കളിയിൽ, മുന്നേറ്റത്തിൽ ഡീഗോ കോസ്റ്റക്കും ഡേവിഡ് വിയ്യക്കും അവസരങ്ങൾ ലഭിച്ചെങ്കിലും വലകുലുങ്ങിയില്ല. പരിക്ക് അലട്ടിയ കോസ്റ്റയെ അധികം പരീക്ഷണത്തിന് മുതിരാതെ ഒമ്പതാം മിനിറ്റിൽ കോച്ച് ഡീഗോ സിമിയോണി തിരിച്ചുവിളിച്ചു. പകരം അഡ്രിയാൻ കളത്തിലിറങ്ങി. 14ാം മിനിറ്റിൽ അഡ്രിയാനും ഗാബിയും ചേ൪ന്നുള്ള മുന്നേറ്റം റയൽ പെനാൽറ്റി ഏരിയ കടന്നെങ്കിലും ഗോളി കസിയസ് വിലങ്ങിട്ടു. മറുവശത്ത് 22ാം മിനിറ്റിൽ ഏഞ്ചൽ ഡിമാറിയ നടത്തിയ നീക്കവും പാളി. ഇതിനിടെ റഫറിയെ പിണക്കിയ അത്ലറ്റികോയുടെ റൗൾ ഗാ൪സിയക്കും റയലിൻെറ സെ൪ജിയോ റാമോസിനും മഞ്ഞക്കാ൪ഡ്.
ഗോഡിൻെറ മികവ്; കസിയസിൻെറ പിഴവ്
ആദ്യപകുതിയിൽ കളി അന്തിമഘട്ടത്തിലേക്ക്. 33ാം മിനിറ്റിൽ റയലിന് ലഭിച്ച സുവ൪ണാവസരം ബെയ്ൽ കളഞ്ഞുകുളിച്ചു. അത്ലറ്റികോ പ്രതിരോധതാരം സ്ഥാനംതെറ്റി നൽകിയ പാസ് പിടിച്ചെടുത്ത് മുന്നേറിയ ബെയ്ൽ ബോക്സിനുള്ളിലേക്ക് കയറി ഇടങ്കാലുകൊണ്ട് തൊടുത്ത ഷോട്ട് പുറത്തേക്കാണ് പോയത്. പിന്നാലെ റയലിനെ ഞെട്ടിച്ച് തൊട്ടടുത്ത മിനിറ്റിൽ അത്ലറ്റികോ ഗോൾ നേടി. 36ാം മിനിറ്റിൽ ഗാബിയടിച്ച കോ൪ണ൪കിക്കിൽനിന്നായിരുന്നു ഗോഡിൻെറ ഗോൾ പിറന്നത്. ബോക്സിനുള്ളിലേക്കത്തെിയ പന്ത് റയൽ പ്രതിരോധം ഹെഡ് ചെയ്ത് അകറ്റിയെങ്കിലും യുവാൻഫ്രാൻ ബൗൺസ് ചെയ്ത പന്ത് ഹെഡറിലൂടെ വീണ്ടും ബോക്സിലേക്ക് ഉയ൪ത്തിവിട്ടു. ഗോളി കസിയസ് പോസ്റ്റിന് മുന്നിലേക്ക് കയറിയത് മനസ്സിൽ കണ്ട് ഗോഡിൻ മറ്റൊരു ഹെഡറിലൂടെ പന്ത് വലയിലത്തെിച്ചു. രണ്ടാം പകുതിയിലും അത്ലറ്റികോ താളം നിലനി൪ത്തി മുന്നേറ്റം തുട൪ന്നു. പിന്നാലെ റയൽ നിരയിൽ മാറ്റങ്ങളുണ്ടായി. സമി കെദീരക്ക് പകരം ഇസ്കോയെയും ഫാബിയോ കോയെൻഡ്രാക്ക് പകരം മാ൪സെലോയെയും കളത്തിലിറക്കി കോച്ച് ആഞ്ചലോട്ടി തന്ത്രങ്ങളിൽ മാറ്റംവരുത്തി. അത്ലറ്റികോ നിരയിൽ റൗൾ ഗാ൪സിയക്ക് പകരം ജോസ് സൊസയുമത്തെി. മാ൪സലോ മധ്യനിരയിൽ കളി നിയന്ത്രിക്കാൻ തുടങ്ങിയതോടെ റയലിന് തുടരെ അവസരങ്ങൾ കിട്ടിയെങ്കിലും റൊണാൾഡോയും ബെയ്ലും ലക്ഷ്യം കാണുന്നതിൽ പിഴച്ചു.
ഇഞ്ചുറി ടൈമിലെ മൂന്നാം മിനിറ്റ്
ശരീരഭാഷയിൽ വിജയമുറപ്പിച്ച് അത്ലറ്റികോതാരങ്ങൾ ആവേശത്തിൽ പൊട്ടിച്ചിതറാൻ കാത്തിരുന്ന നിമിഷം. ഇഞ്ചുറി ടൈം തീരാൻ മൂന്ന് മിനിറ്റ് മാത്രം. റയലിന് അനുകൂലമായ കോ൪ണ൪. ലൂക്കോ മോഡ്രിച്ചിൻെറ കിക്ക് പോസ്റ്റിന് മുന്നിലേക്ക്. മുൻനിരയിലുണ്ടായിരുന്ന ക്രിസ്റ്റ്യാനോയെ മറികടന്ന പന്ത് റാമോസിലേക്ക്. ഉയ൪ന്നുചാടിയ റാമോസിൻെറ വെള്ളിടികണക്കെയുള്ള ഹെഡറിൽ അത്ലറ്റികോയുടെ സ്വപ്നങ്ങൾ തക൪ന്നു. അധികസമയത്ത് ചിത്രം പാടേ മാറി. അത്ലറ്റികോ കളി കൈവിട്ടപ്പോൽ തുടരെ ഗോളുകളുമായി റയൽ ഗ്രൗണ്ട് നിറഞ്ഞു. ഇടതുവിങ്ങിലൂടെ കുതിച്ചത്തെിയ ഏഞ്ചൽ ഡിമാറിയ തൊടുത്ത ഷോട്ട് മുന്നോട്ടുകയറിയ അത്ലറ്റികോ ഗോളിയുടെ ദേഹത്ത് തട്ടി ഉയ൪ന്നു. പിന്നിൽ കാത്തുകിടന്ന ബെയ്ലിന് ഇക്കുറി പിഴച്ചില്ല. റയൽ 2-1ന് മുന്നിൽ. പിന്നാലെ മാഴ്സലോയുടെ തക൪പ്പൻ ഗോൾ 3-1. 120ാം മിനിറ്റിൽ പ്രതിരോധത്തെ വെട്ടിച്ച് പന്തുമായി ബോക്സിനുള്ളിലേക്ക് മുന്നേറിയ റൊണാൾഡോയെ ഡീഗോ ഗോഡിൻ വീഴ്ത്തിയതിന് റഫറി വിരൽ ചൂണ്ടിയത് പെനാൽറ്റി സ്പോട്ടിലേക്ക്. റൊണാൾഡോയുടെ ഷോട്ട് കടുകിട തെറ്റാതെ വലതുളച്ചു. 40 വ൪ഷങ്ങൾക്ക് ശേഷം ഫൈനൽ കളിച്ച അത്ലറ്റികോ നഷ്ടസ്വപ്നങ്ങളുമായി കളം വിടുമ്പോൾ ചരിത്രനേട്ടത്തിൻെറ ഒൗന്നത്യത്തിൽ റയൽ കിരീടനേട്ടം ആഘോഷിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
