മലപ്പുറം, പൊന്നാനി: പോളിങ് കുറഞ്ഞതില്‍ അങ്കലാപ്പ്
text_fieldsമലപ്പുറം: മുസ്ലിം ലീഗ് സ്ഥാനാ൪ഥികൾ മത്സരിക്കുന്ന മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിൽ പോളിങ്ങിലെ കുറവ് കാര്യമായി ബാധിക്കുക യു.ഡി.എഫിനെ. മഞ്ചേരിയിൽ ടി.കെ. ഹംസ അട്ടിമറി വിജയം നേടിയ 2004ലെ പോളിങ് ശതമാനത്തിലും കുറവാണ് ഇക്കുറി മലപ്പുറം മണ്ഡലത്തിലേത്- 71.27. മുസ്ലിം ലീഗ് നേതാവ് കെ.പി.എ. മജീദ് തോൽവിയറിഞ്ഞ 2004ൽ 71.89 ശതമാനമായിരുന്നു പോളിങ്. മലപ്പുറത്ത് മൊത്തം 5.4 ശതമാനമാണ് പോളിങ്ങിലെ കുറവ്. പൊന്നാനിയിൽ 3.29 ശതമാനവും. അവസാന കണക്കനുസരിച്ച് പൊന്നാനിയിലെ പോളിങ് ശതമാനം 73.83 ആണ്. മുസ്ലിം ലീഗിൻെറ ശക്തികേന്ദ്രങ്ങളായ തിരൂ൪, തിരൂരങ്ങാടി, കോട്ടക്കൽ മണ്ഡലങ്ങളിലാണ് ഏറെ കുറവുണ്ടായത്.യഥാക്രമം 6.01, 3.21, 4.25 ശതമാനം. ഇടതിന് സാമാന്യം ശക്തിയുള്ള പൊന്നാനി, തവനൂ൪ മണ്ഡലങ്ങളിലെ പോളിങ് കുറവ് യഥാക്രമം 2.85, 2.10 ശതമാനം എന്നിങ്ങനെയുമാണ്. മറ്റൊരു ഇടതു കേന്ദ്രമായ തൃത്താലയിൽ ഒരു ശതമാനം വ൪ധിച്ചു. പോളിങ്ങിലെ കുറവ് കടുത്ത മത്സരം നടക്കുന്ന പൊന്നാനിയിൽ യു.ഡി.എഫിന് വിനയാകുമോ എന്ന ആശങ്കയിലാണ് പ്രവ൪ത്തക൪. എന്നാൽ, മുസ്ലിം ലീഗിൻെറ മുഴുവൻ വോട്ടുകളും പോൾ ചെയ്യിച്ചിട്ടുണ്ടെന്നാണ് ലീഗ് നേതാക്കൾ പറയുന്നത്. ഇടതുവോട്ടുകൾ പൂ൪ണമായി പോൾ ചെയ്തതായും യു.ഡി.എഫ് വോട്ടുകളിൽ കാര്യമായ ചോ൪ച്ച പ്രതീക്ഷിക്കുന്നതായും ഇടതു പ്രവ൪ത്തക൪ വിലയിരുത്തുന്നു. മലപ്പുറം മണ്ഡലത്തിലും പോളിങ്ങിലെ കാര്യമായ കുറവനുഭവപ്പെട്ടത് മുസ്ലിംലീഗ് ശക്തികേന്ദ്രങ്ങളായ മണ്ഡലങ്ങളിലാണ്. കൊണ്ടോട്ടി, മഞ്ചേരി, മലപ്പുറം, വേങ്ങര മണ്ഡലങ്ങളിൽ യഥാക്രമം 5.93, 3.87, 4.71, 7.75 ശതമാനമാണ് കുറഞ്ഞിരിക്കുന്നത്. വേങ്ങര മണ്ഡലത്തിൻെറ കുറവിൻെറ അടിസ്ഥാന കാരണം വ്യക്തമല്ല. ഇവിടെ പല പഞ്ചായത്തുകളിലും ലീഗ്- കോൺഗ്രസ് ഐക്യക്കുറവ് നിലനിന്നിരുന്നു.
പുരുഷവോട്ട൪മാരെക്കാൾ, മലപ്പുറം മണ്ഡലത്തിൽ 2344ഉം പൊന്നാനിയിൽ 32799ഉം സ്ത്രീ വോട്ട൪മാ൪ അധികമുണ്ട്. പൊന്നാനിയിൽ പോൾ ചെയ്ത വോട്ടുകളിൽ പുരുഷന്മാരെക്കാൾ 61,377സ്ത്രീ വോട്ടുകൾ അധികമാണ്. ഇവിടെ 1.68 ലക്ഷം പുരുഷവോട്ടുകളും 1.40 ലക്ഷം സ്ത്രീ വോട്ടുകളും പോൾ ചെയ്തില്ല. മലപ്പുറത്ത് 1.62 ലക്ഷം സ്ത്രീ വോട്ടുകളും 1.81 ലക്ഷം പുരുഷ വോട്ടുകളും പോൾ ചെയ്തില്ല.
2004ലെ തെരഞ്ഞെടുപ്പിൽ പൊന്നാനിയിൽ 66.16 ശതമാനം പുരുഷ വോട്ടുകളും 58.72 ശതമാനം സ്ത്രീ വോട്ടുകളുമാണ് പോൾ ചെയ്തത്. 2009ൽ പോൾ ചെയ്ത സ്ത്രീ വോട്ടുകളിൽ വൻ വ൪ധനവുണ്ടായി. അന്ന് 79.28 ശതമാനം സ്ത്രീകളും 74.74 പുരുഷന്മാരുമാണ് വോട്ട് ചെയ്തത്. സ്ത്രീ വോട്ടുകൾ വ൪ധിച്ച വ൪ഷം യു.ഡി.എഫിൻെറ ഭൂരിപക്ഷം 82,684 ആയി കുറഞ്ഞു. 2004ൽ മുസ്ലിം ലീഗ് ഭൂരിപക്ഷം 1.02 ലക്ഷമായിരുന്നു. ഇരുമണ്ഡലങ്ങളിലും അടിയൊഴുക്കുകളുണ്ടായ തെരഞ്ഞെടുപ്പിൽ പോളിങ്ങിലെ കുറവ് ആരെ തുണക്കുമെന്ന ആശങ്ക ഇരുമുന്നണികൾക്കുമുണ്ട്. കോൺഗ്രസ് വോട്ടുകൾ ഇരു മണ്ഡലത്തിലും കാര്യമായി ചോ൪ന്നിട്ടുണ്ടെന്നാണ് സൂചന. മലപ്പുറം മണ്ഡലത്തിൽ ലീഗ് വോട്ടുകളും ചോ൪ന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.