തൃശൂര്‍ ഡി.സി.സിയില്‍ കലാപം
text_fieldsതൃശൂ൪: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വരാൻ രണ്ട് ദിവസം മാത്രമുള്ളപ്പോൾ ഒരുമാസം മുമ്പ് നടന്ന തെരഞ്ഞെടുപ്പ് പ്രവ൪ത്തനത്തെച്ചൊല്ലി ജില്ലാ കോൺഗ്രസിൽ കലാപം. മുൻമന്ത്രിയും കെ.പി.സി.സി നി൪വാഹക സമിതി അംഗവുമായ കെ.പി. വിശ്വനാഥനാണ് ഡി.സി.സി നേതൃത്വത്തിനും മന്ത്രി സി.എൻ. ബാലകൃഷ്ണനുമെതിരെ രംഗത്തുവന്നത്. ജില്ലയിൽ കോൺഗ്രസിൻെറ ഏറ്റവും മോശപ്പെട്ട പ്രവ൪ത്തനമാണ് ഈ തെരഞ്ഞെടുപ്പിൽ നടന്നതെന്ന് വിശ്വനാഥൻ ആരോപിച്ചു. അതേസമയം, അനാവശ്യ വിമ൪ശം ഉന്നയിച്ച വിശ്വനാഥനെതിരെ ശക്തമായ നടപടി വേണമെന്ന് ചൊവ്വാഴ്ച വൈകീട്ട് ചേ൪ന്ന ഡി.സി.സി ഭാരവാഹി യോഗം ഏകകണ്ഠമായി കെ.പി.സി.സിയോട് ആവശ്യപ്പെട്ടു.
യു.ഡി.എഫ് സ്ഥാനാ൪ഥി കെ.പി. ധനപാലനുവേണ്ടി നല്ല പ്രവ൪ത്തനം നടന്നില്ളെന്നാണ് വിശ്വനാഥൻ ആരോപിച്ചത്. ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കൾ നി൪ജീവമായിരുന്നു. ഡി.സി.സി പ്രസിഡൻറ് എന്ന നിലക്കും തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനറെന്ന നിലക്കും ഒ. അബ്ദുറഹ്മാൻകുട്ടിക്ക് നീതി പുല൪ത്താനായില്ല. തൃശൂ൪ ലോക്സഭാ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രവ൪ത്തനത്തിന് മേൽനോട്ടം വഹിച്ച മന്ത്രി സി.എൻ. ബാലകൃഷ്ണനും ആത്മാ൪ഥമായി പ്രവ൪ത്തിച്ചിട്ടില്ളെന്നും വിശ്വനാഥൻ കുറ്റപ്പെടുത്തിയിരുന്നു.
എന്നാൽ, വിശ്വനാഥൻെറ പ്രസ്താവന തങ്ങളെ അദ്ഭുതപ്പെടുത്തിയെന്ന് ഭാരവാഹി യോഗത്തിന് ശേഷം ഡി.സി.സി പ്രസിഡൻറ് ഒ. അബ്ദുറഹ്മാൻകുട്ടി മാധ്യമപ്രവ൪ത്തകരോട് പറഞ്ഞു. ഇത്തരം പ്രസ്താവനകൾ പാ൪ട്ടിയിൽ അന്ത$ഛിദ്രത്തിന് വഴിവെക്കും. വിമ൪ശം ഉന്നയിക്കാൻ ഡി.സി.സി നേതൃയോഗത്തിലും കെ.പി.സി.സി നി൪വാഹക സമിതിയിലും വിശ്വനാഥന് അവസരമുണ്ടായിരുന്നു.
ഇത്തരത്തിൽ അവാസ്തവ കാര്യങ്ങൾ ആരോപിക്കാൻ ഇനിയാരും ധൈര്യപ്പെടാത്ത തരത്തിലുള്ള നടപടിയാണ് പാ൪ട്ടി നേതൃത്വം കൈക്കൊള്ളേണ്ടതെന്ന് യോഗം ആവശ്യപ്പെട്ടതായും ഡി.സി.സി പ്രസിഡൻറ് പറഞ്ഞു.
അതിനിടെ, വിശ്വനാഥൻെറ നിലപാട് പലരെയും അദ്ഭുതപ്പെടുത്തിയിരിക്കുകയാണ്. ഡി.സി.സി നേതൃത്വവും ഐ ഗ്രൂപ്പും രണ്ട് തട്ടിലാണ് തെരഞ്ഞെടുപ്പ് കാലത്ത് പ്രവ൪ത്തിച്ചിരുന്നത്. വിശ്വനാഥൻ ഉൾപ്പെടെ എല്ലാവരും നി൪ജീവമായിരുന്നു. ദേശീയ -സംസ്ഥാന നേതാക്കൾ എത്തുമ്പോൾ മാത്രം ആളെക്കാണിക്കാനുള്ള പ്രവ൪ത്തനമാണ് പല നേതാക്കളും നടത്തിയതെന്ന് ആക്ഷേപമുയ൪ന്നിരുന്നു. തെരഞ്ഞെടുപ്പിന് മുമ്പ് ഡി.സി.സി പ്രസിഡൻറ് നടത്തിയ ജനപക്ഷയാത്രയോടും നേതാക്കൾക്ക് നിസ്സംഗ മനോഭാവമായിരുന്നു. സ്ഥാനാ൪ഥി നി൪ണയത്തിന് മുമ്പ് പാ൪ട്ടിയിൽ പൊട്ടിത്തെറി ഉണ്ടായെങ്കിലും അച്ചടക്കത്തിൻെറ പേരിൽ പിന്നീട് അധികമാരും പരസ്യ വിമ൪ശത്തിന് തയാറായില്ല. കാര്യമായ പ്രവ൪ത്തനത്തിന് ഇറങ്ങിയതുമില്ല.
എന്നാൽ, പ്രസ്താവനകൾക്ക് വിലക്ക് വരുന്നതിന് മുമ്പുള്ള ഘട്ടത്തിൽപോലും വിമ൪ശത്തിന് തയാറാവാതിരുന്ന വിശ്വനാഥൻ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് തൊട്ടുമുമ്പ് രംഗത്തിറങ്ങിയത് ആ൪ക്കു വേണ്ടിയാണെന്നത് ദുരൂഹമാണ്.
കോൺഗ്രസിൽ വിശ്വനാഥൻ ഇപ്പോൾ ഏത് ഗ്രൂപ്പിൻെറ ഭാഗമാണെന്ന് വ്യക്തവുമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
