പാവപ്പെട്ടവന് എന്ത് കിട്ടും?
text_fieldsഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിൻെറ സമ്പദ് വ്യവസ്ഥ പുതിയ കൈകളുടെ നിയന്ത്രണത്തിൽ വരുമ്പോൾ അത് ഇവിടത്തെ സാധാരണക്കാരൻെറ ജീവിതത്തെ എങ്ങനെ സ്പ൪ശിക്കുമെന്ന ചോദ്യം പ്രധാനമാണ്. വളരുന്ന സാമ്പത്തിക ശക്തി, ഭാവിയിലെ വൻശക്തി തുടങ്ങിയ വിശേഷണങ്ങളാണ് ഇന്ത്യക്ക് വ്യാപകമായി നൽകിവരുന്നത്. മോദി മന്ത്രിസഭക്ക് സാധ്യത തെളിഞ്ഞതു മുതൽ ഓഹരിക്കമ്പോളം ‘കുതിക്കുന്ന’തും ഇവിടത്തെ കോ൪പറേറ്റ്വൃത്തങ്ങളിൽ ആഹ്ളാദം പടരുന്നതും ധനരംഗത്തെ ‘പുരോഗതി’യുടെ ലക്ഷണങ്ങൾ മാത്രമല്ല, ആ പുരോഗതി ഏതു ദിശയാണ് സ്വീകരിക്കാൻ പോകുന്നത് എന്നതിൻെറ സൂചനയുമാണ്. മൻമോഹൻ സിങ് സ൪ക്കാറിൻെറ കോ൪പറേറ്റ് വിധേയത്വം ഇല്ലാതാകാനല്ല, വ൪ധിക്കാനാണ് സാധ്യത എന്നതിൻെറ അടയാളം കൂടിയാണത്. യു.പി.എ ഭരണത്തിൽ വൻ കോ൪പറേറ്റുകൾക്ക് ഇളവും നികുതിയൊഴിവും യഥേഷ്ടം നൽകിയപ്പോൾ, ക൪ഷക൪ക്ക് മുമ്പുണ്ടായിരുന്ന സബ്സിഡികൾ എടുത്തുകളഞ്ഞും കൃഷിരംഗംതന്നെ ബയോടെക് കമ്പനികൾക്ക് വിട്ടുകൊടുത്തും സാധാരണക്കാരെ ദ്രോഹിച്ചു. പുതിയ സ൪ക്കാറിനെക്കുറിച്ച എക്സിറ്റ് പോൾ വാ൪ത്തകൾ കേട്ടപ്പോഴേക്കും ഓഹരിവിലകൾ കുതിച്ചുയ൪ന്നു. ‘നിഫ്റ്റി’ ചരിത്രത്തിലാദ്യമായി 7000 പോയൻറ് കടന്നു; ബോംബെ സെൻസെക്സ് 23,550 കടന്നു. ആ ‘മുന്നേറ്റം’ തുട൪ന്നുവരുന്നു. എന്നാൽ, ഇതേ സമയം വിദ൪ഭയിൽനിന്ന് വരുന്ന വാ൪ത്ത മറ്റൊന്നാണ്: ക൪ഷക ആത്മഹത്യകൾ വീണ്ടും വ൪ധിക്കുകയാണ്. വിദ൪ഭയിലും തെലങ്കാനയിലും ഓരോദിവസം ശരാശരി അയ്യഞ്ചു വീതമാണ് ക൪ഷക ആത്മഹത്യ എന്ന് ഹൈദരാബാദിലെ സെൻറ൪ ഫോ൪ സസ്റ്റെയ്നബ്ൾ അഗ്രികൾചറിലെ ഡോ. രാമൻജനേയുലു അറിയിക്കുന്നു. പഞ്ചാബിൽ കഴിഞ്ഞ 40 ദിവസങ്ങളിൽ 10 ക൪ഷക൪ ജീവനൊടുക്കി. ഇത്തരം കണക്കുകൾ വേറെയുമുണ്ട്. പുതുഭരണത്തിലെ ‘വള൪ച്ച’യിൽ പാവങ്ങൾക്കും സാധാരണക്കാ൪ക്കും പങ്കുണ്ടാകുമോ? അഞ്ചു കോടി രൂപയും അതിലേറെയും സ്വത്തുള്ള സ്ഥാനാ൪ഥികൾക്കാണ് 75 ശതമാനം ജയസാധ്യതയെന്ന് പി. സായിനാഥ് ഒരു വിശകലനത്തിൽ ഈയിടെ എഴുതി. തെരഞ്ഞെടുപ്പ് ഫലം അതിനെ സാധൂകരിക്കുന്നു. നാഷനൽ ഇലക്ഷൻ വാച്ച്, അസോസിയേഷൻ ഫോ൪ ഡെമോക്രാറ്റിക് റിഫോംസ് എന്നീ സംഘടനകൾ ഇറക്കിയ വാ൪ത്താക്കുറിപ്പിലെ കണക്കനുസരിച്ച് പുതിയ എം.