Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightകുറ്റിച്ചൂല്‍ വിപ്ളവം...

കുറ്റിച്ചൂല്‍ വിപ്ളവം കെട്ടടങ്ങിയോ?

text_fields
bookmark_border
കുറ്റിച്ചൂല്‍ വിപ്ളവം കെട്ടടങ്ങിയോ?
cancel

വ്യതിരിക്തമായ മുദ്രാവാക്യവും ക൪മശൈലിയും ആശയവിനിമയ രീതികളും കൊണ്ട് സമീപകാലത്ത് ഇന്ത്യൻ രാഷ്ട്രീയത്തെ വിസ്മയിപ്പിക്കുകയും പുതുതലമുറയുടെ സ്വപ്നങ്ങൾക്ക് നിറം പകരുകയും ചെയ്ത ആം ആദ്മി പാ൪ട്ടി പൊതുതെരഞ്ഞെടുപ്പോടെ ചിത്രത്തിൽനിന്ന് മായുകയാണോ? പരമ്പരാഗത രാഷ്ട്രീയത്തെ കടപുഴക്കിയെറിഞ്ഞ് തിരുത്തലുകളുടെയും നവീകരണത്തിൻെറയും ജനകീയ മാതൃക മുന്നോട്ടുവെക്കാൻ പ്രാപ്തമായ ഒരു വിപ്ളവം അരവിന്ദ് കെജ്രിവാളിൻെറ നേതൃത്വത്തിൽ ഒരുപറ്റമാളുകൾ കുറ്റിച്ചൂൽ ഏന്തി പൂ൪ത്തീകരിക്കാൻ പോവുകയാണെന്നാണ് ഒരുവേള പലരും കണക്കുകൂട്ടിയിരുന്നത്. എന്നാൽ, കാവിരാഷ്ട്രീയത്തിൻെറ മുന്നേറ്റത്തിനിടയിൽ മറ്റൊരു ചിത്രമാണ് ഈ തെരഞ്ഞെടുപ്പോടെ അനാവൃതമായത്. ആം ആദ്മി പാ൪ട്ടി വേരിറക്കാൻ ശ്രമിച്ച മണ്ണിൽ ബി.ജെ.പിയുടെ കടന്നുകയറ്റത്തിൽ മതേതര പാ൪ട്ടികൾ കുത്തിയൊലിച്ചുപോയ കൂട്ടത്തിൽ കെജ്രിവാളിനും സംഘത്തിനും പിടിച്ചുനിൽക്കാനാവാതെ പോയി. പഞ്ചാബ് മാത്രമാണ് ഇതിന് അപവാദമായി നിന്നത്. അവിടെ പാ൪ട്ടി നാലുസീറ്റ് നേടി എന്നുമാത്രമല്ല 25ശതമാനത്തോളം വോട്ട് സംഭരിക്കുകയും ചെയ്തു. 117 അസംബ്ളി മണ്ഡലങ്ങളിൽ 33 ഇടത്ത് ജയിക്കാനും 25 സീറ്റിൽ രണ്ടാംസ്ഥാനത്ത് എത്താനും സാധിച്ചു എന്നത് നിസ്സാരനേട്ടമല്ല. അതേസമയം, ആം ആദ്മിയുടെ പരീക്ഷണശാലയായ ഡൽഹിയിൽ അദ്ഭുതങ്ങൾ കാട്ടാൻ സാധിച്ചില്ല എന്നതാണ് പാ൪ട്ടിയുടെ നിലനിൽപിനെക്കുറിച്ച് ആശങ്ക പങ്കുവെക്കാൻപോലും പലരെയും പ്രേരിപ്പിക്കുന്നത്. ആറുമാസം മുമ്പ് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 70ൽ 28സീറ്റ് നേടുകയും 49 ദിവസം ഭരണം കൈയാളുകയും ചെയ്ത പാ൪ട്ടിക്ക് ഒരുസീറ്റുപോലും നേടാൻ ഭാഗ്യമുണ്ടായില്ല. ബി.ജെ.പി ഏഴു മണ്ഡലങ്ങളിലും വെന്നിക്കൊടി പാറിച്ചപ്പോൾ 30 ശതമാനം വോട്ടുമായി രണ്ടാം സ്ഥാനത്താണ്. പാ൪ട്ടി വൻ പ്രതീക്ഷയ൪പ്പിച്ച ഹരിയാനയിൽ കാലുകുത്താൻ ഇടം കിട്ടിയില്ല എന്നാണ് തെരഞ്ഞെടുപ്പുഫലം തെളിയിക്കുന്നത്. മത്സരിച്ച മണ്ഡലങ്ങളിലെല്ലാം യോഗേന്ദ്രയാദവ് അടക്കമുള്ളവ൪ക്ക് കെട്ടിവെച്ച കാശ് നഷ്ടപ്പെട്ടു. നാലുശതമാനം വോട്ടേ പാ൪ട്ടിയുടെ പേരിൽ വീണുള്ളൂ. വാരാണസിയിൽ നരേന്ദ്രമോദിക്കെതിരെ കച്ചകെട്ടിയിറങ്ങിയ കെജ്രിവാൾ മാധ്യമശ്രദ്ധ മുഴുവൻ പിടിച്ചുപറ്റിയെങ്കിലും മോദിപ്രവാഹത്തിൽ ഒലിച്ചുപോവുകയായിരുന്നു. ദേശീയ പാ൪ട്ടിയുടെ അംഗീകാരം കൈക്കലാക്കാനുള്ള ബദ്ധപ്പാടിൽ മൊത്തം 443 സീറ്റിൽ ഭാഗ്യപരീക്ഷണം നടത്തിയ ആം ആദ്മി പാ൪ട്ടിക്ക് കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ കാര്യമായ ചലനങ്ങൾ സൃഷ്ടിക്കാനാവാതെ പോയതിൽ വലിയ അദ്ഭുതമൊന്നുമില്ല.
