സഹകരണ വായ്പകളുടെ പലിശ 15 ശതമാനമാക്കും
text_fieldsതിരുവനന്തപുരം: സംസ്ഥാന- ജില്ലാ സഹകരണ ബാങ്കുകൾ, പ്രാഥമിക സ൪വീസ് സഹകരണ സംഘങ്ങൾ എന്നിവ വഴിയുള്ള വായ്പകളുടെ പരമാവധി പലിശ 15 ശതമാനമാക്കാനും അപേക്ഷിച്ച് 15 ദിവസത്തിനുള്ളിൽ വായ്പ ലഭ്യമാക്കാനും തീരുമാനം. ബ്ളേഡ് പലിശക്കാരിൽനിന്ന് ജനങ്ങളെ രക്ഷിക്കുന്നതിനാണ് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അധ്യക്ഷതയിൽ നടന്ന ഉന്നതതലയോഗം ഈ തീരുമാനമെടുത്തത്.
അപേക്ഷിച്ച് രണ്ടുദിവസത്തിനകം വായ്പക്ക് അ൪ഹതയുണ്ടോയെന്ന് അപേക്ഷകന് അറിയാൻ അവസരം ഉണ്ടായിരിക്കും.മൂല്യനി൪ണയം ആവശ്യമുണ്ടെങ്കിൽ ആറ് ദിവസങ്ങൾക്കകം പൂ൪ത്തീകരിക്കണമെന്നും യോഗത്തിൽ ധാരണയായി. വായ്പാ പലിശ ഒരുശതമാനം കുറച്ച് പരമാവധി 15 ശതമാനം മാത്രം ഈടാക്കിയാൽ മതിയെന്നാണ് തീരുമാനമെന്നും മന്ത്രി രമേശ് ചെന്നിത്തലയും സി.എൻ. ബാലകൃഷ്ണനും വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു.
ആവശ്യക്കാ൪ക്ക് ജാമ്യമില്ലാതെ അപേക്ഷിക്കുന്നതിൻെറ അടുത്ത ദിവസം അയ്യായിരം രൂപ വരെ അനുവദിക്കും. പതിനായിരം രൂപവരെ ആവശ്യപ്പെടുന്നതിൻെറ രണ്ടാം ദിവസം മതിയായ ജാമ്യത്തോടെ അനുവദിക്കും. ചെറുകിട കച്ചവടക്കാരെ സഹായിക്കാൻ ചെറുകിട വായ്പകൾ വ്യാപകമായി നൽകും. പരീക്ഷണാ൪ഥം ജില്ലാ ബാങ്കുകൾക്ക് കീഴിൽ എല്ലാ ജില്ലകളിലും ഓരോ കൗണ്ട൪ ഇതിനായി തുറക്കും.കലക്ഷൻ ഏജൻറുമാ൪ വഴി ആവശ്യക്കാ൪ക്ക് വീട്ടിൽ വായ്പ എത്തിക്കുന്നതിനുള്ള നടപടികളും ആലോചിക്കും.
സ്വ൪ണപണയത്തിൽ 25 ലക്ഷം രൂപവരെ അനുവദിക്കുന്നതിനും യോഗം തീരുമാനിച്ചു. ഇതിൻെറ പലിശ 12 ശതമാനം കവിയാൻ പാടില്ല. പുതിയ പ്രഖ്യാപനങ്ങൾ ജൂൺ ഒന്നു മുതൽ നടപ്പാക്കാനാണ് നി൪ദേശം. തിരിച്ചടവു സംബന്ധിച്ച് പിന്നീട് വിശദമായ തീരുമാനമെടുക്കും.
ആവശ്യമായ സ്ഥലങ്ങളിൽ സഹകരണബാങ്കുകളുടെ പ്രവ൪ത്തനം രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെയാക്കും. തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ ഞായറാഴ്ച ദിവസങ്ങളിലും പ്രവ൪ത്തിക്കുന്ന ബാങ്ക് തുടങ്ങും.
സ്വയംസഹായസംഘങ്ങൾ ശക്തിപ്പെടുത്താൻ അസിസ്റ്റൻറ് രജിസ്ട്രാറുടെ നേതൃത്വത്തിൽ ജില്ലാതല മോണിറ്ററിങ് കമ്മിറ്റികൾക്ക് രൂപം നൽകും. ക൪ഷക൪ക്ക് പലിശരഹിത വായ്പ അനുവദിക്കുന്നതും വായ്പയെടുക്കുന്നവ൪ക്ക് ഇൻഷുറൻസ് പരിരക്ഷ ഏ൪പ്പെടുത്തുന്നതും സംബന്ധിച്ച് പഠിക്കുമെന്നും മന്ത്രി പറഞ്ഞു.
യോഗത്തിൽ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പുറമെ മന്ത്രിമാരായ കെ.എം. മാണി, സി.എൻ. ബാലകൃഷ്ണൻ, സഹകരണ വകുപ്പ് ഉദ്യോഗസ്ഥ൪ തുടങ്ങിയവ൪ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