പിമാരിൽ 82 ശതമാനം കോടിപതികളാണ്. ഏറ്റവും കൂടുതൽ കോടിപതി എം.പിമാ൪ ബി.ജെ.പിയിലത്രെ: 237 പേ൪ (84 ശതമാനം). പുതിയ എം.പിമാരുടെ ശരാശരി പ്രതിശീ൪ഷ സ്വത്ത് 14.61 കോടി രൂപയാണ്. ഗുജറാത്തിൽനിന്ന് ജയിച്ച 26ൽ 21 പേരും കോടീശ്വരന്മാരാണ്. അവ൪ക്ക് പാവപ്പെട്ടവരെ കാണാനുള്ള കഴിവുണ്ടാകുമോ? കോ൪പറേറ്റുകളിൽനിന്ന് വൻതോതിൽ സംഭാവന വാങ്ങിയ പാ൪ട്ടികൾക്ക് അവരെ വിട്ട് പാവങ്ങളെ ശ്രദ്ധിക്കാൻ കഴിയുമോ? ജനവിരുദ്ധമെന്ന് അനുഭവത്തിലൂടെ കണ്ട സാമ്പത്തിക പരിഷ്കരണങ്ങൾ കൂടുതൽ തീവ്രതയോടെ തുടരുമെന്ന് കോ൪പറേറ്റുകൾ പ്രതീക്ഷിക്കുന്നു. ‘ഗുജറാത്ത് മോഡൽ’ എന്നത് സാധാരണ ജനങ്ങളുടെ താൽപര്യങ്ങൾക്കുമേൽ കോ൪പറേറ്റ് താൽപര്യം നടത്തിയ അധിനിവേശത്തിൻെറ കൂടി പേരാണ്. വംശഹത്യക്ക് തൊട്ടുപിന്നാലെ രത്തൻ ടാറ്റയും മുകേഷ് അംബാനിയും ഗുജറാത്തിൽ നിക്ഷേപം നടത്താൻ ഓടിയത്തെിയത് വെറുതെയായിരുന്നില്ലല്ളോ. അദാനി ഗ്രൂപ്പടക്കം മറ്റുള്ളവ൪ക്കും സ്വാധീനമുള്ള ഭരണമാണ് വരാനുള്ളത്. ഇത്തരം ‘ചങ്ങാത്തമുതലാളിത്ത’വും ലിബറൽ ധനക്രമവും ചേ൪ന്ന് രാജ്യത്തെ സാമ്പത്തിക സന്തുലനവും സമത്വവും തക൪ക്കുമെന്ന ഭീതി ഉയരുന്നുണ്ട്. ഓ൪ഗനൈസേഷൻ ഫോ൪ ഇക്കണോമിക് കോഓപറേഷൻ ആൻഡ് ഡെവലപ്മെൻറ് എന്ന സമ്പന്ന രാഷ്ട്രങ്ങളുടെ സംഘടന പോലും പറയുന്നത്, ഇന്ത്യയിൽ സാമ്പത്തിക അസമത്വം രൂക്ഷമാകുന്നു എന്നാണ്. ഇന്ത്യയിലെ ശമ്പളക്കാരിൽ മേലത്തേട്ടിലുള്ള 10 ശതമാനം പേ൪ താഴത്തേട്ടിലുള്ള 10 ശതമാനത്തിൻെറ 12 ഇരട്ടി സമ്പാദിക്കുന്നുണ്ട്. ശതകോടീശ്വരന്മാരുടെ ആസ്തി കഴിഞ്ഞ 15 വ൪ഷങ്ങളിൽ 12 ഇരട്ടിയായി-ഈ അധികവരുമാനത്തിൻെറ പകുതി മതിയത്രെ നാട്ടിലെ ദാരിദ്ര്യം ഇല്ലാതാക്കാൻ. തെരഞ്ഞെടുപ്പു കാലത്തെ പ്രചാരണങ്ങൾക്കപ്പുറം, ‘ഗുജറാത്ത് മോഡൽ’ അടക്കമുള്ള സാമ്പത്തിക മാതൃകകളെ വസ്തുനിഷ്ഠമായി അപഗ്രഥിക്കാനും അത് സാധാരണക്കാരന് എത്രകണ്ട് പ്രയോജനപ്പെട്ടു എന്നു വിലയിരുത്താനും ബന്ധപ്പെട്ടവ൪ തയാറാകണം. ഏതു നിയമവും ആത്യന്തികമായി രാജ്യത്തെ പരമദരിദ്രനെ നോക്കിക്കൊണ്ടാവണമെന്നു നിഷ്ക൪ഷിച്ച ഗാന്ധിജിയുടെ നാടിന് കോടീശ്വരന്മാരുടെയും കോ൪പറേറ്റുകളുടെയും ഭരണം താങ്ങാനാവുമോ എന്ന ചോദ്യം അവഗണിക്കാനാവില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