കേവലം ഒന്നരവ൪ഷത്തെ പ്രവ൪ത്തന പാരമ്പര്യം കൈമുതലായ കൂട്ടായ്മ എന്ന നിലയിൽ ഈ തെരഞ്ഞെടുപ്പുഫലം മാത്രം മുന്നിൽവെച്ച് ആം ആദ്മി പാ൪ട്ടിയെ എഴുതിത്തള്ളുന്നത് ബുദ്ധിപൂ൪വമാവില്ല. ആര് എത്ര നിഷേധിച്ചാലും ആം ആദ്മി പാ൪ട്ടി ഇന്ത്യൻ രാഷ്ട്രീയത്തിൻെറ സമീപകാല അജണ്ട മാറ്റിയെഴുതുന്നതിലും മുൻഗണനകൾ പുന൪നി൪ണയിക്കുന്നതിലും ചരിത്രപരമായ പങ്കുവഹിച്ചിട്ടുണ്ട്. രണ്ടാം യു.പി.എ സ൪ക്കാ൪ അഴിമതിയുടെ പടുകുഴിയിൽപെട്ട് ദേശവ്യാപകമായി ജനരോഷം ക്ഷണിച്ചുവരുത്തിയ ഒരു ഘട്ടത്തിലാണ് ആദ്യം അണ്ണാ ഹസാരെയുടെയും പിന്നീട് കെജ്രിവാളിൻെറയും നേതൃത്വത്തിൽ ഒരു ബദൽ രാഷ്ട്രീയക൪മ പരിപാടി അവതരിപ്പിക്കപ്പെടുന്നത്. ജനവികാരം പ്രതിഫലിപ്പിക്കുന്ന ഒരു മുന്നേറ്റം എന്ന നിലയിലാണ് അഭ്യസ്തവിദ്യരായ യുവാക്കളിലും ‘അരാഷ്ട്രീയവാദി’കളായ നഗരവാസികളിലും അത് ആന്ദോളനങ്ങൾ സൃഷ്ടിക്കുന്നത്. പരമ്പരാഗത കാഴ്ചപ്പാടിൽ അത് ഒരു രാഷ്ട്രീയ പ്രസ്ഥാനമേ ആയിരുന്നില്ല. അങ്ങനെയാകാനുള്ള വ്യക്തമായ താത്ത്വിക അടിത്തറയോ സംഘടനാസംവിധാനമോ ആളോ അ൪ഥമോ ഉണ്ടായിരുന്നില്ല. എല്ലാ അ൪ഥത്തിലും ഒരു ‘മൂവ്മെൻറ് ’ ആയിരുന്നു അത്. കേവലഭൂരിപക്ഷം നേടാൻ മാത്രം ജനസമ്മതി ലഭിച്ചില്ളെങ്കിലും കോൺഗ്രസിനെയും ബി.ജെ.പിയെയും നേരിടാൻ പ്രാപ്തമായ ഒരു മുന്നേറ്റമാണെന്ന് ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലൂടെ തെളിയിച്ചപ്പോൾ എല്ലാവരും ഞെട്ടി. ഭരണം കൈയിൽ വന്നപ്പോൾ ജനങ്ങൾക്ക് നൽകിയ വാഗ്ദാനം നിറവേറ്റി മറ്റുള്ളവരെ അമ്പരപ്പിച്ച പാ൪ട്ടിക്ക് പക്ഷേ അത് നിലനി൪ത്താനുള്ള യോഗമുണ്ടായില്ല. സ൪ക്കാ൪ രാജിവെച്ച് പുതിയ ജനവിധി തേടാൻ ആഗ്രഹിച്ചപ്പോൾ പാ൪ട്ടി വിചാരിച്ചതുപോലെ കാര്യങ്ങൾ മുന്നോട്ടുപോയില്ല. അന്നുകാട്ടിയ അബദ്ധത്തിൽ പിന്നീട് ഖേദം പ്രകടിപ്പിച്ചെങ്കിലും കൈമോശം വന്ന അധികാരം മാറിയ സാഹചര്യത്തിൽ തിരിച്ചുകിട്ടില്ളെന്ന് ഉറപ്പാണ്. ഇതൊന്നും തന്നെ ചരിത്രത്തിലെ നി൪ണായകഘട്ടത്തിൽ ഇന്ത്യൻ രാഷ്ട്രീയത്തെ അഴിമതിയിൽനിന്ന് മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ രൂപം കൊടുത്ത ഒരു പാ൪ട്ടിയുടെ പ്രസക്തി ഇല്ലാതാക്കുന്നില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story