ഇറാഖി ഇരട്ടകളുടെ ശസ്ത്രക്രിയ വിജയകരം
text_fieldsറിയാദ്: സൗദി തലസ്ഥാനത്തെ നാഷനൽ ഗാ൪ഡ് ആസ്ഥാനത്തുള്ള കിങ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിൽ വ്യാഴാഴ്ച നടന്ന വിജയകരമായി ശസ്ത്രക്രിയയിലൂടെ ഇറാഖി സയാമീസുകളായ ക്രിസും ക്രിസ്ത്യനും ജീവിതത്തിലേക്ക് വേ൪പിരിഞ്ഞു. 32 ാമത് സയാമീസ് വേ൪പെടുത്തലും വിജയകരമായി പര്യവസാനിച്ച സാഹചര്യത്തിൽ ശസ്ത്രക്രിയക്ക് നേതൃത്വം വഹിച്ച സൗദി ആരോഗ്യമന്ത്രി ഡോ. അബ്ദുല്ല അൽറബീഅ അബ്ദുല്ല രാജാവിന് പ്രത്യേകം നന്ദി അറിയിച്ചു. അബ്ദുല്ല രാജാവിൻെറ നി൪ദേശപ്രകാരമാണ് ഇറാഖി ഇരട്ടകളെ റിയാദിൽ വെച്ച് വേ൪പ്പെടുത്താൻ തീരുമാനിച്ചത്.
23 പേരടങ്ങുന്ന വൈദ്യസംഘമാണ് ആറു ഘട്ടങ്ങളിലൂടെ കടന്നുപോയ ഏഴു മണിക്കൂ൪ നീണ്ട സങ്കീ൪ണ ശസ്ത്രക്രിയ നി൪വഹിച്ചത്. ആദ്യഘട്ടത്തിൽ അനസ്തേഷ്യയും രണ്ടാം ഘട്ടത്തിൽ അണുനശീകരണവും മുന്നൊരുക്കങ്ങളും നടന്നു. മൂന്നാം ഘട്ടം മുതലാണ് ക്രിസിൻെറയും ക്രിസ്ത്യൻെറയും ഒട്ടിപ്പിടിച്ച നെഞ്ചിൻെറ കീഴ്ഭാഗം മുതൽ വേ൪പെടുത്താൻ ആരംഭിച്ചത്. നാലാം ഘട്ടത്തിൽ കരൾ ഉൾപ്പെടെ ഇരട്ടകൾ പങ്കുവെച്ചിരുന്ന ആന്തരികാവയവങ്ങൾ വേ൪പെടുത്തി. അഞ്ചാം ഘട്ടത്തോടെ പിറന്നത് മുതൽ ഒട്ടിപ്പിടിച്ച് കിടന്ന ക്രിസും ക്രിസ്ത്യനും രണ്ടു കട്ടിലുകളിലും വേറിട്ട വൈദ്യസംഘത്തിൻെറ കീഴിലുമായി. മുറിവുകൾ തുന്നിച്ചേ൪ത്ത് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയ ആറാം ഘട്ടത്തോടെ വൈദ്യസംഘത്തിന് നേതൃത്വം നൽകിയ ഡോ. റബീഅ സയാമീസ് വേ൪പെടുത്തൽ ജൈത്രയാത്രയിലെ സൗദി ചരിത്രം ആവ൪ത്തിച്ച് 32ാം ശസ്ത്രക്രിയയും വിജയകരമായി അവസാനിച്ചതായി ഔദ്യാഗികമായി പ്രഖ്യാപിച്ചു.
1990 മുതൽ ആരംഭിച്ച് ലോകത്തിൻെറ വിവിധ ഭാഗങ്ങളിൽ നിന്ന് 31 ഇരട്ടകളെ മുമ്പ് വേ൪പ്പെടുത്തിയ കിങ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിൽ ഇതുവരെ നടത്തിയ ശസ്ത്രക്രിയയിൽ 80 ശതമാനവും വിജയത്തിലെത്തിയതായും ഡോ. റബീഅ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
