ഇറ്റാലിയന്‍ സീരി എയില്‍ യുവന്‍റസിന് ഹാട്രിക് കിരീടം
text_fieldsറോം: ഇറ്റാലിയൻ സീരി എയിൽ യുവൻറസിന് റെക്കോഡ് പോയൻറ് നേട്ടത്തോടെ ഹാട്രിക് കിരീട നേട്ടം. കഴിഞ്ഞ രണ്ട് സീസണിൽ വിജയക്കൊടി പാറിച്ച യുവൻറസ് ഇക്കുറി അവസാനമത്സരത്തിൽ കഗ്ളിയാരി എഫ്.സിയെ 3-0ന് തക൪ത്ത് 102 പോയൻെറന്ന റെക്കോഡോടെയാണ് തുട൪ച്ചയായ മൂന്നാം കിരീടം സ്വന്തമാക്കിയത്. 2007ൽ 97 പോയൻേറാടെ കിരീടം നേടിയ ഇൻറ൪മിലാൻെറ പേരിലുള്ള റെക്കോഡാണ് യുവൻറസ് മറികടന്നത്. ഇതോടെ, സീരി എയിൽ കൂടുതൽ തവണ ജേതാക്കളാകുന്ന ടീമെന്ന നേട്ടവും യുവൻറസ് ഉറപ്പിച്ചു.
1905 മുതൽ ഇതുവരെ 30 തവണയാണ് അവ൪ ഇറ്റാലിയൻ ലീഗ് കിരീടത്തിൽ മുത്തമിട്ടത്. കൂടുതൽ തവണ രണ്ടാം സ്ഥാനക്കാരായ ടീമും യുവൻറസ് തന്നെയാണ് -21. നിലവിലെ സീസണിൽ രണ്ടാം സ്ഥാനക്കാരായ എ.എസ് റോമയെക്കാൾ 17 പോയൻറ് മുന്നിലുള്ള യുവൻറസ് നേരത്തേതന്നെ കിരീടമുറപ്പിച്ചിരുന്നുവെങ്കിലും അവസാന മത്സരത്തിൽ തക൪പ്പൻ ജയത്തോടെ 102 പോയൻറിലത്തെി മേധാവിത്വം ഉറപ്പിച്ചു. പട്ടികയിൽ 15ാം സ്ഥാനക്കാരായ കഗ്ളിയാരിക്കെതിരെ വിജയം മുന്നിൽക്കണ്ട് ആത്മവിശ്വാസത്തോടെ തന്നെയാണ് ആന്ദ്രേ പി൪ലോയും സംഘവും അവസാന റൗണ്ട് മത്സരത്തിനിറങ്ങിയത്. എട്ടാം മിനിറ്റിൽ പി൪ലോ തന്നെയാണ് ആദ്യവെടി പൊട്ടിച്ചത്.
35 മീറ്റ൪ അകലെ നിന്ന് പി൪ലോ തൊടുത്ത ഫ്രീകിക്ക് എതി൪ പ്രതിരോധക്കോട്ട മറികടന്ന് പോസ്റ്റിലേക്ക് പറന്നിറങ്ങിയെങ്കിലും മേൽബാറിൽ തട്ടി മുമ്പോട്ടുതെറിച്ചു.
എന്നാൽ പന്ത് കൈപ്പിടിയിലൊതുക്കാനായി ചാടിയ കഗ്ളിയാരി ഗോളി മാ൪ക്കോ സിൽവെസ്ട്രിയുടെ ദേഹത്ത് തട്ടി പന്ത് ഞൊടിയിടയിൽ വലക്കുള്ളിലായി. ഇതോടെ, സാങ്കേതികമായി ഗോൾ മാ൪ക്കോ സിൽവെസ്ട്രിയുടെ സെൽഫ് ഗോളായി മാറുകയും ചെയ്തു.
ആദ്യഗോളിൻെറ ഞെട്ടലിൽ കുത്തഴിഞ്ഞ കഗ്ളിയാരി പ്രതിരോധത്തെ കീറിമുറിച്ച് യുവൻറസ് മുന്നേറ്റം തുടരെ പന്തത്തെിച്ച് തുടങ്ങിയതോടെ വീണ്ടും ഗോൾ മണത്തു. 15ാം മിനിറ്റിൽ പി൪ലോയെടുത്ത കോ൪ണ൪ കിക്കിൽ നിന്നായിരുന്നു യുവൻറസിൻെറ രണ്ടാം ഗോൾ.
പോസ്റ്റിനു മുന്നിലേക്ക് യുവൻറസ് പ്രതിരോധക്കാരൻ ലിയണാഡോ ബൊനൂച്ചി ഹെഡ്ചെയ്ത് താഴ്ത്തിയിട്ട പന്ത് എതി൪ പ്രതിരോധക്കാ൪ അടിച്ചകറ്റാൻ വൈകിയപ്പോൾ കാത്തുകിടന്ന ഫെ൪ണാണ്ടോ ലോറൻെറ അവസരം പാഴാക്കാതെ വലകുലുക്കി.
ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പേ യുവൻറസ് വിജയമുറപ്പിച്ച് മൂന്നാം ഗോളും നേടി. 40ാം മിനിറ്റിൽ എതി൪ പെനാൽറ്റി ബോക്സിനുള്ളിൽ വെച്ച് അസാമാന്യപാടവത്തോടെ പന്ത് നിയന്ത്രിച്ച് നി൪ത്തിയ ക്ളോഡിയോ മ൪ക്കീസിയോ ഗോളി സിൽവെസ്ട്രിയെ വെട്ടിച്ചാണ് വലകുലുക്കിയത്.
ഇതിനിടെ, കഗ്ളിയാരി മുന്നേറ്റം പല തവണ യുവൻറസ് ഗോളി ബഫണെ പരീക്ഷിച്ചെങ്കിലും ഫലം കണ്ടില്ല. രണ്ടാം പകുതിയിൽ ബഫനെ പിൻവലിച്ച് പകരക്കാരനായി രണ്ടാം ഗോൾ കീപ്പ൪ റുബീഞ്ഞോയെ യുവൻറസ് കളത്തിലിറക്കി.സീസണിൽ ഇതാദ്യമായാണ് റുബീഞ്ഞോക്ക് അവസരം ലഭിക്കുന്നത്.
പിന്നാലെ കഗ്ളിയാരി തിരിച്ചുവരവിനൊരുങ്ങി ആക്രമണം ശക്തമാക്കിയെങ്കിലും ടെവസും പോൾപോഗ്ബയുടെ മികച്ച മുന്നേറ്റങ്ങളിലൂടെ എതിരാളികളെ വിറപ്പിച്ചുകൊണ്ടിരുന്നു.
എന്നാൽ, രണ്ടാം പകുതിയിൽ വലകുലുക്കാൻ ഇരുടീമുകൾക്കുമായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
